Post Page Advertisement [Top]

2-no

ക ലപ്പ കൈക്കോട്ട്  പിക്കാസ്സ് മഴു  കോടാലി മടവാള്‍    ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും  അദ്ധ്വാനവും. അന്നന്നത്തെ  അന്നത്തിനായി  മണ്ണില്‍...

..




 ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുകള്‍ ബേ.. ബേ.. എന്നു നിലവിളിക്കാന്‍ തുടങ്ങി. പടിഞ്ഞാറന്‍ കാറ്റില്‍ എല്ലില്‍ തുളച്ചുകയറുന്ന സൂചിമുനകള്‍ ഉണ്ടായിരുന്നു. കുട്ടിക്കമ്മുവിന്റെ വാപ്പ നീണ്ടുകുറുകിയ ഒരു ചുമയോടെ ഉണര്‍ന്നു ഇരുട്ടിലേക്ക് ചെവിയോര്‍ത്തു കിടന്നു.

കുന്നക്കാടന്‍ പാലയിലപ്പോള്‍ ചൂട്ടുകറ്റകള്‍ മിന്നുന്നുണ്ടായിരുന്നു. തച്ചുകുന്നിറങ്ങി വരുന്ന ചന്തക്കന്നുകളുടെ കുളമ്പൊച്ചകള്‍ തോട്ടുവെള്ളത്തില്‍ തട്ടി ചെറുമച്ചാളകളും കടന്നുവന്ന് അയാളുടെ കാതില്‍ പ്രതിധ്വനിച്ചു.

കമ്മ്വോ.. എണീറ്റാളെ.. തച്ചോത്തേരൊക്കെ പോയിത്തുടങ്ങീരിക്ക്ണ് .. അയാള്‍ വിളിച്ചു പറഞ്ഞു.

ഊം.. കുട്ടിക്കമ്മു ഞെളിപിരിയോടെ രണ്ടുമൂന്നു വട്ടംകൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴേക്കും ആയിസുമ്മ അടുപ്പില്‍ തീപൂട്ടിക്കഴിഞ്ഞിരുന്നു. അവന്‍ എഴുന്നേറ്റു ഉമ്മയുടെ അടുത്ത് അടുപ്പിന്‍ ചുവട്ടില്‍ തീക്കായാനിരുന്നു. ആ തീവെളിച്ചത്തില്‍ കൈതോലപ്പായുടെ വരയും കുറിയും തെളിയുന്ന മകന്റെ നടുമ്പുറത്തു തടവി ആയിസുമ്മ പറഞ്ഞു:

ഒരു കുപ്പായം ഇട്ടു കെടക്കാമ്പറഞ്ഞാ ഓന് ചെവി കേക്കൂലാ.. പൊറം കണ്ടില്ലേ ചൊകന്നു തണര്‍ത്തു കെടക്കണ്..

കുട്ടിക്കമ്മു എഴുന്നേറ്റു പോയി മുഖം കഴുകി ഒരു കുപ്പായമിട്ടു വന്നു. ചുടുചായ രണ്ടുമൂന്നു വലിക്ക് കുടിച്ചു തീര്‍ത്ത്‌ ആടുകളെയെല്ലാം ആട്ടിത്തെളിച്ചു. അവന്റെ അരിപ്പച്ചൂട്ടിന്റെ വെളിച്ചം കുന്നക്കാടന്‍പാല കയറി മറയും വരെ അയിസുമ്മ ചിമ്മിനിവിളക്ക് പിടിച്ചുകൊണ്ടു നോക്കി നിന്നു.

തച്ചോത്തുകാര്‍ക്കും ചെരിപ്പൂരുകാര്‍ക്കും ഒപ്പം മിക്കവാറും കറൂത്തൂര് മതിലിന്റെ ചുവട്ടിലാണ് അവന്‍ ചെന്നുചേരുക. അവിടുന്നങ്ങോട്ട് ആടുകളും കന്നുകളുമെല്ലാം മുട്ടിയുരുമ്മിയും തിക്കിത്തിരക്കിയും പെരുമഴ പെയ്ത മലവെള്ളം കണക്കെ വഴിമുട്ടിച്ച് ഒരൊഴുക്കായിരിക്കും. ആ ഒഴുക്ക് കാക്ക കരയുമ്പോഴാണ് പെരുമ്പിലാവ് ചന്തയില്‍ ഒരു കടലായി പരിണമിക്കുക.

കുട്ടിക്കമ്മുവിന്റെ ആടുകള്‍ ചന്തയിലെത്തിയാലും കരഞ്ഞുകൊണ്ടിരിക്കും. അവയ്ക്ക് കാടുകയറാനുള്ള വിശപ്പിന്‍റെ ഒരു പിടച്ചിലുണ്ട്. എന്നിട്ടും ഒരുപിടി പ്ലാവിലയില്‍ കൊതിയടക്കി അവ ഇടയ്ക്കിടെ കുട്ടിക്കമ്മുവിനെ നോക്കും. ചില സ്ഥിരം പറ്റുകാര്‍ എന്നും ചന്തയിലെത്തി പറഞ്ഞ വിലകൊടുത്ത് അവയെ വാങ്ങി നിറഞ്ഞ മനസ്സോടെ  മടങ്ങി. കച്ചോടത്തില്‍ കള്ളമില്ലെന്നു പറയിപ്പിക്കുന്നതാണ് എന്നും  കുട്ടിക്കമ്മുവിന്റെ ഒരു രീതി.

എന്നാല്‍ എല്ലാവരും ഒന്നും അങ്ങിനെയല്ല. ചിലരുടെ കന്നുകള്‍ ചന്ത ആദ്യമായി കാണുന്നത് പോലെ കണ്ണുതുറിച്ച് അന്തം വിട്ടായിരിക്കും നില്‍ക്കുക. അവയുടെ വയറ്റില്‍ തവിടും പിണ്ണാക്കും കലക്കിയ ചൂടുവെള്ളം കുത്തിമറിയുന്നുണ്ടാകും. വെള്ളം കോരിക്കൊടുത്ത് പള്ളവീര്‍പ്പിച്ചു നിര്‍ത്തിയ ആ ആടും കന്നും തൂറിയും മൂത്രമൊഴിച്ചും നാറുന്ന ചെളിയുടെ ലോകമാണ്  ചന്ത. ആ ചെളിയില്‍ വേരുപിടിച്ചു വളര്‍ന്നു പന്തലിച്ചതാണ് ചന്തയുടെ പെരുമ. 

