Post Page Advertisement [Top]

...

ഒരുപാട്




ഒരു  മഴപെയ്താലും പാട്
പെരുമഴ  പെയ്താലും പാട്
പുര  പെയ്താലതിലേറെ പാട്
പുറത്തറിയും മുറിപ്പാട്.

ഒരുപിടിയരിയുടെയന്നം
അതു വച്ചുവിളമ്പുന്ന ജന്മം
അരി വെന്തുതീരാനും പാട്
അകം വെന്താലാറാനും പാട്.

ഒരു പനി കൂടെയുണ്ടെന്നും
മറുപടി വായിലുണ്ടെന്നും
പണിതരുമ്പോളൊരുപാട്
പണം തരുമ്പോള്‍ വഴിപാട്

ഒരു  പൊന്നിന്‍ ചിരിയുണ്ട് കാതില്‍
ഒരു കോടിക്കസവുണ്ട് നെഞ്ചില്‍
പുര നിറഞ്ഞോളെന്നു പേര്
തല തിരിഞ്ഞോളല്ല,നേര്.

വല്ലോരും വന്നാലും ചോദ്യം 
നല്ലോരു വന്നാലും ചോദ്യം 
എന്തു കൊടുക്കുമെന്നാദ്യം 
എല്ലാം കൊടുക്കുവാന്‍ മോഹം.

ചോദ്യങ്ങള്‍  പുരവട്ടം ചുറ്റും 
ഉത്തരം പലവട്ടം മുട്ടും.
ഉത്തരം കാണുമ്പോള്‍ ഞെട്ടും 
ഉള്ളിലെ കെട്ടെല്ലാം പൊട്ടും.

ഒരുമുഴം കയറപ്പോള്‍ കണ്ണില്‍ 
ഒരു ഭയം കടലോളമുള്ളില്‍
വീണ്ടും വിചാരമുദിക്കും,ഒരു
വിശ്വാസമുള്ളില്‍ പുതുക്കും 

ഇഹലോകം വാടകവീട്
പരലോകമെന്‍ തറവാട്.


c
  1. ആദ്യമായി വന്നു
    ആദ്യനായി വാഴിച്ചു...
    ഇസ്ടാമായി ഒരുപാട്

    ReplyDelete
  2. ഒരു പാട് നന്നായിരിക്കുന്നു.

    ReplyDelete
  3. അപ്പാടോന്നുമൊരു പാടല്ല .... പാടാതിരുന്നാല്‍...പെയ്യാതിരുന്നാല്‍ .. അപ്പാടാണ് പാടെന്റെ കൂട്ടരേ....

    ഇത്രേം എഴുതിയതിനു ശേഷാണ് കവിത കണ്ടത്...ഞാന്‍ കുറച്ചൂടെ സീരിയസ് ആവെണ്ടിയിരുന്നു...അത്രയ്ക്ക് നന്നായിരിക്കുന്നു ഈ വരികള്‍...

    ReplyDelete
  4. :)
    വാടകവീട്ടിലെന്തെല്ലാം സഹിക്കണം!
    കവിതയും പുതുമയും ഇഷ്ടമായി

    ReplyDelete
  5. ഇത് നല്ല പാട്. കവിത ഇഷ്ടമായി.

    ReplyDelete
  6. പരലോകമാണോ തറവാട്? അത്ര വേണോ? കവിത ഇഷ്ടമായി..ഇവിടെ പൊരുതി ജയിച്ചൂടെ

    ReplyDelete
  7. ഒരുപാടു പേര് പെടാപ്പാടു പെടുന്ന വീടുകൾ കണ്ടു ഈ കവിതയിൽ! എന്താണൊരു പരലോകവിചാരം, ശ്രീദേവി പറഞ്ഞ പോലെ?

    ReplyDelete
  8. ജീവിതമെൻ വൃതമായെന്നും
    ജീവിച്ചു തീർക്കുമീ പ്രാണനുയരുവോളം

    ReplyDelete
  9. അയ്യോപാവം / ജുവൈരിയ സലാം/ നൗഷാദ്‌കൂടരഞ്ഞി / നിശാസുരഭി / ഭാനു കളരിക്കല്‍ / ശ്രീദേവി / രമേശ് അരൂര്‍ / ശ്രീനാഥന്‍ / കലാവല്ലഭന്‍..
    വിലപ്പെട്ട വായനക്ക് എല്ലാവര്‍ക്കും നന്ദിയറിയിക്കട്ടെ.
    ശ്രീദേവിയും,ശ്രീനാഥന്‍ സാറും..എടുത്തെഴുതിയപ്പോഴാണ് മനസ്സിലായത്‌,വരികളില്‍ ഒരര്‍ത്ഥശങ്കക്കിടവരുന്നു എന്ന്..ഒരുമുഴം കയറിന്റെ ചിന്തയില്‍ നിന്നും മനസ്സ് പിന്‍വാങ്ങുന്നത് പരലോകത്തേക്കുറിച്ച ഒരു കടലോളം പോന്ന ഭയപ്പാട് കൊണ്ടാണ്.ഇഹലോകത്തില്‍ അങ്ങിനെ പൊരുതി ജയിക്കാന്‍ ഈ പരലോകഭയം ഒരു വിശ്വാസിയെ സഹായിക്കുമെന്നാണെന്റെ അഭിപ്രായവും.

    ReplyDelete
  10. ഒരു മുഴം കയറിൽ നിസാരമായി എല്ലാം അവസാനിച്ചേക്കാം. അപ്പോഴും ഉള്ളിൽ പ്രതീക്ഷയുടെ തിരി തെളിഞ്ഞാ‍ൽ അതിജീവനത്തിനും വഴിതെളിയാം. നല്ല പ്രതീക്ഷകളാണല്ലോ മനുഷ്യനെ മുന്നോട്ടുനയിയ്ക്കുന്നത്.
    മനോഹരമായ വരികൾ..
    ആശംസകൾ..

    ReplyDelete
  11. എന്തു പറയണം എന്നറിയില്ല. നല്ല അര്‍ത്ഥവത്തായ വരികള്‍ നല്ല പ്രാസത്തോടെ മനോഹരമായി

    ReplyDelete
  12. ''മുട്ടുവിന്‍ തുറക്കപ്പെടും''
    ''അന്യേഷിപ്പിന്‍ കണ്ടെത്തും''

    ReplyDelete
  13. "ഒരുപാട് ".....നന്നായിരിക്കുന്നു....
    :)

    ReplyDelete
  14. ജീവിതസത്യങ്ങളിലേയ്ക്കുള്ള ഒരു പ്രകാശപ്രസരണം.

    പ്രാസബദ്ധം, താളബദ്ധം, കാവ്യാംശസമ്ര്‌ദ്ധം.

    നന്നായി.

    ReplyDelete
  15. എന്തൊരാശ്വാസം..
    ദൈവവിശ്വാസം തുണയാകുന്നെങ്കിൽ തുണയാകേണ്ടത് ഇങ്ങനെയാണ് മനുഷ്യന്..

    ReplyDelete
  16. മിക്കവാറും എല്ലാ കവിതകളിലൂടെയും കടന്നു പോയി. ഇഷ്ടപ്പെട്ടു.
    വായിച്ച് വളരെ സന്തോഷം തോന്നി.

    ReplyDelete
  17. ഒരുപാട് ഒരുപാടിഷ്ടായി.....

    ജയരാജന്‍ വടക്കയില്‍

    ReplyDelete
  18. നല്ല കവിത. നല്ല ചിന്തകൾ!

    ReplyDelete
  19. നന്നായിട്ടുണ്ട്.............
    ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete