Post Page Advertisement [Top]

2-no

തി രക്കുണ്ടെന്നൊന്നും അവള്‍ പറഞ്ഞില്ല.പക്ഷെ  വല്യേട്ടന്  ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. "പോയി അമ്മയോട്  പറ, കുറച്ചുകൂടി അവിടെ...

..

മരത്തില്‍ വായിക്കുമ്പോള്‍
മനസ്സില്‍ നന്മ
പൂക്കളെ പഠിക്കുമ്പോള്‍
പുതിയൊരുണ്മ
മണ്ണില്‍ തിരഞ്ഞാലോ
മറുജന്മ മുഖം
മാനത്തു തേടുമ്പോള്‍
മഹാമൌന സുഖം.

മുള നുള്ളിക്കളഞ്ഞാലും
മുളപൊട്ടി വിരിയുന്നു
ശകുന സങ്കല്‍പ്പങ്ങളില്‍
ശവംനാറിപ്പൂക്കള്‍
തലയരിഞ്ഞെടുത്താലും
തളിര്‍ചൂടി നില്‍ക്കുന്നു
സഹന സങ്കടങ്ങളില്‍
ദുരിതപ്പൂമരങ്ങള്‍
കല്ലുമഴ,കണ്ണേറുകള്‍
ഇടനെഞ്ചിലിടിനാദം
കായുതിര്‍ന്ന ചില്ലകളില്‍
കാണാക്കിളിക്കൊഞ്ചലുകള്‍ 

പൂര്‍വ്വ സ്മൃതിയുണരുമ്പോള്‍
പൂവിടുന്നു ശോകം
വേദനകള്‍ വേരോടുമ്പോള്‍
കാതലിനു ഭാരം
ഇനിയുള്ള വഴിദൂരം
ഇലകള്‍ വീണു മായുമ്പോള്‍
ഊറിയൂറിച്ചിരിക്കുന്നു
ഉച്ചിയിലൊരു സൂര്യന്‍ .
..

ഴ വന്നും  പോയും  ഇരുന്നു.

ചിലപ്പോള്‍   കുന്നോളം  കാണാന്‍  പാകത്തില്‍. കാറ്റിനൊപ്പം  മരങ്ങളില്‍   ആടിത്തിമര്‍ത്തു.

 ഉമ്മറത്തിണ്ണയിലിരുന്നു അതു  കാണുമ്പോള്‍ പലകുറി  പാത്തുട്ടിയുടെ    ഉള്ളു   പിടഞ്ഞു. പൈക്കളെ  ആട്ടിത്തെളിച്ച്  വരാറുള്ള ഉമ്മയുടെ ഓര്‍മ്മകളില്‍  പലകുറി  നനഞ്ഞു.  തട്ടം   പറത്തി  മുഖം ‌ തുടച്ചു  കരയണ്ടാ..കരയണ്ടാ എന്ന  മട്ടില്‍ തൊട്ടു   തലോടി  കാറ്റും   കാറും   പോകുന്നതു കണ്ണുനട്ടിരുന്നു.

 ഇടയ്ക്കിടെ  മുറ്റത്തെത്തുന്ന  ഇറവെള്ളം വര്‍ഷ പരിചയം   പുതുക്കി.  കയ്യിലിരുന്ന  നോട്ടീസുകള്‍ കൊണ്ടു കടലാസ്സു തോണികള്‍ ഉണ്ടാക്കി എറിഞ്ഞു കളഞ്ഞു കളിച്ചു,  മനസ്സ്.

  എങ്ങിനെയൊക്കെ  ഇരുന്നിട്ടും  പാത്തുട്ടിക്ക് ഒരു  ഇരിക്കപ്പൊറുതിയില്ല.

പുറത്തിറങ്ങണമെങ്കില്‍  മഴയൊന്നു തോരണം. പിന്നെ പാടം നീന്തിക്കടക്കണം.എന്തിനാണാവോ ഇത്ര ദൂരെ ഒരു  പോളിംഗ് ബൂത്തു കൊണ്ടു പോയി വച്ചത്?

അതുവരെ ഒന്നു  എത്തിപ്പെടണമെങ്കില്‍ ചില്ലറയൊന്നുമല്ല പാട്.
നേരെ ചിരിയുമ്മറത്തുള്ളവര്‍ക്കെല്ലാം രണ്ടടി  മാത്രം  വച്ചാല്‍ മതി. അത്ര അടുത്താണ്കിട്ടിയത്.  ഇത് വല്ലാത്തൊരു  മറിമായം  തന്നെ!

"പാത്ത്വാത്താ ..മറക്കല്ലേ ട്ടോന്നും"

പാവം  ആ കാര്‍ത്ത്യായനി  ഇന്നലെയും  വന്നു പറഞ്ഞു പോയി.

അത് ഒരോര്‍മ്മപ്പെടുത്തലായിരുന്നു.  

താത്താ  ഇതു നമ്മടെ  പാര്‍ട്ടിയാണെന്നും    ഈ വോട്ട്  ആ പാര്‍ട്ടിക്കു  തന്നെ   കുത്തണമെന്നും   പറഞ്ഞു ; പിന്നെയും  വന്നു പലരും.

ഏതോ  ഒരു  ദേവയാനി.

കണ്ടുപരിചയം    ഒക്കെയുണ്ട്. 