ചന്തയില്‍ നിന്നും കണ്ണില്‍ കണ്ടതെല്ലാം വാങ്ങി മടങ്ങുമ്പോള്‍ കുട്ടിക്കമ്മുവിന്‍റെ വഴിയില്‍ കയ്യുമ്മു ചിരിച്ചുകളിച്ചു നില്‍ക്കുന്നുണ്ടാകും.

ഇക്കുള്ളത് തായോ.. എന്നമട്ടില്‍ വേലിക്കപ്പുറത്തു നിന്ന് കൈകൊട്ടി പുഞ്ചിരിതൂകി കയ്യുമ്മു അവന്റെ വഴി തടയും. അയാള്‍ ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി കുപ്പിവളയിട്ട ആ കൈയില്‍ ഒരു മുത്തം കൊടുക്കും. ന്‍റെ റബ്ബേ.. എന്നു വിളിച്ചു പേടിച്ചപോലെ അവള്‍ കൈവലിക്കാന്‍ നോക്കുമ്പോള്‍ അവന്‍ ആ വിരല്‍ത്തുമ്പില്‍ പിടിച്ചുനിര്‍ത്തും.

കയ്യുമ്മുവിന്റെ കരിയെഴുതിയ കണ്ണുകള്‍ പിടഞ്ഞു വിടര്‍ന്ന് നാലുപാടും നോക്കും. ഇല്ലിമുള്ളുകള്‍ വേലിപ്പുറത്തില്ലെങ്കില്‍ അവന്‍റെ നെഞ്ചില്‍ വീണുപോയേക്കും എന്നു തോന്നുന്ന ഭാവത്തില്‍ അവള്‍ അങ്ങിനെ നില്‍ക്കും.

അവളെപ്പോഴും അങ്ങിനെയാണ്. കാട്ടുതെച്ചിയും നീരോലിയും മുറ്റിയ വേലിയിലെ മുള്ളുകളെല്ലാം കൂടി അസൂയയോടെ കുത്തിനോവിക്കാന്‍ തുടങ്ങുമ്പോള്‍  മാത്രമാണ് അവള്‍ അവന്‍റെ ലോകത്തില്‍ നിന്നുണരുക.

അപ്പോള്‍ വേലിയില്‍ നിന്നും ഒരു നീരോലിത്തുമ്പടര്‍ത്തി അവള്‍ അവനെ തല്ലാന്‍ തുടങ്ങും. കൊഞ്ഞനം കുത്തുകയും ചെയ്യും. കുട്ടിക്കമ്മു വെറുതെ നോക്കിനോക്കി അവളെ നാണിപ്പിച്ചു കളയും.

കുപ്പിവളയോ, അത്തറോ, സുറുമയോ, കപ്പലണ്ടിമിട്ടായിയോ.. അങ്ങിനെ എന്തെങ്കിലും ഒക്കെ കുട്ടിക്കമ്മുവിന്റെ ചന്തസഞ്ചിയില്‍ ഉണ്ടാകും. അത് മാറത്തടുക്കിപ്പിടിച്ചു കൊണ്ട് അവള്‍ നടന്നു പോകുമ്പോള്‍ കുട്ടിക്കമ്മു അടുത്ത വളവില്‍ മറയും.

അവളുടെ ഉമ്മ, എടി കയ്യുമ്മുവേ.. എന്ന് നീട്ടി വിളിച്ച്  എന്നും അവളെ ശാസിച്ചു: എടി പെണ്ണെ നിയ്യെന്തിനാ ആ ചെക്കനെ ഇങ്ങിനെ സുയിപ്പാക്കണത്..? ഓന്‍ കയിഞ്ഞകുറി കൊണ്ടോന്നു തന്നതൊന്നും കയിഞ്ഞിട്ടില്ലലോ.. അന്റോരോരൊ കാര്യം.. ഞാന്‍ കാണണ്ണ്ട് ഓനെ..

ഞാം പറഞ്ഞിട്ടൊന്നും അല്ലല്ലോ... എന്ന് കയ്യുമ്മു എപ്പോഴും കയ്യൊഴിഞ്ഞു കളയും.

കുട്ടിക്കമ്മു ഒരാട്ടിന്‍കുട്ടിയെ കയ്യുമ്മുവിന് വളര്‍ത്താന്‍ കൊടുത്തിരുന്നു. ആ ആട്ടിന്‍കുട്ടിയുമായി അവളും കൂട്ടുകാരി ബീപാത്തുവും കൂടി ഉപ്പിണിപ്പാടത്തു വന്നിരിക്കും. ബീപാത്തു കാക്കാത്തോട്ടിലെ മീന്‍പരലുകളുടെ കളികള്‍ കണ്ടുകൊണ്ടിരുന്ന ഒരു നേര്‍ച്ചക്കാലത്ത് തോട്ടുകൈതയുടെ മറവിലിരുന്ന് കുട്ടിക്കമ്മുവിന്‍റെ കഴുത്തില്‍ കയ്യിട്ടു പിടിച്ചു കൊണ്ട് കയ്യുമ്മു പറഞ്ഞു:

അതേയ് ആ തച്ചോത്തെ അദ്ദറയ്മാന്റെ വാപ്പ ഇന്നലെ കുടീല് വന്നിരിക്ക്ണ് ..

ഓ.. അതെന്തിന്..?

ഓന് കെട്ടിച്ചു കൊടുക്ക്വോന്നു ചോദിക്കാന്..

