Post Page Advertisement [Top]

...

അയ്യപ്പന്‍റെ വഴികള്‍

യ്യോ..പാമ്പ്..!

വീടിനു മുന്നിലുള്ളത് ഒരു വീതി കുറഞ്ഞ ഇടവഴി.അവിടെ നിന്നാണ്  കുട്ടികളുടെ  കൂക്കുവിളി.നോക്കിയപ്പോള്‍  കുറച്ചു കുട്ടികളും ചില അയല്‍ക്കാരും വട്ടം കൂടി നില്‍ക്കുന്നുണ്ട്.

വഴിയരികിലെ മാളത്തില്‍ വാലും  ഉടലില്‍ പകുതിയും ഒളിപ്പിച്ചു കൊണ്ട് കിടക്കുന്ന പാമ്പിനെ അയ്യപ്പനാണ് ചൂണ്ടിക്കാണിച്ചു തന്നത്.

അത് വഴിയില്‍ വിലങ്ങനെ ഇഴയുന്നത് ഞാനാണ് ആദ്യം കണ്ടതെന്ന രണ്ടു കുട്ടികളുടെ  ചെറിയൊരു തര്‍ക്കത്തിനു നടുവിലായിരുന്നു അപ്പോള്‍ അയ്യപ്പന്‍.
തങ്ങളെങ്ങിനെയാണ്  അതിനെ ചവുട്ടി ചവുട്ടിയില്ല എന്ന മട്ടില്‍ ചാടി രക്ഷപ്പെട്ടതെന്ന കുട്ടികളുടെ വിവരണം എല്ലാവരേയും പേടിപ്പെടുത്തുന്നുണ്ട്.

-വരയും പുള്ളിയും കണ്ടില്ലേ..ഇതു കരിമൂര്‍ഖന്‍  തന്നെ.

-അല്ലല്ല..ഇത് തനി വെമ്പാലയാണെന്നാ തോന്നുന്നെ..

-എന്തായാലും ഇതു ചില്ലറ ഇനമൊന്നുമല്ല..

ഇങ്ങിനെ ഒരുപാടഭിപ്രായങ്ങള്‍ പാമ്പിനെ ചുറ്റിപ്പറ്റി പത്തി വിടര്‍ത്തിയിട്ടുണ്ട്.
-കുട്ടികള്‍ കളിച്ചു നടക്കുന്ന വഴിയാണ്..

-ഇപ്പോള്‍ കണ്ടത് ഏതായാലും നന്നായി ..

ബഹളം കണ്ടോ കേട്ടോ എന്തൊ കാര്യം പന്തിയല്ലെന്നു തോന്നിയത് കൊണ്ടായിരിക്കണം പാമ്പ് മെല്ലെ അതിന്‍റെ തലവരെ പൊത്തിനകത്തേക്ക് വലിച്ചു കളഞ്ഞു.

-ഇതിനെ അങ്ങിനെ വിട്ടാല്‍ പറ്റില്ലട്ടോ...വഴി നടക്കേണ്ടതല്ലേ..?

-അയ്യപ്പാ അതിനെ എങ്ങിനെയെങ്കിലും ഒന്നു കൊല്ലണം..

മുന്നില്‍ അയ്യപ്പനുണ്ടല്ലോ എന്ന ഒരു ആശ്വാസം  എല്ലാവരുടെയും ഈ ആവേശത്തിനു പിന്നില്‍ ഉണ്ട്. ഏതു പാതിരക്കും ഒരു വിളക്കും വെളിച്ചവുമില്ലാതെ അയ്യപ്പന്‍ ആ വഴിയെല്ലാം നടക്കും.തേങ്ങ എന്നു പറഞ്ഞാല്‍ മതി ആള്‍ തെങ്ങിന്‍ മണ്ടയിലെത്തിയിരിക്കും.വേലികെട്ടണമെങ്കില്‍ മുളയും കയറി വെട്ടും.വിറകു കീറും.കിണറ്റിലിറങ്ങി മണ്ണെടുക്കും. ആകേയുള്ള ഒരു കുഴപ്പം പണിയില്ലാത്തപ്പോഴെല്ലാം ആള്‍ വെള്ളത്തിലായിരിക്കുമെന്നതാണ്.

