Post Page Advertisement [Top]

...

നിശ്ശബ്ദമായ നിലവിളികള്‍



ന്തൊരു ഉറുമ്പുകള്‍..! നോക്കുന്നിടത്തെല്ലാം  ഉറുമ്പുകള്‍ത്തന്നെ‍..!.

ഒരു  ഗ്ലാസ്സ്ചായ പോലും എടുത്തു വക്കാന്‍ പറ്റുന്നില്ല. ഇവറ്റകള്‍ മണത്തറിഞ്ഞ് എത്തിക്കൊള്ളും.  ദൈവമേ ഇതെന്തൊരു കഷ്ടപ്പാടാണ്..!

കുറെ ദിവസങ്ങളായി അയാള്‍ ഇത്തരത്തിലുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

ഒരു വീടാകുമ്പോള്‍ ഉറുമ്പും ചിതലും ഒക്കെ കാണുമെന്ന പതിവു പല്ലവിയോടെ അതെല്ലാം   അവഗണിച്ചു തള്ളുകയായിരുന്നു അയാള്‍

പക്ഷെ  ഇപ്പോള്‍ അയാള്‍ക്കും ചിലതെല്ലാം ബോധ്യപ്പെട്ടു തുടങ്ങി. അവളുടെ വാക്കുകള്‍ തൊട്ടുതൊടുന്നിടത്തു നിന്നെല്ലാം  ഉറുമ്പുകള്‍ അരിച്ചു കയറുന്നുണ്ട്.

കടിക്കുന്നവയും കടിക്കില്ലെങ്കിലും  കണ്ണിലൊരു കരടായി മാറുന്നവയും  നോക്കുന്നിടത്തെല്ലാം കാണുന്നവയും അങ്ങിനെ  എല്ലാം  അക്കൂട്ടത്തിലുണ്ട്.  പത്രം നിവര്‍ത്തിയാല്‍ അതിലും ചിലതെല്ലാം  അക്ഷരങ്ങള്‍ക്കൊപ്പം അങ്ങിനെ  വിഹരിക്കുന്നുണ്ടാകും.
 
അടുക്കളയില്‍ ഒന്നും ഉണ്ടാക്കി വക്കാന്‍ പറ്റുന്നില്ലെന്നും അടുപ്പില്‍ പോലും അവ കൂട്ടം കൂടാന്‍ തുടങ്ങിയെന്നും ഒക്കെ ഭാര്യ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍  അയാളും നിര്‍ബ്ബന്ധിതനായി.

അയാള്‍ അവയുടെ വരവും പോക്കും വഴികളുമെല്ലാം കണ്ടു പിടിച്ചു. കട്ടിളകളുടെയും ചുമരിന്‍റേയും ഇടയിലെ വിള്ളലുകളിലൂടെയാണ്   അധികവും ജാഥയായി  പുറത്തേക്കു വരുന്നതും    അകത്തേക്കു പോകുന്നതും. വഴിയില്‍ വച്ച് തിരിഞ്ഞു നിന്ന് തമ്മില്‍ത്തമ്മില്‍  കുശലപ്രശ്നങ്ങള്‍  നടത്തുന്നവരുണ്ട്. പലരും  താങ്ങാന്‍  പറ്റാത്ത പലതരം  ചുമടുകളും  പേറിയാണ് യാത്ര.

ഇതെല്ലാം ആശാരിയും തേപ്പുകാരനും ഒക്കെക്കൂടി   ഒപ്പിച്ച ചില പണിത്തരങ്ങളാണെന്നാണ്  മക്കളുടെ കണ്ടെത്തല്‍ .

വീടുപണിയുടെ തുടക്കത്തില്‍  കട്ടിളക്കടിയില്‍ അരിയും പൂവും അല്‍പ്പം സ്വര്‍ണ്ണവും വയ്ക്കുന്ന പതിവുണ്ടെന്നു ആശാരി മണിയന്‍ പറഞ്ഞപ്പോള്‍ തന്നെ അതിലൊരു പന്തികേട് മണത്തിരുന്നുവെന്നു ഒരാള്‍ .