ആഹാ..! കുട്ടിക്കമ്മു അത്ഭുതംകൂറി: അദ്ദറയമാന് കന്നും പയ്യീം കച്ചോടല്ലേ..? അന്നെ പൊന്നിലിട്ടു മൂടും.. അറവുള്ളതോണ്ടു നിനക്ക്‌ ഇഷ്ടം പോലെ എറച്ചീം പത്തിരീം തിന്നാം.. കുട്ടിക്കമ്മു അവളുടെ കണ്ണുകളിലേക്കു ചുഴിഞ്ഞു നോക്കി: നല്ലൊരു കാര്യാണല്ലോ.. ഞമ്മക്കതാലോയിച്ചാലോ..?

ഓ.. ഒരു തമാസ.. അവന്‍റെ കഴുത്തില്‍ ചുറ്റിയിരുന്ന കയ്യുമ്മുവിന്‍റെ കൈകള്‍ അയഞ്ഞു. കുപ്പിവളകള്‍ പരിഭവത്തോടെ കിലുങ്ങി.

പറയണത് കേക്ക്ണ്ണ്ടോ..? അവള്‍ ചുണ്ടുകള്‍ അവന്‍റെ ചെവിയില്‍ മുട്ടിച്ചു: അതേയ് ന്റെ വാപ്പാന്‍റെ മനസ്സ് എപ്പളാ മാറാന്നൊന്നും പറയാം പറ്റൂലട്ടോ..

അന്റെ മനസ്സ് മാറാതിരുന്നാല്‍ മതി.. എന്ന് കുട്ടിക്കമ്മു അവളെ ദേഷ്യം പിടിപ്പിച്ചു. അപ്പോള്‍ കയ്യുമ്മുവിന്‍റെ കരിനീലക്കണ്ണുകള്‍  ചുവന്നുകലങ്ങി. അവള്‍ അവന് പുറം തിരിഞ്ഞിരുന്നു.

പിണങ്ങല്ലെ പൊന്നേ.. എന്ന് കുട്ടിക്കമ്മു അവളുടെ ചെവിയിലും ചുണ്ട് മുട്ടിച്ചു. പിന്നെ ചോദിച്ചു: എന്നിട്ട് നിന്റെ വാപ്പ എന്തു പറഞ്ഞു..? 

വാപ്പേം ഉമ്മേം ഒക്കെ പറഞ്ഞു.. അവളെ ഇബടെ ഒരാള്‍ക്ക്‌ വേണ്ടി ഉയിഞ്ഞു വച്ചിരിക്കാന്ന്..

എന്നിട്ടോ..?

എന്നിട്ടൊമ്പത് പിന്നെ പത്ത്.. പിന്നെ.. കുപ്പിവളകള്‍ പിണങ്ങി അവള്‍ മുഖം വീര്‍പ്പിച്ചു കളഞ്ഞു.

അതിനടുത്ത ഒരുദിവസം കുഞ്ഞിക്കമ്മത് കയ്യുമ്മുവിന്‍റെ കുടിയിലെത്തി. അവളെ മകന്‍ കുട്ടിക്കമ്മുവിനുവേണ്ടി പെണ്ണുചോദിച്ചു. അവന്‍റെ പെങ്ങള്‍ തിത്തുവിനൊരു കല്യാണം ഒത്തുവന്നാല്‍ രണ്ടുകല്യാണവും ഒരേ പന്തലില്‍ വച്ച് നടത്താമെന്ന് വാക്കാല്‍ പറഞ്ഞു പിരിയുകയും ചെയ്തു.

അങ്ങിനെ കുറെ ചന്തകള്‍ കഴിഞ്ഞു. വിരുട്ടാണത്തേക്കുള്ള അഞ്ചാംകുളം വേല പാടവരമ്പുകള്‍ കടന്നുപോയ  ഒരു സന്ധ്യക്ക് പൊടിപടലങ്ങള്‍ അടങ്ങിയിട്ടില്ലാത്ത കൈതത്തണലില്‍ ഇരുന്ന് കയ്യുമ്മു കുട്ടിക്കമ്മതിന്റെ കവിളത്ത് ഒരു മുത്തം കൊടുത്തു. കുട്ടിക്കമ്മു അതിലും വലിയതൊന്നു തിരിച്ചും കൊടുത്തു. അപ്പോള്‍ അവള്‍ അയാളുടെ മാറില്‍ ചാഞ്ഞു കിടന്നുകൊണ്ടു പറഞ്ഞു:

എല്ലാ ചന്തക്കു പോകുമ്പളും ഇങ്ങള് തിത്തുവിനൊരു ചെക്കനേയും നോക്കണം.. ഇക്കിങ്ങനെ കാത്തിരിക്കാനൊന്നും വയ്യ..

തിത്തു അല്‍പ്പം കറുത്തിട്ടായിരുന്നു. അവളുടെ കഴുത്തില്‍ ജന്മനാല്‍ തന്നെ ഒരു വലിയ പാലുണ്ണിയും ഉണ്ടായിരുന്നു. അവളെ കാണുമ്പോള്‍ വരുന്നവരുടെയൊക്കെ മുഖം അതിലും കറുത്തു. ചിലരുടെയെല്ലാം മുഖം പരിഹാസം കൊണ്ട് പാലുണ്ണിയേക്കാള്‍ വെളുത്തു. അതെല്ലാം കയ്യുമ്മുവിനും അറിയാം.

പിന്നെപ്പിന്നെ കുട്ടിക്കമ്മു ചന്തയില്‍ നിന്നും തിരിച്ചുവരുന്ന നേരം വേലിക്കരികില്‍ കാവല്‍ നില്‍ക്കുന്ന കയ്യുമ്മുവിനു സുറുമയും കുപ്പിവളയും ഒന്നും വേണമെന്നില്ല. അവളുടെ നാവില്‍ ഒരേയൊരു ചോദ്യം മാത്രം:

എന്താ.. തിത്തുവിനു പറ്റിയ ചെക്കനെ വല്ലതും കണ്ടുകിട്ട്യോ..?