-അയ്യപ്പന്‍ തന്നെ അതിനെ കൊല്ലണം.

അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി.

അയ്യപ്പനു പക്ഷെ ഇത് അതിലും എത്രയോ നിസ്സാരം. അയ്യപ്പന്‍ പറഞ്ഞു:

-ആരും അങ്ങോട്ടു പോകണ്ട.. കുറച്ചു കഴിഞ്ഞാല്‍  അതതിന്‍റെ പാട്ടിനു പോയ്ക്കോളും..

-അപ്പൊ ആര്‍ക്കും വഴി നടക്കെണ്ടെന്നോ..വന്നു നോക്കയ്യപ്പാ അതിന്റെ കിടപ്പും നോട്ടം ഒക്കെ..

അയ്യപ്പനൊഴികെ അടുത്തു ചെന്നു നോക്കിയവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്, ഈ കിടപ്പ്, നാക്ക് മാത്രം ഇടയ്ക്കിടെ പുറത്തിട്ടുള്ള അതിന്‍റെ തല്‍ക്കാലത്തെ ഒരടങ്ങലാണ്. തരം കിട്ടിയാല്‍ ഇനിയും അതു പുറത്തു വന്നു ഇങ്ങിനെയുള്ള  അപഥസഞ്ചാരം തുടരും.

അയ്യപ്പന്‍ മാത്രം അതൊന്നും സമ്മതിക്കുന്ന മട്ടില്ല :

-ഒന്നുല്ല്യാന്നും..ആളൊഴിഞ്ഞാ അത് അതിന്‍റെ  പാട്ടിനു പൊക്കോളും..

-അതല്ലയ്യപ്പാ ഈ കൊച്ചു കുട്ട്യോളെല്ലാം സ്കൂളിലേക്ക് പോയി വരണ വഴ്യല്ലേ.. അതോണ്ടാ.. പേടി..

-ഉച്ചക്ക് മൂന്നു നേരം ഞാനും ഈ വഴ്യന്നല്ലേ  പോണത്.. അങ്ങിനെ ഒന്നും ണ്ടാവുല്ല്യാന്നും..

-എന്ന് വച്ചു കണ്ണില് കണ്ടിട്ട് അങ്ങിനതിനെ വെറുതെ വിടാന്‍ പറ്റ്വോ? അതൊന്നും ശര്യാവില്ല്യ..

- ഇങ്ങളൊക്കെക്കൂടി ഇന്നെന്‍റെ പണി മുടക്കൂന്നാ തോന്നണത്.. ഹല്ലാ പിന്നെ ..
ദേഷ്യം വന്നാല്‍ അയ്യപ്പന്‍ വെറുതെ വട്ടം കറങ്ങാന്‍ തുടങ്ങും.

-അതേയ്.. നിനക്ക് വെള്ളത്തിനുള്ളത് ഒപ്പിച്ചു തന്നാല്‍ പോരെ?.. ഒന്ന്ചെല്ല് ന്‍റെയ്യപ്പാ.

ഒടുവില്‍ ആ വലയില്‍ അയ്യപ്പന്‍ വീണുപോയത് പോലെ തോന്നി. അയാള്‍ കറക്കം നിര്‍ത്തി:

-എന്തെങ്കിലും ആവട്ടെ..നല്ല നീളള്ളൊരു വടി  വേണം..ഒരു വെട്ടുകത്തീം..

ക്ഷണനേരം കൊണ്ട് വടിയും വെട്ടുകത്തിയുമെത്തി. അയ്യപ്പന്‍ പറഞ്ഞു:

-എല്ലാരും കൊറച്ച് ഒഴിഞ്ഞു മാറി നിന്നോളിന്‍..ആ കുട്ട്യോളൊക്കെ ഒന്നങ്ങട്ടു മാറ്റിക്കോളിന്‍..