പഴയ കമ്മലില്‍ നിന്നടര്‍ന്നു വീണ ഒരു സ്വര്‍ണ്ണക്കൊളുത്താണ് കട്ടിളക്കടിയില്‍ വച്ചത്. അത് തേപ്പുകാരന്‍  മറ്റാരും കാണാതെ  അടിച്ചു മാറ്റിയിട്ടുണ്ടാകുമെന്നു   ഒരു മകള്‍  സംശയം പറഞ്ഞെങ്കിലും അരയോളം ഉയര്‍ന്ന ചുമരിന്നടിയില്‍ അത് ഉണ്ടോ ഇല്ലയോ എന്നറിയാനുള്ള  പഴുതൊന്നും കണ്ടെത്താത്തതിനാല്‍ അന്നയാള്‍ മിണ്ടാതിരുന്നു.

പക്ഷെ , അന്നും  ഇങ്ങിനെയൊരു സംശയമൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല.  ഇപ്പോള്‍ തോന്നുന്നുണ്ട്, ആ  അരിയും പൂവും മണത്തു  വന്നെത്തിയ  ഉറുമ്പും ചിതലും ഒക്കെയായിരിക്കുമോ തങ്ങളെക്കാള്‍ മുമ്പേ ഇവിടെ സ്ഥിരതാമസക്കാരായി മാറിയത്?

എന്തായാലും കിട്ടാവുന്നതില്‍  ഏറ്റവും മുന്തിയ ഉറുമ്പ്‌ പൊടിയാണ്  അയാള്‍ വാങ്ങി വിതറിയത്. പോരാത്തതിനു പിന്നീടുള്ള കുറെ ദിവസങ്ങള്‍   ഉറുമ്പിന്റെ വഴികളും വാസസ്ഥലങ്ങളും തിരഞ്ഞു പിടിച്ചു  മണ്ണെണ്ണയും പ്രയോഗിച്ചപ്പോള്‍  ഭാഗ്യം തുണച്ചു.  ഉറുമ്പിന്‍റെ  പൊടി പോലും എങ്ങും കാണാതായി.

അപ്പോഴാണ്‌  ഇനി നമ്മുടെ  തൊടിയിലുള്ള പുളിയനുറുമ്പുകളെയും ഒന്നു തുരത്തണമെന്നും അതിനുള്ള  എളുപ്പവഴി പടുമരങ്ങളെല്ലാം മുറിച്ചു വിറകാക്കുകയാണ് പറ്റിയത് എന്ന മറ്റൊരു വിളിച്ചു പറയലുണ്ടായത്. അതും   നടപ്പിലാക്കിയപ്പോള്‍ ഉറുമ്പുകളെച്ചൊല്ലി ഉണ്ടായിരുന്ന  നിലവിളികളെല്ലാം ഒരു വിധം അടങ്ങി.

അങ്ങിനെ ഉറുമ്പുകള്‍  ഓര്‍മ്മകളില്‍  നിന്നും  മാഞ്ഞു തുടങ്ങിയ കാലത്താണ്   ഒച്ചിന്‍റെ രൂപത്തില്‍ പുതിയൊരു പ്രശ്നം തലപൊക്കുന്നത്. കുളിമുറിയിലാണ് അതിനെ ആദ്യം കണ്ടെത്തുന്നത്.

അത് ചുമരില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ വല്ലാത്തൊരു അറപ്പ് തോന്നും.തോണ്ടിയെടുത്ത് കളയാന്‍ നോക്കിയാല്‍ സമ്മതിക്കാതെ  അവിടെത്തന്നെ ഒട്ടിപ്പിടിക്കുകയും ചെയ്യും.

മക്കള്‍ക്കെല്ലാം അതിനെ കാണുന്നത് തന്നെ പേടി. അയ്യോ..ഛെ.. എന്നൊക്കെയുള്ള വലിയ വായിലെ വിളികളാണ് എപ്പോഴും അയാള്‍  കേള്‍ക്കുക. എവിടെയായാലും    അയാള്‍ത്തന്നെ ചെന്നെത്തി വേണം  അവറ്റകളെ കുടിയൊഴിപ്പിക്കാന്‍ . അങ്ങിനെ നേരവും കാലവുമൊന്നും ഇല്ലാതെ  ആ നിലവിളികള്‍ നീണ്ടു പോയതോടെ അയാള്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി.

ഒടുവില്‍  തെങ്ങിന്‍ ചുവട്ടിലെ അഴുകിയ ചെളിയിലും വാഴച്ചുവട്ടിലുള്ള വെള്ളത്തിലും നിന്ന്  അവറ്റകള്‍  വരുന്ന വഴികള്‍ കണ്ടെത്തുകയും ചെയ്തു.