ആ.. നോക്കുണുണ്ട്.. എന്ന കുട്ടിക്കമ്മുവിന്‍റെ മറുവാക്കില്‍ മുറ്റിനിന്ന അവ്യക്തതയില്‍ ദുഃഖവും നിസ്സഹായതയും മാത്രം നിറഞ്ഞു കവിഞ്ഞു.

ഒടുവിലൊടുവില്‍ കയ്യുമ്മുവിന്‍റെ നാവില്‍ ഈ ഒരേയൊരു ചോദ്യം മാത്രമായി: എന്തായി.. തിത്തുവിന് പറ്റിയ വല്ല ചെക്കനേയും കണ്ടെത്ത്യോ..?

എന്നിട്ടും കുട്ടിക്കമ്മുവിനതില്‍ അലസോരമൊന്നും തോന്നിയില്ല.

ആദ്യമൊക്കെ വേലിയിലുള്ള നീരോലിത്തുമ്പുകള്‍ പിടിച്ചൊടിച്ചും പൂക്കളും കായ്കളും ഒക്കെ നിലത്ത് പൊഴിച്ചുമായിരുന്നു അവളുടെ നില്‍പ്പും ചിരിയും ഭാവങ്ങളും ചോദ്യങ്ങളുമെല്ലാം. കുട്ടിക്കമ്മു ഒരു വസന്തം പോലെ അതാസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ പിന്നെപ്പിന്നെ അവള്‍ ആ വേലിയില്‍ നിന്നും ഓരടി പിന്നോക്കം വച്ചുതുടങ്ങി. പിന്നെ അതിന്റെ അതിരില്‍ നിന്നുതന്നെ അകന്നു പോകാന്‍ തുടങ്ങി.

ഒരിക്കല്‍ , പിന്നൊരിക്കല്‍ , അങ്ങിനെ കയ്യുമ്മുവിനെ ഒടുവില്‍ ആ പരിസരത്തൊന്നും കാണാതായി. ചന്ത കഴിഞ്ഞു മടങ്ങുമ്പോള്‍ കയ്യുമ്മുവിനു വേണ്ടി വാങ്ങുന്ന കുപ്പിവളകള്‍ കാണാന്‍ ചന്തമില്ലാത്ത തിത്തുവിന്‍റെ മെല്ലിച്ച കൈകളില്‍ കിടന്നു ചങ്കുപൊട്ടിക്കരഞ്ഞു.

അവരുടെ കല്യാണത്തിന് അറുത്തു വിളമ്പാനായി കുട്ടിക്കമ്മു ഒരു കൊറ്റനാടിനെ വളര്‍ത്തിയിരുന്നു. ഒരിക്കല്‍ കയര്‍ പൊട്ടിച്ചു പോയ ആ കൊറ്റനെ ഉപ്പിണിപ്പാടത്തുനിന്നും പിടിച്ചു കൊണ്ടുവന്നു വീട്ടുവളപ്പില്‍ കെട്ടിയിട്ടു തിരിച്ചുവന്ന തിത്തുവാണ് അവനെ കയ്യുമ്മുവിന്റെ കുടിയിലേക്ക് ഉന്തിത്തള്ളി പറഞ്ഞു വിട്ടത്. കുഞ്ഞാക്കാ.. എന്തായാലും വേണ്ടില്ല, ഇന്ന് അവളെ ചെന്നൊന്നു കാണണം.

ഒടുവില്‍ കുട്ടിക്കമ്മു സമ്മതിച്ചു.

വറുത്തരച്ച മുളകുമാസാലയില്‍ കിടന്നു വേവുന്ന നല്ല പോത്തിറച്ചിയുടെ മണം ആ പടി കയറുമ്പോഴേ കുട്ടിക്കമ്മു പിടിച്ചെടുത്തു. കയ്യുമ്മുവിന്റെ കുഞ്ഞാങ്ങള വാവയാണ് അവനെ ആദ്യം കണ്ടത്. വീട്ടുമുറ്റത്തുള്ള ഉറുമാമ്പഴ മരത്തിലിരുന്നു  കയ്യാത്താ.. കമ്മുക്കായി ബരുന്നേ.. എന്നവന്‍ വിളിച്ചുകൂവി. അപ്പോള്‍ വീടിന്‍റെ കോലായത്തുനിന്നും ഒരു മിന്നായം പോലെ മറയുന്ന കയ്യുമ്മുവിന്‍റെ പുള്ളിത്തട്ടം കണ്ടു.

അകത്തുനിന്നും പുറത്തേക്കു വന്ന കയ്യുമ്മുവിന്‍റെ ഉമ്മ അവനെ കണ്ടപ്പോള്‍ വിളറി വെളുത്ത പോലെ നിന്നു. പിന്നെ ചോദിച്ചു: കുട്ടിക്കമ്മുവെന്താ പതിവില്ലാതെ ഈവഴിയൊക്കെ..?

തലക്കു മുകളിലൂടെ ചേക്കേറാന്‍ പറന്നു പോകുന്ന കാക്കകളുടെ കരിനിഴല്‍ പരതി മുറ്റത്ത് നില്‍ക്കുന്ന കുട്ടിക്കമ്മുവിനെ അവര്‍ അയഞ്ഞമട്ടില്‍ അകത്തേക്ക് വിളിക്കുകയും ചെയ്തു: വന്നകാലില്‍ നില്‍ക്കാതെ നീ ഇങ്ങോട്ട് കയറി വായോ..

ഇടവപ്പാതി കഴിഞ്ഞു പോയിട്ട് അധികം കാലമൊന്നും ആയിരുന്നില്ല. പൂപ്പല്‍ പിടിച്ചു കറുത്തു പോയ ഒരു നിര ഓടിന്റെ ഇറ മാത്രമെ കുട്ടിക്കമ്മുവിന്‍റെ മുന്നിലുണ്ടായിരുന്നുള്ളു. പരിഭവത്താല്‍ ചുവന്ന് കയ്യുമ്മു ആ ഇറയുടെ അപ്പുറത്ത് ഉണ്ടായിരിക്കുമെന്ന് അവന്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ, കുനിഞ്ഞു കൊണ്ട് ആ ഉമ്മറത്തേക്ക് കയറി നിവര്‍ന്നപ്പോള്‍ മദിച്ചമറി വരുന്ന ഒരു വിത്തുകാളയുടെ മുന്നില്‍ ചെന്നു പെട്ടതുപോലെ കുട്ടിക്കമ്മു നിസ്സഹായനായിപ്പോയി.