വെട്ടുകത്തികൊണ്ട് വടിയുടെ തല കൂര്‍പ്പിച്ച് മുന നോക്കുമ്പോള്‍ അയ്യപ്പന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു:

-ചെലപ്പത് പറന്നും വന്നൂന്ന് വരും..ആയിനം സാധനാ..

എല്ലാവരും മാറിപ്പോയപ്പോള്‍ അയാള്‍ മാളത്തിനടുത്തു ചെന്ന് പാമ്പിന്‍റെ ആ അടങ്ങിക്കിടപ്പ് നോക്കി കുറച്ചു സമയം നിന്നു. പിന്നെ മുനയുള്ള വടിത്തല മാളത്തിലേക്കാഴ്ത്തി ഒന്നു തിരിച്ചു. പാമ്പിന്‍റെ പത്തിയിലേക്കാണ് വടി കുത്തിത്താഴ്ത്താന്‍ പോകുന്നത് എന്നു വിശ്വസിച്ച്‌ ഞങ്ങളെല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു.

പൊത്തില്‍ കിടന്ന പാമ്പ് പ്രത്യക്ഷമായൊരു എതിര്‍പ്പും പ്രകടിപ്പിക്കാനാതെ കീഴടങ്ങുന്നത് വായിച്ചെടുക്കുവാനായി ഞങ്ങളിലേക്ക് തന്നെ മുഖം തിരിച്ചു വച്ചാണ് അയ്യപ്പന്‍റെ നില്‍പ്പ്. അതിന്‍റെ മരണ പരാക്രമം അവസാനിക്കുവോളം അയ്യപ്പന്‍ അങ്ങിനെത്തന്നെ ഞങ്ങള്‍ക്ക് നിന്നുതന്നു.

പിന്നെ അയാള്‍ ഒരു ബീഡി കത്തിച്ചു നാലു പുക വലിച്ചു വിടുന്നതാണ് കാണുന്നത്. സംഗതി ശുഭപര്യവസായിയായി അവസാനിച്ചു എന്നുള്ളതിനുള്ള ഏക തെളിവായി അത്. ആശ്വസിച്ചതിനോടൊപ്പം  അയ്യപ്പനു കൊടുക്കാനുള്ളത് സംഘടിപ്പിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു ഞങ്ങള്‍.

അയ്യപ്പന്‍ എല്ലാവരെയും വിളിച്ചു:

-ഇനി വന്നോളിന്‍.. പിന്നെ, ഒരു കൈക്കൊട്ടും വേണം?

കൈക്കോട്ടു കിട്ടിയപ്പോള്‍ വഴിയില്‍ നിന്നു കുറച്ചു മണ്ണു കിളച്ചെടുത്ത്അയാള്‍ ആ മാളം  അടച്ചു. പിന്നെ അവിടെയെല്ലാം  മണ്ണിട്ടമര്‍ത്തി ഒരു പരുവമാക്കി. ഇപ്പോള്‍ അങ്ങിനെയൊരു പൊത്തൊ, പാമ്പോ  ഒന്നും അവിടെ ഉണ്ടായിരുന്നുവെന്നു കരുതാന്‍ ഒരു വഴിയുമില്ല.അത്ര മാത്രം വൃത്തിയായിരിക്കുന്നു!

അയ്യപ്പന്‍ ചോദിച്ചു:

-ന്താ ഇങ്ങിനെ പോരെ?

-മതി..മതി

എല്ലാവര്‍ക്കും സന്തോഷം.

-ന്നാ ഞാന്‍ പോട്ടെ..

-ന്നാ ഇത് വച്ചോ..