അവള്‍ക്കു കുത്തിയാല്‍ നാട് ഇതിലും നന്നാവുമത്രേ! പിന്നെ വന്നത് കാപ്പാട്ടെ സുഹറ.

വല്ല കല്യാണ വീട്ടിലും ചെന്നാലാണ് ഓളെ ഒന്ന് കാണാന്‍ കിട്ടുന്നതു തന്നെ.
കുറ്റം പറയാന്‍ പാടില്ലല്ലോ.

ഓള്‍ടെ വീട്ടുകാരും കുടുംബക്കാരുമെല്ലാം വലിയ സഹായങ്ങള്‍ ചെയ്തു തരുന്നുണ്ട്.  എല്ലാ പെരുന്നാളിനും ഉടുക്കാനുള്ളതടക്കം ഇവിടെ എത്തിക്കും .  അവള്‍   ജയിച്ചാല്‍  പുതിയൊരു വീടുണ്ടാക്കാന്‍ ലോണ്‍ ശരിയാക്കാമെന്നു ഒരുറപ്പും തന്നിട്ടാണ് പോയിരിക്കുന്നത്.

മഴക്കൊരു തോര്‍ച്ച കിട്ടണം.  എന്തൊക്കെയായാലും  കാര്‍ത്യായനിക്കു  കുത്തിക്കൊടുക്കണം   ഒരോട്ട്.

ഒന്നുമില്ലെങ്കിലും അവള്‍  തന്‍റെ  കൂട്ടത്തില്‍   പണിയെടുക്കുന്ന കുട്ടി .  എന്തെങ്കിലും  ഒരാവശ്യം വന്നാല്‍ ഓടിച്ചെന്നു വിളിക്കാനും  പറ്റും . നേരവും കാലവും ഒന്നും നോക്കില്ല. ഒരു കൈസഹായത്തിനു കൂടെത്തന്നെ കാണും .
ഉമ്മ കിടപ്പിലായിപ്പോയ  കാലത്തും ഓള്‍ വന്നു സഹായിച്ചതിനു കയ്യും കണക്കുമില്ല. 
കുടുംബശ്രീയില്‍ പേരു ചേര്‍ത്തതും, കക്കൂസിനുള്ള അപേക്ഷ കൊണ്ടു കൊടുത്തതും ഒന്നും  ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല. കൂലിപ്പണിയായാലും അതൊരു കിട്ടലായിരുന്നു.  ഒന്നും മറക്കാന്‍  പറ്റില്ല. 

ജീപ്പും  ഓട്ടോയും  ഒക്കെ  തലങ്ങും  വിലങ്ങും ഓടുന്നുണ്ട്.  ഇടക്കിടക്കുള്ള   മഴയൊഴിച്ചലില്‍ പടിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു.  മഴക്കിടയില്‍  ഒന്നു  രണ്ടു  കുറി  ആരൊക്കെയോ  പേരു വിളിക്കുന്നതും കേട്ടു.

അയല്‍ക്കാരെല്ലാം  എപ്പോഴോ  പോയിട്ടുണ്ടാകും.  പറഞ്ഞിട്ടെന്താ കാര്യം ?  ഒന്നു   പുറത്തിറങ്ങാന്‍ സമ്മതിക്കണ്ടേ ഈ കാല്.
                              
മഴയുടെ   ഈ   മൂടിപ്പിടിത്തത്തിനൊപ്പം  കൂടെ  കൂടിയതാണ്.  ഇടത്തെ  മുട്ടില്‍  നീരും  വേദനയും. കുഴമ്പു  തേച്ചും ചൂടു  പിടിപ്പിച്ചും  ഒന്നു  രണ്ടു ദിവസമായി ഈ  കുത്തിയിരിപ്പു തന്നെ. അതൊന്നുമല്ല  കുന്തം!  ഈ  വണ്ടിപ്പുക  തട്ടിയാല്‍ മതി. ഓക്കാനവും പിന്നെ ചര്‍ദ്ദിയുംവരും.  പറഞ്ഞിട്ടു കാര്യമില്ല. പണ്ടു പണ്ട് ഉമ്മ  പെറ്റിട്ടപ്പം ഒപ്പം  കൂടി  ഈ സുഖക്കേടും .

പക്ഷെ  ഇങ്ങിനെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ കാര്യങ്ങള്‍  ഒന്നും  നടക്കില്ലല്ലോ.  വയ്യ   വയ്യാന്നു വിചാരിച്ചു  കൊണ്ടിരുന്നാല്‍  ആരും  ഒന്നും വായിലേക്കു  വച്ചു  തരാനും  പോകുന്നില്ല.

കുത്തിച്ചാടിയാണെങ്കിലും നാളെ മുതല്‍  പണിക്കു പോകേണ്ടതാണ്. പിന്നെ ഇന്നു  ഒന്നു രണ്ടു  മണിക്കൂര്‍ ഒന്നു നടന്നു പോയെന്നു കരുതി കാലു തേഞ്ഞു പോവുകയൊന്നുമില്ല.

പണിക്കിടാറുള്ള   ഒരു  മഴക്കുപ്പായം  അകത്തു കിടക്കുന്നുണ്ട്.  രണ്ടു  മൂന്നു  വോട്ടുള്ളത് എന്തിനു വെറുതെ  കളയണം ? മഴയെങ്കില്‍ മഴ. വെയിലെങ്കില്‍ വെയില്‍. അല്ലെങ്കിലും ഈ മഴയും വെയിലും ഇന്നും ഇന്നലേയുമൊന്നും കൊള്ളാന്‍ തുടങ്ങിയതല്ല.