അവിടെ, പോരിന് വിളിക്കുമ്പോലെ ഇടം കണ്ണിട്ടുകൊണ്ട് അവനെത്തന്നെ നോക്കിയിരിക്കുന്നു അദ്ദറയമാന്‍ ! ഇടനാഴിയിലൂടെ അകന്നകന്നു പോകുന്നുണ്ട് കുപ്പിവളകളുടെ ചിരിയും വെള്ളിപ്പാദസരത്തിന്‍റെ കിലുക്കവും.



ഉമ്മറത്തു നിന്നും തിരിച്ചിറങ്ങിയ കുട്ടിക്കമ്മു നടന്നുപോയ വഴികളില്‍ തുലാവര്‍ഷം പെയ്തപോലെ കല്ലും മണ്ണും   നനഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു കയ്യുമ്മുവിന്റെ ഉപ്പ അവന്‍റെ കുടിയില്‍ വന്നു. അയാളുടെ കൈപ്പിടിയില്‍ കയറിലെ കുടുക്കില്‍ തൂങ്ങിയ നിലയില്‍ കയ്യുമ്മുവിന്റെ ആട്ടിന്‍കുട്ടിയും ഉണ്ട്. അതിനെ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിട്ട് അയാള്‍ കുഞ്ഞിക്കമ്മതിനോട് പറഞ്ഞു:

കുഞ്ഞിക്കമ്മതെ.. ആട്ടുങ്കുട്ടിക്ക് ചെനപ്പിടിച്ചിരിക്ക്ണ് ട്ടൊ.. ഇഞ്ഞതിനെ നോക്കാനൊന്നും കയ്യൂലടോ.. പിന്നെയ്.. ഞാം വന്നത് ഒരു കല്യാണം വിളിക്കാന്‍ കൂടിയാടോ.. ഇജ്ജൊന്നും വിചാരിക്കരുത് .. മാസം പറന്ന പത്തിന് കയ്യുമ്മൂന്റെ കാനേത്താണ്.. ഞമ്മടെ തച്ചോത്തെ അദ്ദറയമാനായിട്ട്..

കുഞ്ഞിക്കമ്മത് എന്തോ പറയാനും ചോദിക്കാനും വേണ്ടി ആഞ്ഞു. ഒരു പരുക്കന്‍ നോട്ടത്താല്‍ അയാള്‍ അതു മുടക്കി:

ആ.. ഊ.. എന്നൊന്നും പറഞ്ഞിട്ട് ഞ്ഞി ഒരു കാര്യും ല്ല്യ കുഞ്ഞിക്കമ്മതെ.. യോഗള്ളതല്ലേ നടക്കൂ.. പിന്നെ തെങ്ങിന്‍ ചുവട്ടില്‍ കയറില്‍ കുടുങ്ങി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെ നോക്കി നിശ്ശബ്ദം നില്‍ക്കുന്ന തിത്തുവിനോട് പറഞ്ഞു: മാളെ.. എല്ലാരും തലേസം തന്നെ വരണം. ജ്ജി പെണ്ണിന്‍റെ ഒപ്പം പോണം.. ആയിസ്വോ.. അന്നോടും കൂടീട്ടാ പറേണത്.. അത് മറക്കണ്ട ട്ടോ..

രാത്രി കുട്ടിക്കമ്മു വന്നപ്പോള്‍ ബേ..ബേ.. എന്നു വിളിച്ചു ആ ആട്ടിന്‍കുട്ടി കരഞ്ഞു. അവന്‍ തിത്തു പറഞ്ഞതെല്ലാം കേട്ടുകൊണ്ട് കൊട്ടോട്ടിക്കുന്നിലേക്ക് ചാഞ്ഞു തുടങ്ങിയ മുഹറ നിലാവിലേക്ക് നോക്കിയിരുന്നു. പിന്നെയെപ്പോഴോ ആണ്ടാന്‍ മുളകള്‍ കരയുന്ന ഇടവഴിയിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഉപ്പിണിപ്പാടം സ്വര്‍ണ്ണം വിളഞ്ഞു  കിടക്കുകയായിരുന്നു. ആടിനെ തീറ്റാന്‍  കയ്യുമ്മു നടന്നു വരാറുള്ള നെടുവരമ്പിലൂടെ ജിന്നും റൂഹാനികളും കടന്നുപോകുന്ന നട്ടപ്പാതിര വരെ തോട്ടുവക്കിലെ കൈതക്കാട്ടില്‍ അവനിരുന്നു.

ഒടുവില്‍ വഴി തെറ്റി വന്ന ഏതോ ഒരു ജിന്ന് കൈതമുള്ളില്‍ വരിഞ്ഞു കിടന്നിരുന്ന കുട്ടിക്കമ്മുവിനെ സുബഹി നിസ്ക്കാരത്തിനു കുറച്ചുമുമ്പ് ആ ഇറയത്തു കൊണ്ടുവന്നു കിടത്തി.

കയ്യുമ്മുവിന്റെ ആടാണ് ആ കാഴ്ച്ച കണ്ട് ആദ്യം കരഞ്ഞത്. പിന്നെ, ഇന്‍റെ പുന്നാര മോനെ.. അനക്കെന്ത്‌ പറ്റ്യേടാ.. എന്ന നിലവിളിയോടെ ആയിസുമ്മ അവനെ കെട്ടിപ്പിടിച്ചലറി. കുഞ്ഞിക്കമ്മതും തിത്തുവും കൂടി ഉമ്മയെ അടര്‍ത്തി മാറ്റി. കുട്ടിക്കമ്മു കുറച്ചു വെള്ളത്തിനു വേണ്ടി ആംഗ്യം കാണിച്ചു. തിത്തു കൊണ്ടുവന്ന പിഞ്ഞാണത്തിലെ വെള്ളമെല്ലാം അവന്‍ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.

