Post Page Advertisement [Top]

...

വേലി




തു വേലിയും എളുപ്പം പൊളിക്കാം
കെട്ടലാണ് കഷ്ടം.

മുള്ളു വെട്ടുമ്പോഴെ മുറിയും
മുളയിലെ ബന്ധങ്ങള്‍ .
തറി നാട്ടിയാല്‍ പൊടിക്കും 
തലനാരിഴ പ്രശ്നങ്ങള്‍ .
എത്ര കെട്ടിയാലും കാണും 
എന്തെങ്കിലും ചില പഴുതുകള്‍ .
ഉപ്പൊ മുളകൊ വായ്പ്പ വാങ്ങാം..
ആടോ പശുവോ വേലി ചാടാം..

തുമ്പികളിരിക്കുന്നു ചില കമ്പുതെല്ലുകളില്‍ .    
പുഞ്ചിരി വിരിയുന്നു ചില  കൊമ്പുചില്ലകളില്‍ .
പ്രണയം പൂക്കുന്നിടത്തൊക്കെ
പുകഴ്ത്തിക്കെട്ടലുകള്‍ .
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍ .
വിളഞ്ഞവര്‍ക്കിടയിലെന്നും വളച്ചു കെട്ടലുകള്‍ .
വിളവ് തിന്നു മുടിക്കുന്നവര്‍ക്കിടയില്‍
മുനവച്ചും മുള്ളുവച്ചും ചില മതില്‍ വേലികള്‍ .

മതിലുകള്‍ എളുപ്പം കെട്ടാം,
അത്, പൊളിക്കലാണ് കഷ്ടം.

കൊടികളും ചിഹ്നങ്ങളും കുടിവച്ചിരിക്കും 
മനുഷ്യരും മതങ്ങളും അതിരിട്ടിരിക്കും
വഴിതെറ്റി വന്നവരെ വലവിരിച്ച് പിടിക്കും. 
വഴിമാറിപ്പോയവരെ കെണിവച്ചു കുടുക്കും.
മഹത്വവല്‍ക്കരിക്കപ്പെട്ട ബഹുനിലകളില്‍
പ്രലോഭനങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കെട്ടാനും പൊളിക്കാനും പറ്റാത്ത
മഹാത്ഭുതങ്ങളുടെ ഉയരത്തില്‍
വളര്‍ന്നു നില്‍ക്കുന്നു ചില വന്‍മതിലുകള്‍ .
പേരിനൊരു വേലിയുണ്ടാകുമെങ്കിലും
നേര്‍വഴി മാത്രം നയിക്കുന്നവര്‍

മാവേലി നാടൊഴിഞ്ഞു പോയപ്പോള്‍ 
വാമനനെപ്പോലെ ചില വയ്യാവേലികള്‍ 
വേലിയേറ്റങ്ങളില്‍ വാണരുളുന്നു..
വേലിയിറക്കങ്ങളില്‍ വീണുരുളുന്നു..







c
  1. നന്നായിട്ടുണ്ട് ..:)

    ReplyDelete
  2. ആകെ മൊത്തം വയ്യാ വേലി ആയല്ലേ..വേലികള്‍ പൊളിച്ചു തന്നെയാകണം ...

    ReplyDelete
  3. അയല്‍പക്ക അടുപ്പങ്ങള്‍ മുതല്‍ അകലമിടുന്ന തന്നിഷ്ടങ്ങളില്‍ വരെ വേലിക്കെട്ടുകളുടെ നീറ്റുന്ന മുറിവുകള്‍ .ബന്ധങ്ങള്‍ക്ക് മതിലുകള്‍ പണിത് ബന്ധനങ്ങള്‍ പണിയുന്ന ഇന്നിന്റെ നേര്‍മുഖം (ദുര്‍മുഖം?)വശ്യതയോടെ വരച്ചിട്ട വരികളില്‍ മാനുഷിക ബന്ധങ്ങള്‍ ഇഴചേരേണ്ട സദ്വിചാരത്തിന്റെ ഹൃദ്സ്പന്ദങ്ങള്‍ !അവസാന നാലു വരികളിള്‍ 'വേലിയേറ്റ -വേലിയിറക്ക'വാമന വയ്യാവേലികളും'വേലി'കള്‍ പണിയുന്ന ബിംബകല്പന മനോഹരം!
    അഭിനന്ദനങ്ങള്‍ ,പ്രിയപ്പെട്ട സുഹൃത്തേ.

    ReplyDelete
  4. "ഏതു വേലിയും എളുപ്പം പൊളിക്കാം"
    "വേലിയ്ക്കകത്ത്‌" ആണെങ്കിൽ പൊളിയ്ക്കാൻ പാടുപെടും. .... മാമന്റെ കാര്യം തന്നെ.

    ReplyDelete
  5. വേലി എളുപ്പം പൊളിക്കാന്‍ കഴിയുമ്പോള്‍ എളുപ്പത്തില്‍ പണിയാന്‍ കഴിയുന്നത് മതിലുകളും.
    വെലികളിലൂടെയുള്ള വേര്‍തിരിക്കല്‍ ഇഷ്ടായി.

    ReplyDelete
  6. വേലിയും മതിലും കെട്ടി ഒരേ നാട്ടില്‍ നമ്മള്‍ പല നാട്ടുകാരായി. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  7. വേലികള്‍ ഇല്ലാത്ത ലോകമാണല്ലോ നമ്മുടെ സ്വപ്നം. കവിത ഇഷ്ട്ടമായി മാഷെ.