ഒച്ചുകള്‍ക്ക്  കുരുടാന്‍ പോലുള്ള എന്തെങ്കിലും പൊടികളാണ്  പറ്റിയതെന്ന് ആരോ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ പേടിയായി.അതൊരു അപകടം പിടിച്ച കീടനാശിനിയാണെന്നൊക്കെയുള്ള  ചില സംശയങ്ങളും. അതുകൊണ്ട്  ആദ്യപടി  ഉറുമ്പ്‌ പൊടി തന്നെ വിതറി നോക്കി. ഒരു പ്രയോജനവും ഉണ്ടായില്ല. പിന്നെ മണ്ണെണ്ണ തളിച്ചു ആകെ ശുദ്ധീകരിച്ചു. എന്നിട്ടും പറയത്തക്ക  ഗുണമൊന്നും കണ്ടില്ല . പിന്നെ ആലോചിക്കാനൊന്നും പോയില്ല.  എല്ലായിടത്തും കുരുടാന്‍ തന്നെ വാരി വിതറി. അപ്പോള്‍ സംഗതി ഫലിച്ചു. അങ്ങിനെ  ഒച്ചുശല്യവും ഒഴിഞ്ഞു.

ഒരു വെടിക്കു നാലുപക്ഷിയെ കിട്ടിയെന്നാണ് പിന്നീടൊരു ദിവസം ഭാര്യ അതിനെക്കുറിച്ചു അയാളോട് പറഞ്ഞത്.  ഒച്ചുകള്‍ക്കൊപ്പം  ശല്യക്കാരായ തവളകളും പുഴുക്കളും   ഒക്കെ സ്ഥലം വിട്ടു പോയത്രെ.  അതുകൊണ്ടാവണം  ഇടയ്ക്കിടെ വന്നു പോകാറുള്ള മഞ്ഞച്ചേരയേയും പെരുച്ചാഴിയെയും ഒന്നും ഈയിടെയായി കാണുന്നില്ല. തെങ്ങിന്‍ ചുവട്ടിലാണെങ്കില്‍ ചിക്കിച്ചിനക്കി വൃത്തികേടാക്കാന്‍ അടുത്ത വീട്ടിലെ കോഴികള്‍ പോലും  എത്താറില്ല.  ഇപ്പോള്‍ ആകെ ഒരു ശാന്തമായ അന്തരീക്ഷമാണത്രെ.

ഇപ്പോഴും ഇതൊരു വീടായിട്ടില്ലെന്ന് എപ്പോഴോ ഒരിക്കല്‍ മകന്‍ പറഞ്ഞപ്പോള്‍ അയാള്‍ക്കൊന്നും മനസ്സിലായില്ല . പുതിയ എന്തെങ്കിലും ഒരു പ്രശ്നം തുടങ്ങിയോ എന്ന് അയാള്‍ സംശയിച്ചു. മകന്‍ അപ്പോള്‍ പറഞ്ഞു തുടങ്ങിയത് വീടിന്‍റെ മുറ്റത്തെക്കുറിച്ചായിരുന്നു. ആ  മുറ്റം കാണാന്‍  ഒരു ഭംഗിയുമില്ലെന്നും മൊത്തം കാടുപിടിച്ചു കിടക്കുകയാണെന്നും നടക്കുമ്പോള്‍ പുല്ലും ചെടിയുമാണ് കാലില്‍ തടയുന്നതെന്നും മറ്റുമുള്ള  ചില  പരാതികള്‍ .

മകനേക്കാള്‍ കൂടുതല്‍ മുറ്റത്തും തൊടിയിലും ഇറങ്ങി നടക്കാറുള്ള  അയാള്‍ക്ക്‌ ഈ പരാതിയില്‍ വലിയ കഴമ്പുണ്ടെന്നൊന്നും തോന്നിയില്ല.മുറ്റത്തുള്ളതെല്ലാം മുക്കുറ്റിയും മുത്തങ്ങപ്പുല്ലും കിഴാര്‍നെല്ലിയും പോലുള്ള വെറും നിരുപദ്രവകാരികളാണെന്നും, ചില അടിയന്തിര ഘട്ടങ്ങളില്‍ അവ  ഒന്നാന്തരം ഉപകാരികളായിത്തീരാറുണ്ടെന്നും ഒക്കെ  സമര്‍ത്ഥമായി വാദിച്ചെങ്കിലും  അവന്‍ സമ്മതിച്ചു കൊടുത്തില്ല. മാത്രമല്ല , മറ്റുള്ളവരെല്ലാം    അവനെ പിന്തുണക്കുകയും  കൂടി ചെയ്തപ്പോള്‍  പുതിയൊരു ദൌത്യം കൂടി അയാള്‍ക്ക്‌  ഏറ്റെടുക്കേണ്ടതായി വന്നു.