പാത്തുട്ടി  അടുക്കളയില്‍  കയറി ഇത്തിരി പഴഞ്ചോറുള്ളതു  വാരിത്തിന്നു.                                         
അലക്കിത്തേച്ച  കുപ്പായത്തിനുള്ളില്‍  നിന്നു കൊണ്ട്  പൊട്ടിയ  കണ്ണാടിയില്‍  നോക്കിയപ്പോള്‍ പാത്തുട്ടിക്കു  പതിവുള്ള പഴയ ചിരി വന്നു . 
വീട് പേരിനൊന്നു പൂട്ടിയെന്നു വരുത്തി.
പിന്നെ, മഴയെ തോല്‍പ്പിക്കാനൊന്നും അല്ലെന്നു മനസ്സില്‍ പറഞ്ഞു  മെല്ലെ മെല്ലെ പണിക്കുപ്പായത്തില്‍ കയറിപ്പറ്റി.

ഉപ്പിണിപ്പാടം അടുത്ത കാലത്തൊന്നും ഇങ്ങിനെ നിറഞ്ഞു  കിടക്കുന്നത്  കണ്ടിട്ടില്ല.  തോട്ടിലൂടെ കലങ്ങിയോഴുകി വരുന്നുണ്ട്  തെക്ക്   പെയ്ത മലവെള്ളം മുഴുവന്‍. പൊളിഞ്ഞ പാലം മുക്കാലും  അതില്‍ മുങ്ങിക്കിടക്കുന്നു. പാടത്ത് പേരിനുള്ളതു പോലെയാണ്  വരമ്പിന്‍റെ   വരികള്‍.  അതിന്‍റെ നടുക്കും തലക്കുമുള്ള പൊത്തുകളിലെല്ലാം ഉള്ളത്  പാമ്പും  ചേമ്പും  മാത്രം.

വെറും  വയറ്റില്‍  കിടക്കുന്ന    പാടത്തിന്‍റെ നടുക്കെത്തിയപ്പോള്‍  മാത്രം പഴയ  പതിനേഴുകള്‍  സ്വപ്നം കണ്ടു  ഒന്നു  കലങ്ങിയൊലിച്ചു.

ആകാശം  മുഖക്കറുപ്പില്‍  നിന്നതു   കണ്ടു പിടിച്ചിരിക്കണം, പകലിനെ നാണം കേടുത്തിയ ഒരു മിന്നല്‍  കൊണ്ട്  അതു  പാത്തുട്ടിയെ  പരീക്ഷിച്ചു. പാത്തുട്ടി  അപ്പോഴും പുല്ലാണെന്ന മട്ടില്‍ ചിരിച്ചു.

ഒടുവില്‍   കുറുക്കന്‍റെ   കല്യാണത്തിനെന്ന പോലെ  ഇടയ്ക്കു  വന്ന  ഒരു  വെയില്‍ക്കുടയില്‍ കയറി നിന്നു.

വരമ്പിനപ്പുറം,  നിറഞ്ഞ   തോടും   വെള്ളം കയറിയ കല്ലിട്ട  വഴിയും കടന്നു പോളിംഗ് ബൂത്ത് പാത്തുട്ടിയുടെ   അടുത്തേക്ക്  അരിച്ചരിച്ചും മെല്ലെ കിതച്ചും  വന്നു കൊണ്ടിരുന്നു.




..



എവിടേക്ക് ..എന്തിന്..
എന്നൊന്നും ചോദിക്കരുത്.
യാത്രയുടെ പകുതിയില്‍ വച്ച്
അതിനൊരുത്തരം
അപ്രസക്തം.

എങ്ങോട്ടു വേണമെങ്കിലും
പറക്കാന്‍ കഴിയുന്ന
ചിറകുള്ളപ്പോള്‍
പല്ലി ചുമരില്‍ ചിലച്ച്
എങ്ങോട്ടെങ്കിലും
വഴി കാണിക്കുമെന്ന്
പ്രതീക്ഷിക്കരുത്.

ചരട് പൊട്ടിയില്ലെങ്കിലും
താഴെ ഭൂമിയും
നദിയും കടലും ഒക്കെ
കാത്ത് കിടക്കുമ്പോള്‍ ,
ഇതിലും നല്ല സ്വപ്നം കാണാന്‍
പ്രകാശത്തിന്റെ വേഗം 
തന്നെ വേണം .
..
വേനലവധി കഴിഞ്ഞെത്തിയ
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്‍

ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്‍ക്കിനാവില്‍
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ്‌ വാതോരാതെ..

വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.

കടല്‍ക്കാക്കയേപ്പോല്‍ കരയും 
(വിരഹക്കടലില്‍ കുളിച്ചവന്‍ )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്‌ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍  ചിലപ്പോള്‍ 
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.

ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.

വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ 
വെളുത്ത പനിനീര്‍ പൂവിന്‍റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്‍റെ
ഓര്‍മയിലേക്ക്
മൌനത്തിന്‍ റീത്തായ്
സമര്‍പ്പിക്കും.
..
ഞ്ഞടങ്ങും വരെയെങ്കിലും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
ജീവിതം നാലുവരിയില്‍ 
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ   
കാത്തു നില്‍ക്കുന്നവന്‍റെ 
പിന്നിലായിരിക്കണം 
നമുക്കൂഴം.