ആ സന്തോഷത്തില്‍ ഞങ്ങളെല്ലാവരും മടങ്ങിപ്പോരുമ്പോളാണ് രണ്ടടി നടന്നു കഴിഞ്ഞ  അയ്യപ്പന്‍ തിരിഞ്ഞു നിന്നു ഇങ്ങിനെ പറയുന്നത് :

-അതേയ്.. ന്നാലും എല്ലാവരും ഒന്ന് സൂക്ഷിച്ചും കണ്ടൂം  ഒക്കെ നടന്നാ മതി ട്ടോ. അതിന്‍റെ തൊണെയ് ഇവിടെവിടെങ്കിലും ഒക്കെണ്ടാവും..  നല്ല ഒന്നാന്തരം സാധനാണ്.. ഒന്നൂതിയാ മതി.. പകവച്ചും അവറ്റ കടിക്കും!

ചെറിയൊരു പൊത്തുള്ളതടച്ചു അതിലും വലിയ മറ്റൊന്ന് തുറന്നു വച്ചു തന്നിട്ടാണ് അയ്യപ്പന്‍റെ ഒരു തമാശ.

-അങ്ങന്യാച്ചാ അതയ്യപ്പനെത്തന്നെയാവും ആദ്യം പിടിക്കുക.
  
ആര്‍ക്കോ ദേഷ്യവും വന്നു.

-അതേയ്.. ഞാനേതു നാട്ടപ്പാതിരക്കും നടക്കുന്നോനാ.. നിങ്ങളൊക്ക്യോ? ഒരു ദിവസം ഒറക്കമൊഴിച്ചു ഇരുന്നു നോക്ക്യാലറിയാം ഈ വഴീക്കൂടെ പോണ സാധനങ്ങളെ!പാമ്പും പെരുച്ചാഴീം കുറുക്കനും ഒന്ന്വല്ല..നിങ്ങളാരും ജീവിതത്തില് കാണാത്തോരോ ജന്തുക്കള്..!

ആരെങ്കിലും എന്തെങ്കിലും പറയുന്നോ ചോദിക്കുന്നോയെന്നൊന്നും   ശ്രദ്ധിക്കാതെ അയ്യപ്പന്‍ ഒരു വളഞ്ഞ വഴിയില്‍ മറഞ്ഞു.

അല്ലെങ്കിലും എന്തിനാപ്പൊ അതിനെ കൊന്നതെന്ന  ചോദ്യങ്ങളും  അതിനു കൈമലര്‍ത്തി ആവോയെന്ന്  കണ്ടെത്തുന്ന ഉത്തരങ്ങളുമായി   ഞങ്ങളുടെ കുട്ടികള്‍  മുന്നില്‍  നടക്കുന്നു.  അറിയുന്നുണ്ട്, അയ്യപ്പന്‍ അതിനെ കൊന്നോ എന്ന ഞങ്ങളില്‍ ചിലരുടെ സംശയത്തിന് ആവോയെന്ന ചില മറുപടി ഞങ്ങളെത്തന്നെ പിന്തുടരുന്നത്.

സന്ധ്യക്ക് പണി കഴിഞ്ഞു തിരിച്ചു പോകുന്ന അയ്യപ്പന്‍റെ അയ്യോ.. പാമ്പ് എന്ന നിലവിളി കേട്ട് ഓടിച്ചെന്നപ്പോള്‍ അയാള്‍ ചോരയൊലിക്കുന്ന കാലുമായി നില്‍ക്കുന്നതും പിന്നെ  ആംബുലന്‍സില്‍ നിന്ന്   ഒരു മൃതദേഹം ഇറക്കുന്നതിന്‍റെ  വര്‍ണ്ണനകളും ഒക്കെയായി ഈ കഥ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ  അതു ജീവിതത്തിലായിരുന്നുവെങ്കില്‍ ..

പക്ഷെ ഇതങ്ങിനെയല്ല.