കളകള്‍ മാത്രം കളയാനുള്ള ഒരു മരുന്നിനെക്കുറിച്ചു മൂത്ത മകള്‍ വാചാലയായപ്പോള്‍ പിറ്റേന്നു തന്നെ  ആ മുറ്റത്ത് അയാള്‍ക്കത് പരീക്ഷിക്കേണ്ടി വന്നു.  രണ്ടുമൂന്നു ദിവസങ്ങള്‍ പിടിച്ചു നിന്നുവെങ്കിലും പിന്നെ തിരിഞ്ഞു നിന്ന്  കരിഞ്ഞ ഒരു നോട്ടവുമയച്ചു മുറ്റത്തെ പുല്‍ക്കൊടികളെല്ലാം അന്നത്തെ പകലിനൊപ്പം   പടിയിറങ്ങിയപ്പോയപ്പോള്‍ അയാള്‍ സങ്കടം കൊണ്ടു കരഞ്ഞില്ലെന്നു  മാത്രം.

അങ്ങിനെ മുറ്റത്തോടൊപ്പം മറ്റുള്ളവരുടെയെല്ലാം  മുഖങ്ങള്‍  വെളുത്തു കണ്ടപ്പോള്‍ അയാളും  പുല്‍ക്കൊടികളെ മറന്നു.

ഈയിടെയാണ് പുതിയ നിലവിളികള്‍ കേള്‍ക്കുന്നത്. രാവിലേകളില്‍ മുറ്റം   അടിക്കുമ്പോഴെല്ലാം  ഇളയവളുടെ ചുണ്ടിലുണ്ടാകുകയും അടുക്കളയോളം പടരുകയും ചെയ്യുന്ന ഒരു മുറുമുറുപ്പ്.

അവള്‍ ചിലപ്പോള്‍ എനിക്കൊന്നും വയ്യെന്ന പല്ലവിയോടെ ചൂലും വലിച്ചെറിഞ്ഞു ഒരു പോക്കു പോകാന്‍ തുടങ്ങി. എന്നാല്‍ അതു പതിവാക്കിയപ്പോഴാണ് അമ്മ അതിന്‍റെ കാരണം  ആരായുന്നത്. വളരെയധികം  വിചിത്രമായിരുന്നു അപ്പോള്‍  അവളുടെ  ഉത്തരം.

ആ മുറ്റം ഓരോ ദിവസം കഴിയും തോറും വലുതായിക്കൊണ്ടിരിക്കയാണത്രെ. എങ്ങിനെയൊക്കെ അടിച്ചാലും അടിച്ചെത്തുന്നില്ലെന്നാണ് പരാതി.  അതിന്‍റേതായ  ചില തെളിവുകളും അവള്‍  കാണിച്ചു തന്നു.

അങ്ങിനെയാണ്‌ അയാളുടെ  കണ്ണുകള്‍  ആ സത്യം കണ്ടെത്തുന്നത്.  അവള്‍ പറഞ്ഞത് ശരിയാണ്. മുറ്റം  അതിനെ അതിരിട്ടു തിരിച്ച  റോസാച്ചെടികളും മുല്ലവള്ളികളും ഒക്കെ മറികടന്നു  കുറെയേറെ  മുന്നോട്ടു പോയിക്കിടക്കുന്നു..!

അവിടെയൊക്കെയുണ്ടായിരുന്ന തുമ്പയും കുറുന്തോട്ടിയും അപ്പയും തോട്ടാവാടിയുമെല്ലാം  എങ്ങോട്ടു പോയെന്ന അയാളുടെ  സങ്കടവും ഉല്‍ക്കണ്ഠയും നിഴലിച്ച  ചോദ്യത്തിന് ആരും മറുപടിയൊന്നും പറഞ്ഞില്ല.