എങ്ങോട്ടും തിരിയരുത്.
ആശങ്കയില്‍
കുരുങ്ങിപ്പോയ വഴിയുടെ  
കഴുത്തറ്റം കാണും വരെ.

ഇടക്കിടക്കു നോക്കണം 
ഇടത്തും വലത്തുമുള്ളവരുടെ 
കണ്ണാടിയില്‍.
നമുക്കുള്ള നിരത്ത് 
തിരക്കുള്ളതല്ലെങ്കിലും
അങ്ങാടിയിലെത്താന്‍
ചിലര്‍ക്കതു  മതിയാകും.

പച്ചയും മഞ്ഞയും 
പരിഹാസത്തിരക്കില്‍ 
നമുക്കുള്ളതെല്ലാം മറക്കും.
ചുറ്റുവട്ടത്തൊന്നും കാണാതെ നാം,
ചുവപ്പിനെ മാത്രം ശപിക്കും 

എത്ര പെട്ടെന്നാണ് ചില വഴികള്‍ 
നമ്മെ പിഴപ്പിക്കുന്നത് !

താക്കോലുണ്ടെങ്കിലും 
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി  
തിരിച്ചു വരില്ലല്ലൊ!

അത്യാവശ്യങ്ങള്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍ 
ഇനിയും പുരാവസ്തുക്കളുണ്ട്.
ചില്ലറ തീരുവോളം 
ചിലവാക്കാനുള്ളതില്‍ നിന്ന്  
അവരെന്തിനാണാവൊ നമ്മെ 
പുറത്തേക്കു വലിച്ചെറിഞ്ഞത്‌?

അടുത്ത കയറ്റം വരെയെങ്കിലും
ഈ ഇറക്കത്തിന് 
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
ഈ വഴിക്കൊരു വാലും 
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്‍ക്കുന്നവന്‍റെ 
പിന്നില്‍ തന്നെയാണ് വീണ്ടും 
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
വെളിച്ചത്തിന്‍റെ കുത്ത്.

..
സ്മാരകങ്ങളില്‍ 
എത്തിപ്പെടും മുമ്പെ
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .

വിളിച്ചു പറയാനുള്ള 
നാവില്‍ പക്ഷെ;
അപരന്‍റെ പണിത്തികവ്. 

പുതിയ മുഖച്ചായയിലും
അധികാരത്തിന്‍റെ 
ചില ധാത്വാര്‍ത്ഥങ്ങള്‍ .
  
ഒരു തലമുറ 
മുഴുവന്‍ പ്രതിശ്ചായയും
കൊണ്ടതിനെ ചിരിയില്‍
പ്രദര്‍ശിപ്പിക്കും.

ഒരു പ്രളയമോ 
ഭൂകമ്പമോ കൊണ്ട്
അതിനെ തുടച്ചു മാറ്റാന്‍ 
കഴിയും.

പക്ഷെ; ഒരിക്കലും 
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ല.

നന്മ കൊണ്ടു 
നാമാവശേഷമായവ
പുനര്‍ജ്ജീവിതം കൊണ്ടു 
പൊറുതി മുട്ടുമ്പോള്‍ 
കൊത്തു പണികളില്ലാത്ത  
ഒരു മരണത്തിനു വേണ്ടി
പ്രാര്‍ഥിക്കും.

                                                       





..
ചുരം ചുമന്നു കയറുമ്പോള്‍
ഇറങ്ങി വരാറുണ്ട്
ചെവിയിലിരുന്നു
തിന്നാന്‍ പാകത്തില്‍    
നിന്‍റെ തെറികള്‍
ചാട്ടവാറടികള്‍ .

കണ്ടു മുട്ടാറുണ്ട്
നീ തെളിച്ച
പാതയിലൂടൊരുപാടു
നുകം വച്ച രാപ്പകലുകള്‍ .
ഓര്‍മ്മവച്ച
വടുക്കളിലരിക്കുന്നുണ്ട്
ഒരായുഷ്കാലത്തെ
ലാടവേദനകള്‍ .

നാല്‍ക്കവലകളില്‍
തെളിയുന്നുണ്ട്
റാന്തല്‍ വെട്ടത്തില്‍
കബന്ധങ്ങള്‍ കൊണ്ടലങ്കരിച്ച
നിന്‍റെ കശാപ്പുശാലകള്‍ .
..
റ്റൂരിലെ ഓട്ടോ സ്റ്റാന്‍ഡില്‍
മണ്ണിലും മഴയിലും കുളിച്ച് 
ഒരാലും ചുവട്ടിലുണ്ട് ഒരാളും.
കുപ്പിവെള്ളത്തിന്‍റെ കുപ്പിയിലും, 
കുണ്ടിലാണ്ട കണ്ണിലും, ഒട്ടും
വെള്ളവും വെളിച്ചവുമില്ലാതെ,
ഒരാഴ്ച്ച രണ്ടാഴ്ചയായത്രെ;
ഒരേയിരിപ്പും കിടപ്പും.
ഒന്നു കൊടുത്താലും കഴിക്കില്ലെന്ന്  
ഓട്ടോക്കാരില്‍ സംസാരം.