 പതിവു തെറ്റാതെ സന്ധ്യക്ക്  അയ്യപ്പന്‍ വരുന്നത് കണ്ടു, ഇടവഴിയില്‍  അരയോളം  വെള്ളമുണ്ടെന്ന മട്ടില്‍ ആയാസപ്പെട്ടുള്ള നടത്തം. ചുണ്ടില്‍ ചുറ്റുപാടുകള്‍ക്ക് യോജിക്കാത്ത ചില അപൂര്‍വ്വരാഗങ്ങള്‍. ചിലപ്പോള്‍ ചുഴികളില്‍ പ്പെട്ടു  മുങ്ങിനിവര്‍ന്ന മുഖം.

മുന്നിലെത്തിയപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെ അയ്യപ്പനൊന്നു  നിന്നു. പിന്നെ  ചിരിപൊട്ടിയ   മുഖം പൊത്തിപ്പിടിച്ചു  നടന്നു.

എന്തോ ഒന്ന് ആ ചിരിയില്‍ അയാള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

എല്ലാം തികഞ്ഞതിന്‍റെ ഒരു അഹങ്കാരമൊന്നും അല്ലത്. ചിലപ്പോള്‍ എല്ലാം സഹിക്കുന്നതിനുള്ള ഒരഭ്യാസമായിരിക്കണം.
c
  1. ഇത് പോലുള്ള അയ്യപ്പന്മാര്‍ എന്റെ നാട്ടിലുമുണ്ട്...
    നന്നായി എഴുതി .........ഭാവുകങ്ങള്‍.

    ReplyDelete
  2. "മുന്നിലെത്തിയപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെ അയ്യപ്പനൊന്നു നിന്നു. പിന്നെ ചിരിപൊട്ടിയ മുഖം പൊത്തി നടന്നു.
    എന്തോ ഒന്ന് ആ ചിരിയില്‍ അയാള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്".

    അവസാന ഭാഗം അല്‍പ്പവും മനസ്സിലായില്ലെനിയ്ക്ക്. എന്തിനായിരുന്നിരിക്കാം അയ്യപ്പന്‍ ചിരിച്ചത്

    ReplyDelete
  3. ദുരൂഹതയുണ്ട് കഥക്ക്, എന്തൊക്കെയോ ഒളിപ്പിച്ചിട്ടുണ്ട്, കഥാകാരൻ, സംഭവം നന്നായി. അയ്യപ്പൻ ആ പാമ്പിനെ കൊല്ലാൻ ഒരു സാധ്യതയുമില്ല, ആറങ്ങോട്ടുകരയിലെ മുഹമ്മദ് സാഹിബിന്റെ ആളല്ലേ പുള്ളി! എറുമ്പിനെപ്പോലും ഉപദ്രവിക്കില്ല, ഈ അണ്ഡകടാഹത്തിലെ ഒന്നിനേയും!

    ReplyDelete
  4. അയ്യപ്പന്‍റെ ചിരി മായാതെ നില്‍ക്കുന്നു...
    ആശംസകള്‍

    ReplyDelete
  5. കഥ വളരെ ഇഷ്ടായി....ഇത്തരം കഥാപാത്രങ്ങള്‍ എല്ലാ നാട്ടിലും ഉണ്ടാവാറുണ്ട്..ആശംസകള്‍..

    ReplyDelete
  6. valare manoharamayi paranju..... aashamsakal....

    ReplyDelete
  7. എല്ലാവരുടെയും കണ്ണില്‍ പോടിയിട്ടാണെലും അന്നത്തെ അന്തിക്ക്‌ മോന്താനുള്ളത് പുള്ളി ഒപ്പിച്ചു....

    ReplyDelete
  8. നിങ്ങളെഎല്ലാവരെയും പറ്റിച്ച ചിരിയാണ് അയ്യപ്പന്‍ ചിരിച്ചതെന്ന് മനസ്സിലായി. ഗ്രാമ്യ നര്‍മകഥകള്‍ എന്നും എല്ലാവര്ക്കും ഇഷ്ടമാണ്. നന്നായി