മക്കള്‍ക്കാര്‍ക്കും അങ്ങിനെ ചിലതെന്തെങ്കിലും  അവിടെ  ഉണ്ടായിരുന്നതായി ഓര്‍മ്മപോലും വരുന്നില്ലെന്നു പറഞ്ഞപ്പോള്‍ അതിതൊക്കെയാണ് എന്നു കാണിച്ചു കൊടുക്കാന്‍ വേണ്ടി എന്തെങ്കിലും തേടി അയാള്‍ ആ തൊടി മുഴുവന്‍ പരതി. അപ്പോള്‍ അയാളുടെ ഉള്ളിലെ  സങ്കടവും സംഭ്രമവും ഒരിരട്ടി കൂടി.

അവയിലൊന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു  മാത്രമല്ല  , കൊടിത്തൂവ്വ, ചെറൂള, തവിഴാമ തുടങ്ങിയ അയാള്‍ക്കു സുപരിചിതങ്ങളായ  മറ്റനേകം ചെടികളും അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. നടുക്കത്തോടെയാണ് അയാള്‍ മടങ്ങിയത്. എത്രയൊക്കെ അവഗണിച്ചിട്ടും പലനിറത്തിലുള്ള പ്ലാസ്റ്റിക് ചിരികളോടെ ചില സത്യങ്ങള്‍ അയാളെ പരിഹസിച്ചു കൊണ്ടേയിരുന്നു.

            ഈ പോക്കു പോയാല്‍ തൊടിയെല്ലാം മുറ്റമായി മാറാന്‍ അധികം നാളൊന്നും വേണ്ടി വരില്ലെന്നു പറയുമ്പോള്‍  മക്കളുടെ  മുഖത്തു തെളിഞ്ഞ  നിസ്സംഗതയില്‍ തട്ടി അയാളുടെ കണ്ണുകള്‍ മാത്രം മഞ്ഞളിച്ചു.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഇക്കുറി നമ്മുടെ മാവുകള്‍ ഒന്നും തന്നെ പൂത്തില്ലല്ലൊ..ഒരു പ്ലാവും ഇതുവരെ കായ്ച്ചിട്ടുമില്ലല്ലോ.. എന്താണാവോ..എന്നൊക്കെയുള്ള ഭാര്യയുടെ ആത്മഗതമാണ്  അയാളെ മാഞ്ചുവട്ടില്‍ കൊണ്ടെത്തിച്ചത്.

അയാള്‍ക്കു തങ്ങാവുന്നതിലപ്പുറമാണ് അവിടെയെല്ലാം കണ്ടെത്തിയത്.  മാവുകളെല്ലാം  ഋതുഭേദങ്ങള്‍ അറിയാത്ത മട്ടില്‍ അങ്ങിനെത്തന്നെ നില്‍ക്കുന്നു.പൂക്കാനുള്ള  ഒരു കൊതിയൊന്നുമല്ല, ഉണങ്ങാനുള്ള  ഒരു മഞ്ഞപ്പാണ് ഇപ്പോള്‍  അവയുടെ മുഖത്തെല്ലാം തെളിയുന്നതെന്ന് ഒരാളലോടെ അയാള്‍ക്ക്‌ തിരിച്ചറിയാനും  കഴിഞ്ഞു.

പ്ലാവുകളുടെ സ്ഥിതിയും വിത്യസ്തമായിരുന്നില്ല. കാലഭേദങ്ങള്‍ തിരിച്ചറിയാത്ത ഒരു തരം മരവിച്ച ഭാവം. കാതലിനകത്തെക്ക് കയറിപ്പോയ ചില വിണ്ടുകീറലുകള്‍ . തെങ്ങുകളിലും കണ്ടെത്തിയത്  അതുവരെ കാണാത്ത  ചിലതരം മണ്ടത്തരങ്ങള്‍ . പുതിയ അച്ചിങ്ങകളെയൊന്നും അവയ്ക്ക് തീരെ പിടിച്ച മട്ടില്ല.  എല്ലാം ചുവട്ടില്‍ത്തന്നെ കൊഴിച്ചിട്ടു കൊണ്ടുള്ള ഒരു നില്‍പ്പ്. ഓലകളെയെല്ലാം    മഞ്ഞളിപ്പിച്ചും, പട്ടകള്‍ പാതി വാട്ടത്തില്‍ പിടിച്ചും വല്ലാത്തൊരു മട്ട്.