രണ്ടു കൊടുത്താലെങ്കിലും
ഇന്നു വല്ലതും നടക്കും.
ഒരു വെള്ളക്കുപ്പായത്തിനുള്ളില്‍   
വഴി തെറ്റി വന്നപോലുണ്ട്, ചിരി.
കണ്ടാലറിയാം ആളൊരു "കാക്ക"
വണ്ടീം വലയ്ക്കും 
പോണ്ടിക്കായെന്നൊരു താക്കീതും  
കൂട്ടം കൂടി കണ്ടു നില്‍ക്കുന്നുണ്ട് .

അമ്പതിന്‍റെ നോട്ടു മാറ്റിയെടുത്തു 
കിട്ടിയ കുപ്പിവെള്ളവും റൊട്ടിയും 
കുത്തിയിരിക്കുന്നു, 
മുന്നിലുള്ള കുത്തഴിഞ്ഞ 
മുണ്ടുടുപ്പിച്ചു;
ഒട്ടുമുക്കാലും നരച്ചവന്‍റെ 
ജട മാറ്റി,മുഖം പുറത്തെടുത്തു,
റൊട്ടി മുറിച്ചു കൊടുക്കുന്നുണ്ട്.
തിന്നാന്‍ മടിച്ച തലയുയര്‍ത്തി 
ചിരിയോടെ ടോ..ടോ..തിന്നെടോ
ആട്ടിയകറ്റുന്നുണ്ട് വിശറിക്കയ്യാല്‍ 
ഈച്ചക്കൂട്ടത്തെ
ഒരു പത്തു വട്ടമെങ്കിലുമിങ്ങനെ.
(വശം കെട്ടു കാണും
കണ്ടു നില്‍ക്കുന്നവര്‍).
 
കുപ്പിവെള്ളം ഇറ്റിയിറ്റിറങ്ങിയ
ചങ്കിലൂടെ റൊട്ടി താണുപോയ വഴി
ഒട്ടിയ വയറ്റില്‍ ഒരു എന്‍എച്ച് പോലെ.
കുണ്ടില്‍ കിടന്നു തിളങ്ങുന്നുണ്ട് കണ്ണുകള്‍  
ചുണ്ടില്‍  കുടിവച്ച കുഴഞ്ഞ ചോദ്യം.
"അല്ലപ്പാ..ഇങ്ങള് ആരാ.."
വഴി കണ്ടെത്തിയ ധൃതിയില്‍ 
ഉത്തരം മറന്നു പോയതാവാം.
അല്ലെങ്കിലീ  ചോദ്യം സ്വയം തൊടുത്തു 
കാക്ക പറന്നു പോയതാകാം. 

മുഷിഞ്ഞ കീറത്തുണിയില്‍ എത്ര 
മുഖം തുടച്ചിട്ടും പോകാത്തൊരെച്ചില്‍
ച്ചുണ്ടില്‍ പറ്റിപ്പിടിച്ചൊരു ചോദ്യം.
ഇരുന്നും കിടന്നും ചികയുന്നുണ്ട്
ഇടം കൂടി നില്‍ക്കുന്ന മുഖങ്ങളില്‍.
കണ്ണെത്താവുന്ന  
കാതങ്ങള്‍ താണ്ടുന്നുണ്ട്
കയറിയിറങ്ങുന്ന വണ്ടികള്‍
തിരയുന്നുണ്ട്

അകക്കണ്ണില്‍ കണ്ട കൊടികളില്‍
ആള്‍പ്പൊക്കത്തില്‍ ചിരിക്കും  
ചിന്ഹങ്ങളില്‍
അക്കൂട്ടത്തില്‍..
ഇക്കൂട്ടത്തിലടയാളത്തില്‍
കിടന്നലയുന്നുണ്ടയാള്‍ .
ഉത്തരം കിട്ടാതൊടുവില്‍
പല കണ്ണകളില്‍ ചോദ്യം
വായിച്ചു വലയുന്നുണ്ട്!
ഉത്തരം കിട്ടാതൊടുവില്‍
മനസ്സ് ആലിന്‍ കൊമ്പത്തു
തൂങ്ങിക്കിടന്നാടുന്നുണ്ട്.


..

ര്‍ക്കുന്നു.. ?
എന്‍റെ ഇലത്തൊട്ടിലിലേക്കാണ് 
ആകാശം നിന്നെ പെറ്റിട്ടത്.. 

നിലാവ് വരച്ച ചിത്രം പോലെ ..

നീയൊരു മഴത്തുള്ളിയില്‍ ചിരിച്ചു.
കാണാന്‍ കൊതിച്ച
പൂക്കാലങ്ങള്‍  അന്നെന്‍റെ 
ചില്ലകളില്‍ കിടന്നു 
ഊഞ്ഞാലാടി.

പൂമ്പാറ്റകളുടെ നടുവിലായിരുന്നു 

പുത്തനുടുപ്പിട്ട നമ്മുടെ 
സ്വപ്നങ്ങള്‍ .
മഞ്ഞും വെയിലും നിലാവും 
മാറില്‍ ചേര്‍ത്തുറക്കിയ 
എത്രയെത്ര വസന്തങ്ങള്‍ 
മണ്ണില്‍ വീണടിഞ്ഞു പോയ
നമ്മുടെ നിഴല്‍ ചിത്രങ്ങള്‍ .

ഓര്‍ക്കുണ്ടോ..?