കുട്ടിക്കമ്മുവിന്‍റെ ആടുകളില്ലാതെ പിന്നെയും പെരുമ്പിലാവില്‍ ചന്തകള്‍ നടന്നു.

അദ്ദറയമാന് കന്നിന്റെയും പശുവിന്റേയും കച്ചവടമായിരുന്നു. ചെരിപ്പൂര് നിന്നും ഇടങ്ങഴി പാല്‍ കറവുള്ള ഒരു പശുവിനെ വാങ്ങി പിറ്റേന്നു രാവിലെ വരവൂരില്‍ കെട്ടി,  വീട്ടുകാരുടെ മുന്നില്‍ വച്ചു വെള്ളം കൂട്ടാതെ രണ്ടിടങ്ങഴി പാല്‍ കറന്നെടുക്കുന്ന വിദ്യ അദ്ദറയമാന് മാത്രം സ്വന്തം. അതുകൊണ്ട് കയ്യുമ്മുവിന്‍റെ കഴുത്തിലും കാതിലുമൊക്കെ അവന്‍ ഇഷ്ടംപോലെ സ്വര്‍ണ്ണം ഇട്ടുകൊടുത്തു. ചങ്കേലസ്സും ഇളക്കത്താലിയും കൊടക്കടുക്കനുമെല്ലാം അണിഞ്ഞു ലോകം വെട്ടിപ്പിടിച്ച മട്ടില്‍ അദ്ദറയമാന്‍റെ പിന്നാലെ നടന്നുപോകുന്ന കയ്യുമ്മുവിനെ കൈതകള്‍ക്കിടയില്‍ ഒളിച്ചിരുന്നുകൊണ്ട് അവന്‍ കണ്ടു.

ആട്ടിന്‍ കൂട്ടില്‍ നിന്നും കൊറ്റന്‍റെ മൂളലും മുരള്‍ച്ചയും. ആട്ടിന്‍കുട്ടി ഒഴിഞ്ഞുമാറി കൂട്ടിനുള്ളില്‍ പരക്കം പായുന്നു. കണ്ണുകളില്‍ ഒരു തീക്കൊള്ളിയുമായി കുട്ടിക്കമ്മു ഇമചിമ്മാതെ കൊറ്റനെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. 

ഒരു വെളുപ്പിന് തിത്തു കാണുന്ന കാഴ്ച്ചകള്‍ ഇതെല്ലാമാണ്.

ചെനള്ള ആട്ടിങ്കുട്ട്യാലൊ ന്റെ റബ്ബേ.. ഈ കൊറ്റന്‍ അതിനെ കൊല്ലുംന്നാ തോന്നണ്.. എന്നൊക്കെ പറഞ്ഞു കൊണ്ട് അവള്‍ മുറ്റത്തു കിടന്ന ഒരു കമ്പെടുത്തു. കുട്ടിക്കമ്മു ആ കമ്പുവാങ്ങി കൂടുതുറന്നു. കൊറ്റന്‍ തന്‍റെ കാലില്‍ മുട്ടിയുരുമ്മാന്‍ തുടങ്ങിയപ്പോള്‍ അവന്‍ സര്‍വ്വശക്തിയും എടുത്ത് അതിനെ അടിച്ചോടിച്ചു. ബേ..ബേ.. എന്നു വലിയ വായില്‍ നിലവിളിച്ചുകൊണ്ട് അതു ജീവനും കൊണ്ടോടി. അപ്പോള്‍ തുറന്നു കിടന്നിരുന്ന കൂട്ടില്‍ നിന്നും ആട്ടിന്‍കുട്ടിയും പുറത്തു ചാടി. അവ രണ്ടുംകൂടി പൊളിഞ്ഞു കിടന്ന വേലിയെല്ലാം  ചാടിയോടി.

ഒരു നിമിഷം അവ പോയ വഴിയിലേക്കു നോക്കി നിന്നശേഷം കുട്ടിക്കമ്മു ആടുകളുടെ പിന്നാലെ വച്ചുപിടിച്ചു.

ആടുകള്‍ ഉപ്പിണിപ്പാടത്തിറങ്ങി തോട്ടുവരമ്പിലൂടെ ഓടിത്തുടങ്ങി. കുട്ടിക്കമ്മു അവയുടെ പിന്നാലെത്തന്നെ കൂടി. കുന്നക്കാടന്‍പാല കയറിയിറങ്ങി. തച്ചുകുന്നിന്റെ ചെരുവിലൂടെ പൊട്ടിക്കത്തോട്ടിലെത്തി. പിന്നെ പട്ടന്മാരുടെ വഴിയിലൂടെ അങ്ങാടിയില്‍ കയറി. കുട്ടിക്കമ്മു എന്നും ആടുകള്‍ക്കു പിന്നില്‍ത്തന്നെ നടന്നുകൊണ്ടിരിക്കുന്നത് കണ്ടു പരിചയിച്ച ആളുകള്‍ക്ക് അതില്‍ വലിയ കൌതുകമൊന്നും തോന്നിയില്ല. കുട്ടിക്കമ്മുവും ആടുകളും എഴുമങ്ങാടും ചുറ്റി പോട്ടാലും കടന്ന് ഉപ്പിണിപ്പാടത്തു തന്നെ തിരിച്ചെത്തിയപ്പോള്‍ ആയിസുമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

കുഞ്ഞിക്കമ്മതിനെ തിത്തു തിണ്ണയില്‍ കൊണ്ടിരുത്തി ആ കാഴ്ച്ച കാണിച്ചു കൊടുത്തു.