ഭാര്യയും പറഞ്ഞു തുടങ്ങിയത് അതു തന്നെയായിരുന്നു. അറിയില്ല..എവിടെയൊക്കെയോ എന്തൊക്കെയോ  കുഴപ്പങ്ങള്‍ തോന്നുന്നുണ്ടെന്ന്.

പ്രഭാതങ്ങള്‍ക്ക് പഴയ പ്രസരിപ്പില്ലെന്നു ആരും പറയാതെത്തന്നെ പിന്നീടയാള്‍ക്ക് മനസ്സിലായിത്തുടങ്ങി.

പഴയ പോലെ മാവിന്‍ കൊമ്പിലിരുന്നു കരയാന്‍ കിളികളാരും വരുന്നില്ല. മരം കയറിയിറങ്ങാനും ചിലക്കാനും   അണ്ണാരക്കണ്ണന്മാരില്ല.  പ്ലാക്കൊമ്പില്‍ ചേക്കേറിയിരുന്ന കൊറ്റികളെല്ലാം കൂടൊഴിഞ്ഞു പോയി. ഒരു കാക്കക്കലമ്പല്‍ പോലും എങ്ങും കേള്‍ക്കാതായ പ്രഭാതങ്ങളും പ്രദോഷങ്ങളും.

അയാള്‍ ആധികള്‍  പങ്കുവച്ച ഒരുച്ചക്ക് മക്കളും അവരുടെ  മനസ്സുകള്‍ തുറന്നു. ഈയിടെയായി ചാമ്പമരത്തില്‍ ചാമ്പക്ക  ഉണ്ടാവാറില്ലെന്നൊരാള്‍ . മുല്ലയും റോസും പൂവിടാറേയില്ലെന്നു മറ്റൊരാള്‍ . വല്ലപ്പോഴും ഒരിക്കല്‍ വിരുന്നുകാരെപ്പോലെ കയറി വരാറുള്ള  മയിലുകളെ കണ്ട കാലം മറന്നു പോയെന്നു  മകന്‍.

അതൊക്കെ ഒരുതരം നിലവിളികള്‍ പോലെയാണ് അയാള്‍ക്കപ്പോള്‍ തോന്നിയത്. പക്ഷെ  എന്തെങ്കിലും ഒരു  പരിഹാരം മാത്രം  ആര്‍ക്കും പറയാനും ഉണ്ടായിരുന്നില്ല.
 
തുലാവര്‍ഷത്തിനൊപ്പം കുടചൂടി  വന്ന കൊടും വെയിലിനേയും   വൃശ്ചികക്കുളിരിനെ  കുളിപ്പിച്ചു കിടത്തിയ പെരുമഴയേയും എന്തൊരു കാലമെന്നു മാത്രം വിശേഷിപ്പിച്ചു അയാളും ആശ്വസിച്ചതായി ഭാവിച്ചു.

അങ്ങിനെയിരിക്കെ  ഉത്സവത്തോടെ വന്നെത്തിയ ഒരു  വേനലിലേക്ക് കണ്ണുതുറന്നു കിടന്ന കാലത്താണ് പുതിയൊരു നിലവിളിയാല്‍ അയാള്‍ വീണ്ടും ഉണരുന്നത്.

കിണറ്റില്‍ എന്തെങ്കിലും വീണുകിടക്കുന്നുണ്ടാവുമെന്ന വേവലാതിയില്‍ ഓടിച്ചെന്നപ്പോള്‍ ഒഴിഞ്ഞ കിണര്‍വട്ടത്തില്‍ കണ്ണുതള്ളിപ്പോയവളുടെ ഒരു വിശദീകരണം മാത്രം. തലേന്നു വെള്ളം കാല്‍ക്കിണറുണ്ടായിരുന്നു.. ഇപ്പോള്‍ ദേ  കണ്ടില്ലെ ചരിച്ചു വച്ചിരിക്കുന്നു..!

ആഴങ്ങളിലേക്കു വീണു പോയപ്പോള്‍  അയാളുടെ മനസ്സ് ആദ്യം വരണ്ടു.  അറ്റ വേനലിലും വറ്റാത്ത ഉറവയുണ്ടായിരുന്ന കിണര്‍ . ഇപ്പോള്‍ ദാ ചരിഞ്ഞു കിടക്കുന്നു. ഉള്ളിലെ കാലാള്‍ വെള്ളത്തില്‍  ആശ്വാസത്തിനായിരിക്കണം ഒരാകാശം മുഴുവന്‍  ഒളിപ്പിച്ചു വച്ചിരിക്കുന്നത്.