ഉരുകിയൊലിച്ചു നാം 

ഒരുച്ചയില്‍ ..
കാരിരുമ്പിന്‍റെ ഒച്ചയില്‍ 
എന്‍റെ കരുത്തറ്റപ്പോള്‍ 
അഴിഞ്ഞു പോയത് 
നമ്മുടെ ആത്മബന്ധം.
ഞാന്‍ ചുമന്നു നിന്ന 
നിന്‍റെ നെഞ്ചില്‍ കിടന്ന്
അവസാനമായി 
എന്‍റെ ചങ്ക് പിടച്ചു.

കാറ്റ് എല്ലാം കാണുന്നു.

കരയാനൊരു കാടു തേടി അത് 
നാടു മുഴുവന്‍ അലഞ്ഞു.

നീ അകം മണ്ണില്‍ പിടയുന്നത് 

മരണക്കണ്ണിലെ എന്‍റെ 
അവസാന കാഴ്ച്ച.
നെഞ്ചിലേറ്റാനൊരു മരമോ 
താലോലിക്കാനൊരു വയലോ 
ഒഴുകാനൊരു പുഴയൊ കാണാതെ 
വറ്റിയുണങ്ങിയ നിന്നെയാണ്
വെയില്‍ വാരിയെടുത്തു 
മരുഭൂമിയുടെ അമ്മത്തൊട്ടിലില്‍
കിടത്തിയത്.

വളര്‍ന്നു വലുതായവളെ 

ആകാശവും മേഘങ്ങളും
ഇനിയെങ്ങിനെ തിരിച്ചറിയാന്‍..!

..

  • ണക്കിന്റെ പുസ്തകത്തില്‍ 
  • തുറക്കപ്പെടുമ്പോഴാണ്,
  • കണ്ണുകള്‍ കൈവിട്ടു പോവുക.
  • കള്ളികളില്‍ ഒതുങ്ങാത്തവ
  • കയര്‍ പൊട്ടിക്കുമ്പോള്‍    
  • വണ്ടിക്കണക്കിനുണ്ടാവും വട്ടപ്പൂജ്യം.

  • വള്ളിപുള്ളികളിട്ടാലും
  • വാലും തലയും വയ്ക്കാത്തത്
  • വരവു ചിലവു കണക്ക്.  
  • വിക്സിന്‍റെ വില കേട്ടാല്‍    
  • (വി)ശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍  
  • ചുക്കും കുരുമുളകും കൊണ്ട്
  • വിട്ടു പോവാത്ത ചുറ്റിക്കണക്ക്.

  • പ്രാക്കും പരിശോധനയും
  • പ്രാതലാക്കുമ്പോള്‍ സുഖംകിട്ടും,
  • അതിന്‍റെ ആശുപത്രിക്കണക്കില്‍ 
  • പ്രമേഹം..പ്രഷര്‍ 
  • പന്നിപ്പനി..ചിക്കന്‍ഗുനിയ 
  • പറഞ്ഞു പരത്താന്‍ പറ്റിയ കണക്കാണ്.

  • മടക്കിയ മഴക്കുട പോലെ    
  • ഇരിക്കുന്നിടം പെയ്യുന്നതാണ്
  • നരച്ച മനക്കണക്ക്.
  • കുപ്പി പൊട്ടിച്ചതും കുടുംബം വെളുപ്പിച്ചതും  
  • ഒറ്റക്കണക്ക്.
  • തുപ്പലും തൂറലും ആഘോഷമാക്കുമ്പോള്‍
  • തുടര്‍ന്നങ്ങോട്ട് നാറ്റക്കണക്ക്.

  • അക്കങ്ങളിലൊന്നും അവസാനിക്കാതെ
  • ഒരു നടുക്കമായ്‌ അകത്തു കിടക്കും  
  • ചില അഴിമതിയുടെ കണക്കുകള്‍ .
  • പടിക്കു പുറത്താക്കിയാലും    
  • പരാതിയില്ലാത്ത പട്ടിണിക്കണക്കുകള്‍ 
  • പാരാസിറ്റമോളിന്‍റെ ചിരിക്കുള്ളിലെല്ലാം
  • പലിശക്കണക്കുകള്‍ 
  • പുതുക്കിയ നിരക്കില്‍  പ്രദര്‍ശിപ്പിക്കുന്നവയാണ്
  • പ്രണയത്തിന്‍റെയും
  • പണയത്തിന്‍റെയും കണക്ക്.

  • വിറ്റാല്‍ വരവൊന്നും കാണില്ല
  • വിവാഹക്കണക്കിന്
  • ദുര്‍വിധിയുടെ കണക്കിലുണ്ടാകും
  • വന്‍ ചതിക്കുഴികള്‍ 

  • കണക്ക് പുസ്തകം അടച്ചു കഴിഞ്ഞാലും
  • കളം വിട്ടുപോവാത്തവയുണ്ട്.
  • അത് കണ്ണീര്‍ക്കണക്കുകള്‍ 
  • കാലഹരണപ്പെടാത്തവയാണ് ചില 
  • ചോരക്കണക്കുകള്‍ ..

  • കയ്യും കണക്കുമില്ലാത്തതും ഉണ്ട് 
  • അതാണ് ദൈവം കണക്കാക്കിയത്.
  •  
  •  
  •  
  •  
  •  
  •  

..