കുട്ടിക്കമ്മു കിതച്ചും ആടിയുലഞ്ഞും തോട്ടുവരമ്പില്‍ നില്‍ക്കുമ്പോള്‍ ആടുകള്‍ പിന്നെയും തെക്കോട്ടോടി. അവ പിന്നെ എങ്ങോട്ടു പോയി..?

ആടുകള്‍ക്കൊപ്പം ഓടിയെത്താന്‍ കഴിയാതെ കിതച്ചുകൊണ്ടിരുന്ന കുട്ടിക്കമ്മു പിന്നെയും കണ്ണില്‍ കണ്ട വഴികളിലൂടെ അവയെ തിരഞ്ഞു നടന്നു.

ആ വഴികളാണ് ഇപ്പോള്‍ വളര്‍ന്നു വളര്‍ന്ന് വലുതായിക്കിടക്കുന്നത്.

അതിന്‍റെ വശങ്ങളില്‍ വലിയ വലിയ വീടുകളും കെട്ടിടങ്ങളും ഉണ്ടായി. അവിടെ നാല്‍ക്കവലകളും അങ്ങാടികളും വന്നു. അതില്‍ പള്ളിയും  മദ്രസ്സയും അമ്പലവും ആസ്പത്രിയും ഒക്കെയായി. എന്നിട്ടും അവയിപ്പോഴും വഴിപിഴപ്പിക്കാതെ കുട്ടിക്കമ്മുവിനെ കൊണ്ടു നടക്കുന്നുണ്ട്.

കുഞ്ഞിക്കമ്മതും ആയിസുമ്മയും കയ്യുമ്മുവിന്റെ ഉമ്മവാപ്പമാരുമടക്കം നൂറുകണക്കിനാളുകള്‍ പലപ്പോഴായി മരിച്ചുപോയിരുന്നു. കല്ലുവെട്ടാന്‍ പോയിരുന്ന മൊയ്തു തിത്തുവിനെ കെട്ടി. അവള്‍ക്കു കുട്ടികളും പേരക്കുട്ടികളും ഒക്കെയായി. തിത്തു മൂന്നുനേരവും കുട്ടിക്കമ്മുവിനുള്ള ഭക്ഷണം മാറ്റിവയ്ക്കും. ഒരു നിയോഗം പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന തന്‍റെ നടത്തക്കിടക്ക് എപ്പോഴെങ്കിലും അയാള്‍ കയറിവന്ന് എന്തെങ്കിലും കഴിക്കും. കുഞ്ഞാക്കാ.. എന്ന് അവര്‍ ഇടയ്ക്കിടയ്ക്ക് വിളിച്ചുനോക്കും. അയാള്‍ നിസ്സംഗനായി എഴുന്നേറ്റ് പോകും. എന്നാലും ഇടക്കിടക്കവര്‍ കുട്ടിക്കമ്മുവിനെ പിടിച്ചിരുത്തും. സോപ്പ് തേച്ചു കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കും.

കയ്യുമ്മുവിനും അഞ്ചാറു കുട്ടികള്‍ ഉണ്ടായി. അദ്ദറയമാനും മൊയ്തുവും ഒക്കെ ഈ ഇടക്കാലത്തായി മണ്മറഞ്ഞു പോയി. കയ്യുമ്മുവിന്റെ മക്കള്‍ ദുബായിലും ഖത്തറിലും പോയി കഴിയുന്നത്ര സമ്പാദിച്ചു കൊണ്ടുവന്നു. അവര്‍ തച്ചുകുന്നില്‍ ഇരുനിലമാളികകള്‍ പണിതു. കയ്യുമ്മുവിപ്പോള്‍ അഞ്ച് മക്കളുടേയും വീടുകളില്‍ മാറിമാറി താമസിച്ചുകൊണ്ടിരിക്കുന്നു.

നടന്നു തേഞ്ഞ തുരുമ്പിച്ച കാലുകളില്‍ ഒരുവശം ചരിഞ്ഞ്, ആടിയാടിയാണ് ഇപ്പോള്‍ കുട്ടിക്കമ്മുവിന്റെ നടപ്പ്. വെയിലും മഴയും അറിയാത്ത, പകലും രാത്രിയും ഇല്ലാത്ത കുട്ടിക്കമ്മുവിനെ കാണുമ്പോള്‍ കയ്യുമ്മുവിന്റെ ചില മക്കള്‍ ഉമ്മയെ കളിയാക്കാറുണ്ട്:

ഉമ്മാ.. ഉമ്മാടെ ചക്കരമുത്തല്ലേ ആ പോണത്.. ഇങ്ങോട്ടു വിളിക്കട്ടെ..?

ഒന്നു മുണ്ടാണ്ടിരുന്നോ ചെക്കമ്മാരെ.. എന്ന് കയ്യുമ്മ ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ മരുമക്കളും പേരക്കുട്ടികളും എല്ലാം ആര്‍ത്തു ചിരിക്കും. കയ്യുമ്മു ഒരിക്കലും ചിരിച്ചില്ല. കരഞ്ഞുമില്ല. എങ്കിലും ഉപ്പിണിപ്പാടത്തെ ഭൂതകാലം തിമിരക്കാഴ്ച്ചകളായി അവരുടെ കണ്ണുകളിലെപ്പോഴും പീള കെട്ടിക്കിടന്നു.

അങ്ങിനെയൊക്കെയിരിക്കെ ഒരുദിവസം രാവിലെ എഴുന്നേറ്റുവന്നപ്പോള്‍ കുട്ടിക്കമ്മു ഇറയത്ത്‌ ഒതുങ്ങിയിരിക്കുന്നതാണ്  തിത്തുമ്മ കാണുന്നത്. പത്തമ്പത് കൊല്ലങ്ങള്‍ക്കുശേഷം ആദ്യമായാണ് അവര്‍ അങ്ങിനെയൊരു കാഴ്ച്ച കാണുന്നത്.

അവര്‍ അടുത്തുചെന്ന് ഒന്നു നോക്കിയതേയുള്ളൂ.. കഴിഞ്ഞ പത്തമ്പതു കൊല്ലത്തിനുശേഷം ആദ്യമായി കുട്ടിക്കമ്മു വിളിച്ചു: മോളേ.. തിത്ത്വോ..