ആ ആകാശത്തിന് ഒരു പുതിയ  മുഖച്ഛായയാണുള്ളതെന്നു കണ്ടെത്താന്‍ അയാള്‍ക്കൊരു  ബുദ്ധിമുട്ടും ഉണ്ടായില്ല. അപ്പോള്‍ കിണറ്റിലേക്ക്‌ താഴ്ത്തിയ തലയുയര്‍ത്തി അയാള്‍  മുകളിലേക്കു നോക്കി. അന്നേരവും  അത് തന്നെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

അയാളുടെ നോട്ടം കണ്ട് , എന്താണ് നോക്കുന്നത്? ഈ  അറ്റ വേനല്‍ക്കാലത്തുണ്ടോ  ഇനിയൊരു മഴ   എന്നൊക്കെയുള്ള ചില ചോദ്യങ്ങള്‍ക്ക്  പെട്ടെന്നൊരുത്തരമൊന്നും അയാള്‍ക്ക്‌ തോന്നിയില്ല.

നമ്മുടെ ആകാശം നോക്കൂ എന്തോ ഒരു വിത്യാസം കാണുന്നില്ലേ എന്ന അയാളുടെ  മറുചോദ്യം മനസ്സിലാവാതെ ഭാര്യ മിഴിച്ചു നില്‍ക്കുക മാത്രം ചെയ്തു.

വെള്ളത്തെക്കുറിച്ചു മാത്രമുള്ള നിലവിളിയാല്‍ മുഖരിതമായ ആ  പകലിലേക്ക് അയാള്‍ എല്ലാവരെയും വിളിച്ചിരുത്തി. ആശങ്കകളും അഭിപ്രായങ്ങളും പങ്കുവച്ചപ്പോള്‍ ഫലിതം ആസ്വദിച്ച  മക്കളുടെ ചിരിയിലേക്ക് ഒടുവിലയാള്‍ക്കും  നിസ്സഹായനായി കടന്നിരിക്കേണ്ടി വന്നു.
   
എന്നിട്ടും ഒരു  സന്ധ്യക്ക് കുട്ടികളേയെല്ലാം മുറ്റത്തു വിളിച്ചു നിര്‍ത്തി   അയാള്‍ ആകാശം കാണിച്ചു. നമ്മുടെ ആകാശത്തിനു വല്ല  വിത്യാസവും കാണുന്നുണ്ടോ എന്ന് ചോദിച്ചു. പക്ഷെ  കുട്ടികള്‍ ഒന്നും മനസ്സിലാവാതെ അയാളെയാണ് നോക്കിയത്. നമുക്ക് അങ്ങിനെ പ്രത്യേകം ഒരാകാശമുണ്ടോ എന്ന അവരുടെ ചോദ്യത്തിന് അയാള്‍ പറഞ്ഞു. ഉണ്ട്. നമുക്കു  മുകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതു തന്നെയാണ് നമ്മുടെ ആകാശം.

എങ്കില്‍ അതിനൊരു വിത്യാസവും കാണാനില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ അയാളവരെ തിരുത്തി. എന്‍റെ ആകാശത്ത് ഏതു സന്ധ്യയിലും തുമ്പികളും  ചേക്കാറാന്‍ പറന്നു പോകുന്ന പക്ഷികളുമുണ്ടായിരുന്നു. നിങ്ങളുടെ ആകാശത്തോ..?

ഞങ്ങളുടെ ആകാശത്ത്..? ആവോ..? ഞങ്ങള്‍ അങ്ങിനെയൊരു ആകാശം  കണ്ടിട്ടു കൂടിയില്ല.. ദാ.. ഇപ്പോള്‍ കാണുന്നുണ്ട്.. ദൂരെ അവിടെയിവിടെ ഓരോന്നിനെയൊക്കെ..

അത് മാത്രം പോര ഇനിയും ധാരാളം  കണ്ടെത്തണം. മയിലും കുയിലും പ്രാവും പരുന്തും അങ്ങിനെ ഒരുപാടൊരുപാട്..

പിന്നെ ഇവിടെയും പലതും കാണാനുണ്ടെന്നു പറഞ്ഞു അയാളവരെ മണ്ണിലേക്ക് ക്ഷണിച്ചു.