ഞ്ഞക്കര്‍ക്കിടകത്തില്‍
ഞങ്ങളുടെ പട്ടിണിവയറ്റില്‍
ഉമ്മ താളം കൊട്ടി  പാടി..
കഥ കഥ കസ്തൂരി..
കണ്ണന്‍ ചിരട്ട വില്ലൂരി..
കാക്കത്തോട്ടിലെ മീനിന്..
പല്ലില്ല..മുള്ളില്ല...

പാട്ടിനു വലിയുമ്മയേക്കാള്‍
പ്രായമുള്ളത് കൊണ്ടായിരിക്കണം
ഉമ്മ കണ്ണ് നിറച്ചു
പാടുന്നതിന്‍റെ കാരണം.
കാക്കത്തോട്ടിലന്നു നിറച്ചും
വെള്ളമുണ്ടായിരുന്നു.
വെള്ളത്തില്‍ നിറച്ചും
മീനും നീര്‍ക്കോലിയും.

പനയും വാഴയും തീര്‍ത്ത
തടയണയില്‍ എപ്പോഴും
പഞ്ചവാദ്യവും പക്കമേളവും.
പൂട്ടി വലഞ്ഞ പോത്തുകളെയിറക്കി
വെള്ളം കലക്കുന്ന വാപ്പുട്ടിക്ക.
കയങ്ങളില്‍ മുങ്ങി കണ്ണനും
കരുതലയും പിടിക്കുന്ന മുത്തുക്ക.
പരല്‍ മീന്‍ കൊത്തിപ്പൊങ്ങും
പൊന്മകള്‍ക്കൊപ്പം
പറന്നു  പോകുന്ന ഉച്ച.
അതിനിടയില്‍ അടവക്കാട്ടെ അമ്മ മുതല്‍
ഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍ 

അഞ്ഞൂറ്റൊന്നിന്‍റെ ഒരു
സോപ്പു കഷണം കൊണ്ട്
ഉമ്മ ഞങ്ങളയെല്ലാം
അലക്കി വെളുപ്പിക്കും .

[കാക്കത്തോട്ടിലെ മീനിനു
നല്ല ഒന്നാന്തരം
മുള്ളുണ്ടായിരുന്നുവെന്നതിനു
അവിടെ നന്നാണ് തെളിവ്.
ഒപ്പമുള്ള അമ്മമാരും ഉമ്മമാരും
കുട്ടികളെ കുളിപ്പിക്കെ പറയുന്നതു
ചെക്കന്‍ കാക്കാത്തോട്ടിലെ മീന്‍ മുള്ളുപോലെ
ആയിത്തീര്‍ന്നല്ലോ എന്നാണ് ]

കഥയില്‍ വിളമ്പിയ മീന്‍കറിക്കൊപ്പം
കാലിയാകുന്ന കഞ്ഞിപ്പാത്രം കണ്ടു
വീണ്ടും ആ  കണ്ണുകള്‍ നനയും..
വറ്റെല്ലാം ഊറ്റി വച്ചു ബാക്കിയുള്ളതില്‍
ഉള്ളിച്ചമ്മന്തി കലക്കി ഉമ്മ മോന്തും.
വിളമ്പിയതില്‍ പാതിയെങ്കിലും
വാപ്പ എന്നും ബാക്കി വക്കും.
കല്ല്‌ കടിക്കും ഉമ്മയുടെ വാക്കുകളില്‍
അത് മുഴോനും തിന്നാര്‍ന്നീലെ ങ്ങക്ക്..

ഇന്ന് കാക്കത്തോട്ടില്‍ മീനില്ല.
കഴിഞ്ഞ മഴയ്ക്ക് വന്ന ഇത്തിരി
കലക്കവെള്ളത്തില്‍ ഒഴുകിയെത്തിയത്
പ്ലാസ്റ്റിക്ക് കുപ്പി,കവര്‍ , ചപ്പു ചവര്‍
കൊക്കാട്ടിച്ചിറയിലതിന്‍റെ
നാറുന്ന കഥകള്‍ ..

പോത്തുകളെപ്പോലെ ഞങ്ങള്‍
നടന്നുണ്ടാക്കിയ വഴികളെല്ലാം
പഞ്ചായത്ത് വന്നു വീതി കൂട്ടി.
അതില്‍ നടന്നു  പോകുന്നവരുടെ
മനസ്സിലേക്കിപ്പോള്‍
പട്ടണത്തെക്കാള്‍  ദൂരം.

കഥകള്‍ പങ്കുവച്ച ഒരു തലമുറയുടെ
നിത്യ ദുരിതവാര്‍ദ്ധക്യ ദുഃഖത്തോടെ
കാക്കത്തോട്‌.. ഒലിച്ചു കൊണ്ടിരിക്കുന്നു
കഥകള്‍ പറഞ്ഞു ചിരിക്കാത്ത
വരും തലമുറയ്ക്ക്
കാക്കതൂറിയ ഒരു സ്മാരകമായി
ഉപ്പിണിപ്പാടത്ത് അതിന്റെ
കാണാപ്പാഠം.
..
പ്പോള്‍ മാവിനും പ്ലാവിനും മേലെ
മുകിലിന്‍റെ ആകാശ മുഖം.
പനിച്ചു മൂടിപ്പുതച്ചുറങ്ങുന്ന
ഉച്ചസൂര്യന്‍ .
ഓര്‍മ്മകളില്‍ മാത്രമാണിപ്പോഴും 
ഒമാനിലെ പൊള്ളുന്ന പകല്‍ 
പുലര്‍മയക്കത്തില്‍ പോലുമത് 
പടിക്കു പുറത്ത്.