    ReplyDelete
  9. നാടന്‍ കഥയും ,എഴുത്തും , അയ്യപ്പ ചരിതവും, കള്ളച്ചിരിയും നന്നായി

    ReplyDelete
  10. അയ്യപ്പന്‍ ആള് കൊള്ളാലോ

    ReplyDelete
  11. ഞൊടുക്ക് വിദ്യകള്‍ പലതും പലരും പല സന്ദര്‍ഭങ്ങളിലും പ്രയോഗിക്കും. അന്നന്നത്തെ ആവശ്യത്തിനുല്ലത്. അതുകൊണ്ട് തന്നെ ഒരു ഭയം കൂടി വിതറിയാണ് അയ്യപ്പന്‍റെ പോക്ക്.
    അയ്യപ്പന്‍ ഇനിയും അവിടെ വരും. പൊത്തുകളടക്കാന്‍.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  12. അതി മനോഹരമായ്‌ അവതരിപ്പിച്ചു...ആശംസകൾ

    ReplyDelete
  13. എനിക്ക് എവിടെയൊക്കെയോ കണ്‍ഫ്യൂഷന്‍..

    ReplyDelete
  14. മിസിരിയനിസാര്‍,ശ്രീക്കുട്ടന്‍,ശ്രീനാഥന്‍,ഇസ്മായില്‍ കുറുമ്പടി,bijli,ജയരാജ് ‌മുരുക്കുംപുഴ,ശങ്കരനാരായണന്‍ മലപ്പുറം,വിരല്‍ത്തുമ്പ്,സലാം പോട്ടെങ്ങല്‍,ജാസ്മിക്കുട്ടി,പ്രദീപ്‌ പേരശ്ശന്നൂര്‍,റെഫി,അബ്ദുള്‍കാദര്‍ കൊടുങ്ങല്ലൂര്‍,അനീസ,പട്ടേപ്പാടം റാംജി,വരവൂരാന്‍,സോബ്സ്‌..അഭിപ്രായങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി.
    ശ്രീക്കുട്ടന്‍..എല്ലാവരെയും പറ്റിച്ച നിഷ്കളങ്കമായ ഒരു ചിരിയാവാം അത്.അല്ലെങ്കില്‍ ശ്രീനാഥന്‍സാര്‍ പറഞ്ഞത് പോലെ തീര്‍ച്ചയായും എന്തോ ദുരൂഹതയുണ്ടാവാം..സോബ്സ്‌..ഈ കണ്ഫ്യൂഷന്‍ കഥയില്‍ മനപ്പൂര്‍വ്വം ആവേശിപ്പിച്ചതാണ്.

    ReplyDelete
  15. നല്ല കഥയാണല്ലോ, അനുഭവം?

    കഥാകാരന്‍ കഥാന്ത്യത്തില്‍ പറഞ്ഞത് തന്നെയാണ് പലരും ചിന്തിക്കുക. കഥ അവസാനിപ്പിച്ച രീതിയും ഇഷ്ടമായി.
    പുതുവത്സരാശംസകളോടെ..

    ReplyDelete
  16. കഥയുടെ ഒടുക്കം ഒരു ദുരൂഹതയും ദുര്ഗ്രാഹ്യതയും ഉണ്ടെന്നു പറയാതെ വയ്യ ..എഴുത്തിന്റെ രീതി ഇഷ്ടപ്പെട്ടു ..ചില വാന്ഗ്മയ ചിത്രങ്ങളും തെളിഞ്ഞു ..ആശംസകള്‍

    ReplyDelete
  17. അയ്യപ്പൻ റബ്ബർ പാമ്പ്‌ വെച്ച്‌ ഒരു കളി കളിച്ചതാണെന്നാ തോന്നുന്നേ..

    രചന നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങൾ.

    ReplyDelete
  18. എന്തോ ഒന്ന് ആ ചിരിയില്‍ അയാള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

    enikku manassilaayi.

    ReplyDelete
  19. അയ്യപ്പന്റെ അടുത്ത് പുലിക്കളി വേണ്ട. കഥ വളരെ ഇഷ്ടായി. വളരെ നന്ദി.

    ReplyDelete