    ReplyDelete
  8. മുള്ളു വെട്ടുമ്പോഴെ മുറിയും
    മുളയിലെ ബന്ധങ്ങള്‍ .
    തറി നാട്ടിയാല്‍ പൊടിക്കും
    തലനാരിഴ പ്രശ്നങ്ങള്‍ .

    നല്ല വരികള്‍. , ലളിതമായ വരികളിലൂടെ നല്ലൊരു ആശയം അവതരിപ്പിച്ച ഈ കവിതയ്ക്ക് അഭിനന്ദനങ്ങള്‍ !

    ReplyDelete
  9. പ്രണയം പൂക്കുന്നിടത്തൊക്കെ
    പുകഴ്ത്തിക്കെട്ടലുകള്‍ .
    പുകയുന്നവര്‍ക്കിടയില്‍ ചില
    താഴ്ത്തിക്കെട്ടലുകള്‍ !!!!

    ReplyDelete
  10. വേലികൾ പൊളിക്കാം - കെട്ടാൻ പ്രയാസമാണ്
    മതിലുകൾ കെട്ടാം - പൊളിക്കാൻ പ്രയാസമാണ്.

    നല്ല നിരീക്ഷണം ., നല്ല കവിതയായി.

    ReplyDelete
  11. മതിലുകൾ എളുപ്പം കെട്ടാം. പോളിക്കലാണു പ്രയാസം.
    കവിത നന്ന്

    ReplyDelete
  12. വേലിയിലും മതിലിലും ഒളിച്ചിരിക്കുന്ന വേദാന്തം നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു. അസ്സലായി കവിത, മതിലേൽ കിളിർത്തത്.വേലിയിൽ പടർന്നത്.

    ReplyDelete
  13. ഈയിടെ വായിച്ച കവിതകളില്‍ മികച്ച ഒരെണ്ണം !!

    മാവേലി നാടൊഴിഞ്ഞു പോയപ്പോള്‍
    വാമനനെപ്പോലെ ചില വയ്യാവേലികള്‍
    വേലിയേറ്റങ്ങളില്‍ വാണരുളുന്നു..
    വേലിയിറക്കങ്ങളില്‍ വീണുരുളുന്നു....

    തികച്ചും അന്വര്‍ത്ഥമായ വരികള്‍ ...

    ReplyDelete
  14. >>>ഏതു വേലിയും എളുപ്പം പൊളിക്കാം
    കെട്ടലാണ് കഷ്ടം<<< സത്യം
    നല്ല കവിത

    ReplyDelete

  15. “വേലികൾ...മുള്ളുകൾ തീർത്ത വേദനകൾ...മനസ്സുകളിലേറ്റ ഉണങ്ങാത്ത മുറിവുകൾ...ഒട്ടേറെ വ്യാഖ്യാന സധ്യതകളുള്ള കവിത..”
    ഇക്കാ... കവിത വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  16. വളരെ എളുപ്പത്തില്‍ സംവേദിക്കപ്പെടുന്ന വരികള്‍.
    ഇഷ്ടപ്പെട്ടു മുഹമ്മദ്‌ ഭായ്.
    ആശംസകള്‍

    ReplyDelete
  17. വേലികളും മതിലുകളും അതിരിടുന്ന പ്രശ്നങ്ങള്‍. വേലികള്‍ക്കും മതിലുകള്‍ക്കും തടുക്കാനാവാത്ത പ്രശ്നങ്ങള്‍. നല്ല കവിത.

    ReplyDelete
  18. മതിലുകള്‍ മാനംമുട്ടെ ഉയര്‍ന്ന്‌ മനസ്സുകള്‍ക്ക്‌ മറ തീര്‍ക്കുകയും വേലികള്‍തന്നെ വിളവ്‌തിന്നുകയും ചെയ്യുന്ന ആസുരകാലമാണിത്.
    വേലിയേയും മതിലിനേയും പ്രതീകവത്ക്കരിച്ച് മനുഷ്യത്വത്തിന്റെ മഹിത സന്ദേശങ്ങള്‍ കവിതയില്‍ മനോഹരമായി സന്നിവേശിപ്പിച്ച രീതി അതീവഹൃദ്യം.

    കവിതയിലെ ഈ കയ്യടക്കത്തിന്‌ അനുമോദനങ്ങള്‍.

    ReplyDelete
  19. മാഷേ , കവിത അസ്സലായിരിക്കുന്നു .
    അസ്സലായിരിക്കുന്നെന്നെ പരയാങ്കഴിയൂ ..കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കറിയില്ല .
    സെപ്തംബര്‍ 23 ദേശാഭിമാനി വാരികയില്‍ ഈ കവിത പരാമര്‍ശിക്കപ്പെടുന്നുണ്ട് .

    ReplyDelete
  20. മതിലുകള്‍ എളുപ്പം കെട്ടാം,
    അത്, പൊളിക്കലാണ് കഷ്ടം.
    അര്‍ത്ഥവത്തായ വരികള്‍ ......

    ReplyDelete
  21. വേലിയും, മതിലും - പൊളിക്കലും, കെട്ടലും..... അതിന്റെ ഉള്ളുകള്ളികള്‍....
    ആന്തരാര്‍ത്ഥങ്ങള്.... നന്നായിരിക്കുന്നു, സര്‍.
    http://drpmalankot0.blogspot.com

    ReplyDelete