പ്രഭാതത്തിന്‍റെ ഈ നിശ്ശബ്ദതയിലേക്കാണ് 
ഇനിയുള്ള മുളം കിളിപ്പാട്ടെന്നു മനസ്സ് 
തെങ്ങോലകളുടെ മര്‍മ്മരങ്ങള്‍ക്കൊപ്പം
തച്ചുകുന്നിറങ്ങി വരാന്‍ കഴിയില്ലെന്ന് 
വായാടിക്കാറ്റ്‌.
മരം കയറി മടുത്ത 
അണ്ണാറക്കണ്ണന്‍റെ മടിശ്ശീലയില്‍ 
ചില്ലറയൊന്നുമല്ല കിലുക്കം.

പത്രത്താളില്‍ നിന്ന് 
പുറത്തു വന്നപ്പോഴേക്കും 
പകലിനു പവന്‍റെ പ്രായം.
മീന്‍ വണ്ടിക്കു വഴിമാറിക്കൊടുത്തു 
വശം കേട്ട് പോയ ഭിക്ഷക്കാരന്‍റെ പ്രാക്കിനും 
ഐസുകാരന്‍  കുഴലൂതിപ്പോയ 
ഇടവഴിയിലേക്കു നോക്കി 
കാറിക്കരയുന്ന അയല്‍വീട്ടിലെ കുട്ടിക്കും 
തോരക്കുന്നത്തെ കോറിയില്‍ നിന്ന് 
തോട്ട പൊട്ടിയ കുലുക്കത്തിനും 
ഇടയില്‍ ഉരുകിത്തീരുന്ന ഉച്ച.

ഇനി ഈ ലോകത്തിലെ 
ഒരാളായി മാറണമെങ്കില്‍  
ഒരായുസ്സെങ്കിലും 
മുന്നോട്ടു തന്നെ  നടക്കണം.
പക്ഷെ പിന്‍ വിളികളാല്‍  
വീണ്ടും ഓര്‍മ്മകള്‍ .



..


രകത്തിന്റെ അയല്‍പ്പക്കത്താണ്
ചിലപ്പോളെന്‍റെ വീട്.
ഏതു ജാലകം തുറന്നാലും
കാതടപ്പിക്കുന്ന
തീയുടെ അലര്‍ച്ച.
ഏതു കോണില്‍ നിന്നാലും
എരിപൊരി സഞ്ചാരം.

ചിലപ്പോള്‍ മാത്രം
സ്വര്‍ഗത്തിലേക്ക് തുറക്കുന്ന
പിന്‍വാതിലിന്‍ വിടവിലൂടെ
ഒരു മുലപ്പാലിന്‍ മണം
ചാലൊളിപ്പിച്ചിറങ്ങുന്നു.
അടഞ്ഞു പോയ ആ വാതിലിലൂടപ്പോള്‍
എന്റെ പോര്‍വിളികള്‍
അകന്നകന്നു പോകുന്നു.

തുറന്നു കിടക്കുന്ന വാതിലിലൂടെ
പുറത്തേക്കു നോക്കാനുള്ള പേടി
അയല്‍ മുഖത്തുണ്ടാകാത്തതാണ്
എന്നുമെന്‍റെ ചിരാതില്‍
എണ്ണ നിറക്കുന്നത്.

മഞ്ഞും മഴയും വെയിലും ചേര്‍ന്ന്
ആയുസ്സിന്റെ എത്രയെത്ര കുപ്പായങ്ങളാണ്
എനിക്കണിയിച്ചു തരുന്നത് !

..
തൊണ്ണൂറ്റി ഒമ്പത് മുത്തുകള്‍
തികച്ചും ഉണ്ടായിരുന്നു
എന്റെ ജപമാലയില്‍ .
എനിക്കുറപ്പുണ്ട്,
അതില്‍ നിന്ന് ഒന്നുപോലും 
കൊഴിഞ്ഞു പോയിട്ടില്ലെന്ന്.

കാരണം,
ഞാനത് ഉപയോഗിക്കാതെ 
സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു;
വിശുദ്ധ ഗ്രന്ഥത്തിന്റെ മുകളില്‍ .

പലപ്പോഴും അതെടുക്കാന്‍ മടിക്കുന്നത് 
തിരിച്ചു വക്കാനുള്ള ധൃതി കൊണ്ട് മാത്രം.
വിരലുകള്‍ വിറക്കാറില്ലെങ്കിലും 
ഇടയ്ക്കിടയ്ക്ക്  എണ്ണിനോക്കി 
ഞാനത് തിരിച്ചു വക്കുന്നു.

എന്‍റെ കൈരേഖകളപ്പോള്‍
വിശുദ്ധ ഗ്രന്ഥത്തിന്‍റെ
പുറം ചട്ടയില്‍ പതിയുന്നു.
അത്രമേല്‍ പൊടിയുണ്ടായിരിക്കും
എപ്പോഴും അതില്‍ .

ഇപ്പോള്‍ അതില്‍ ഒരടയാളവും 
അവശേഷിക്കുന്നില്ല.
എല്ലാം വീണ്ടും
പൊടികൊണ്ടു മൂടി.