Post Page Advertisement [Top]

...

ബധിര മാ(ന)സം

മുഹറത്തിനും
ദുല്‍ഹജ്ജിനുമിടക്ക്
പരിപാവനമായൊരു
മൂകതയുണ്ട്.

ഭൂമിയിലെ മുഴുവന്‍
മനുഷ്യകുലത്തിനും വേണ്ടി
മൂകനും ബധിരനുമായി
ഒരു പുണ്യമാസത്തിന്‍റെ
ആത്മത്യാഗം.

അല്ലാഹുവിന്‍റെ അപ്രിയങ്ങളെ
ജീവിതത്തില്‍
പകര്‍ത്തിയവര്‍ക്കെല്ലാം
അവസാന നാളില്‍
അതല്‍പ്പം മനസ്സമാധാനം പകരും.

തന്നെ അനാദരിച്ചവരെല്ലാം
തൃമാനരൂപികളായി
കണ്മുന്നില്‍ തലകുനിച്ചു
നില്‍ക്കപ്പെടുന്ന ഒരു വേദിയില്‍

ബധിരരേയും മൂകരേയും
വാചാലരാക്കുന്ന
അന്ത്യ വിചാരണയില്‍
നിങ്ങളെക്കുറിച്ചതൊട്ടും
വായാടിയും വാചാലനുമാവില്ല.

(തന്നെ ആദരിച്ചവരേപ്പോലെ
അതും നിശ്ശബ്ദതയുടെ ഒരു
നിറകുടമായിരിക്കും)

നിങ്ങളുടെ ആര്‍ത്തനാദങ്ങള്‍
അതിന്‍റെ കര്‍ണ്ണപുടങ്ങളിലൊരു
കല്ലുമഴയായി
പെയ്തിറങ്ങുമ്പോള്‍ പോലും

ഉഹദ് മലപോലെ നില്‍ക്കുന്ന
അതിന്‍റെ മഹാമൌനത്തിലേക്ക്
വിള്ളല്‍ വീഴ്ത്തുന്ന
അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍ക്ക്,

എനിക്കൊന്നുമറിയില്ല റബ്ബേ..
ഞാനൊന്നും കേട്ടില്ല റബ്ബേയെന്ന്
സംസമിന്‍റെ നൈര്‍മ്മല്യത്തോടെ
അതിന്‍റെ നിഷ്ക്കളങ്കതയൊഴുകും.

(നിങ്ങളുടെ കണ്ണുകളൊരു
നിറതടാകമായി മാറിയേക്കാമെന്ന
ഒരേയൊരു പ്രതീക്ഷയോടെ.)

അല്ലാഹു അതിനെ
നക്ഷത്രങ്ങള്‍ തുന്നിയ
ഒരാകാശ വിരിപ്പിലിരുത്തും.
അനന്തകോടിയുഗങ്ങളിലെ
സര്‍വ്വ ചരാചരങ്ങള്‍ക്കും
ഇങ്ങിനെ പരിചയപ്പെടുത്തും:

ഇതാ.. അപവാദവും
പരദൂഷണവുമില്ലാത്ത
പരിശുദ്ധവും പവിത്രവുമായ
നിങ്ങളുടെ രക്ഷിതാവിന്‍റെ
മാസം.

ബധിരനായ മാ(ന)സമേ..
അനനന്തകോടി
സൌരയൂഥങ്ങളിലെ
സര്‍വ്വസ്പന്ദനങ്ങളിലും
അപ്പോള്‍ നീയുണ്ടാകും.





@ "ബധിരനായ റജബ്" 
ഇരിങ്കൂറ്റൂര്‍ മഹല്ലിലെ ഖത്തീബ് നടത്തിയ പ്രസംഗത്തിലെ ആശയം. 

No comments:

Post a Comment