ഇന്‍റെ കുഞ്ഞാക്കാ.. എന്ന് ഒരു ആര്‍ത്തനാദം കേട്ടു.

മഴയിലും ചെളിയിലും കുതിര്‍ന്നിരുന്ന കുട്ടിക്കമ്മുവിനെ എന്‍റെ കുഞ്ഞാക്കാ.. എന്നു വിളിച്ചുകൊണ്ട് തിത്തുമ്മ കെട്ടിപ്പിടിച്ചു. കുട്ടിക്കമ്മുവിന്‍റെ കണ്ണുകളില്‍ നിന്നും ധാരയായി ഒഴുകിയ കണ്ണുനീര്‍ അവരുടെ തട്ടം കുതിര്‍ത്ത് നരച്ച തലയും നനച്ചു.

ഓടി വന്ന മക്കളും പേരക്കുട്ടികളും ഒക്കെ ആ രംഗം കണ്ടു തരിച്ചു നിന്നു. ചിലരെല്ലാം ആദ്യമായി കുട്ടിക്കമ്മുവിന്‍റെ ശബ്ദം എന്താണെന്നറിഞ്ഞു.

തിത്ത്വോ.. ന്‍റെ.. കയ്യുമ്മു മരിച്ചുപോയെടീ..

കുട്ടിക്കമ്മുവിന്‍റെ ചങ്കില്‍ നിന്നും ഒരു കൊടുങ്കാറ്റിരമ്പി പറന്നുപോകുന്നത് തിത്തുവും കണ്ടു. ഉപ്പിണിപ്പാടത്തെ തരിശുനിലങ്ങള്‍ കടന്ന് അത് തച്ചുകുന്നിന്റെ നെറുകയില്‍ ഇത്തിരിനേരം തങ്ങിനിന്നു. അപ്പോഴേക്കും തിത്തുവിന്റെ കൈകളില്‍ നിന്നും വഴുതി അയാള്‍ ശബ്ദവും ശരീരവും കുഴഞ്ഞു നിലത്തിരുന്നു. കിതച്ചുകൊണ്ട് അവ്യക്തമായിട്ടാണെങ്കിലും അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു:

ന്റെ കയ്യുമ്മു മരിച്ചുപോയി..

ഒന്നും മനസ്സിലാവാതെ തിത്തുമ്മ എല്ലാവരെയും മാറിമാറി നോക്കി.

കേട്ടത് ശരിയാണോ എന്നറിയാന്‍ ആരോ തച്ചോത്തേക്ക് വിളിച്ചു ചോദിച്ചു:

സുബഹി നിസ്കാരം കഴിഞ്ഞപ്പോള്‍ കയ്യുമ്മാക്കൊരു തളര്‍ച്ചയുണ്ടായെന്നും അപ്പോള്‍ എല്ലാവരും വല്ലാതെ ബേജാറായിപ്പോയെന്നും എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി അവര്‍ ചായ കുടിച്ചു കഴിഞ്ഞ് വിശ്രമിക്കുകയാണെന്നും മറുപടി വന്നു. അതു കേട്ടപ്പോള്‍  തിത്തു ഇക്കയുടെ നെറുകില്‍ ആശ്വസിപ്പിക്കും വിധത്തില്‍ തലോടി. കുട്ടിക്കമ്മു തിത്തുവിന്റെ കൈകളില്‍ പിടിച്ചുകൊണ്ട് എഴുന്നേറ്റു നിന്നു. ഇലകള്‍ വാടിയ ഒരു പടുമരം പോലെ അയാള്‍ അപ്പോഴും ആടിയുലഞ്ഞു കൊണ്ടിരുന്നു. അപ്പോഴും തുപ്പലിനൊപ്പം ആ ചുണ്ടില്‍ നിന്നും വക്കുപൊട്ടിയ വാക്കുകള്‍ ചിതറി വീണു:

ന്റെ കയ്യുമ്മു..പോയി..


ഒന്നുല്ല്യ ന്റെ കുഞ്ഞാക്കാ.. എന്ന് തിത്തുവിന്റെ ഉള്ളില്‍ കെട്ടിനിര്‍ത്തിയിരുന്ന കൊക്കാട്ടിച്ചിറ പൊട്ടിയൊലിച്ചപ്പോഴേക്കും കാറ്റ് പിടിച്ച ഒരപ്പൂപ്പന്‍ താടിപോലെ കുട്ടിക്കമ്മു വഴിയിലെവിടെയോ മാഞ്ഞു പോയി. ഇടവഴിയുടെ  ഇലയനക്കങ്ങളില്‍ നിന്നും ഒരിണക്കിളിയുടെ നിലവിളി പോലെ പിന്നെയും കുറേനേരം തിത്തു കുട്ടിക്കമ്മുവിനെ കേട്ടുകൊണ്ടിരുന്നു.

പിന്നെയും ഒന്നോ രണ്ടോ നിമിഷങ്ങള്‍ക്കു ശേഷം തച്ചോത്തു നിന്നും  മറ്റൊരു വിളികൂടിയെത്തി.

കയ്യുമ്മ മരിച്ചു..

രാത്രി മുഴുവന്‍ മഴ പെയ്തുകൊണ്ടിരുന്നു.

പിറ്റേന്ന് വെളുത്തപ്പോള്‍ ഉറുമ്പുകളുടെ അറ്റം കാണാത്ത വരികള്‍ പോലെ ആളുകള്‍ പള്ളിക്കാട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവിടെ കയ്യുമ്മയുടെ കബറിന്‍ തലക്കല്‍ പുതുമണ്ണില്‍ ഉറച്ചു പോയ കുട്ടിക്കമ്മു ഒരു കല്ലായി മാറിയിരിക്കുന്നു.



ചിത്രങ്ങള്‍ : ഗൂഗിള്‍ , മഴവില്‍ മാഗസിന്‍