ഇവിടെ വന്ന്  നിങ്ങളുടെ മണ്ണിനെയും  കാണണം. ഇതിലൂടെ അരിക്കുന്ന ഉറുമ്പുകളെ.. ഇഴയുന്ന പുഴുക്കളെ.. ഇവിടെ മുളക്കുന്ന പുല്ലിനെ.. വളരുന്ന ചെടികളെ.. എല്ലാം അറിയണം. എല്ലാവരെയും സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കണം.

ഈ അച്ഛനെന്താണമ്മേ പറ്റിയത് എന്നൊരു ചോദ്യത്തോടെ മക്കള്‍ സ്ഥലം വിട്ടിട്ടും അയാള്‍ അവിടെത്തന്നെ കുത്തിയിരുന്നു.

ആദര്‍ശം  പറഞ്ഞു നടന്നാല്‍  മാത്രം പോരെന്നയാള്‍ക്കറിയാം. ജീവിതം കൊണ്ടു തന്നെ  ചിലതെല്ലാം കാണിച്ചു  കൊടുക്കണം. അതിന്‍റെ തുടക്കം ഈ മണ്ണില്‍ നിന്നു തന്നെ ആയിരിക്കണം. അത് ഒരുറുമ്പില്‍ നിന്നായാല്‍ പോലും അത്രയും നല്ലത്.

ഒരു നാട്ടു വെളിച്ചം പോലെ എന്തോ ഒന്ന് അപ്പോഴും അയാള്‍ക്ക്‌ അകത്തും പുറത്തും കൂട്ടായിക്കിടന്നു.



c
  1. ഇതൊരു കഥയേയല്ല സാര്‍,പകല്‍‍പോലത്തെ ഒരു സത്യമാണ്

    പച്ചപിടിച്ചുകിടന്ന പാടശേഖരങ്ങളും വരമ്പും തൊടിയും നത്യാര്‍വട്ടവും മുക്കുറ്റിയും തെച്ചിയും തുമ്പികളും കാശിതുമ്പയുമെല്ലാം ഇന്ന് ഒരു കിട്ടാക്കാഴ്ചയായിരിക്കുന്നു.നാളെയൊരു സമയത്ത് ഇതെല്ലാം ഈ നാട്ടില്‍ ഉണ്ടായിരുന്നതാണെന്ന് വിശ്വസിപ്പിക്കുവാന്‍ തന്നെ പാടുപെടേണ്ടിവരും.നമ്മുടെ പ്രകൃതിയെ അതേപടി നിലനിര്‍ത്തുവാന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണിന്നു നാം ചെയ്യുന്ന തെമ്മാടിത്തരത്തിന്റെ ദുരന്തഫലമേറ്റുവാങ്ങുവാനായി നമ്മുടെ ഒരു തലമുറ കാത്തിരിക്കുന്നുണ്ടെന്ന് ഓരോരുത്തരും ഓര്‍ത്തിരുന്നുവെങ്കില്‍.......

    അതിമനോഹരമായ കഥ അല്ല യാഥാര്‍ത്യം..അഭിനന്ദനങ്ങള്‍

    ReplyDelete
  2. നല്ല കഥ ..പരിസര വിവരണം ..പാത്ര സൃഷ്ടി ...ആസ്വദിച്ചു

    ReplyDelete
  3. നമുക്ക് നഷ്ട്ടപെടുന്ന നമ്മുടെ പ്രകൃതി... എല്ലാം ഒരു കാണാകിനാക്കളായി മാറിയ ഈ സമയത്ത്‌ മനസ്സിനെ തൊട്ടുണര്‍ത്തുന്ന കഥ... വായിച്ചു, ഇഷ്ട്ടപെട്ടു.

    ReplyDelete
  4. വളരെ നന്നായി, നാമെല്ലാം നശിപ്പിക്കും, പുല്ലിനെ പുഴുവിനെ, പറവകളെ, ഒരു ശക്തമായ താക്കീതും പ്രതീക്ഷയുമായി ഈ കഥ

    ReplyDelete
  5. ''മുറ്റം ഓരോ ദിവസം കഴിയും തോറും ആ മുറ്റം വലുതായി വരികയാണത്രേ. എങ്ങിനെ അടിച്ചാലും അടിച്ചെത്തുന്നില്ലെന്നാണ് പരാതി''

    ഇത് പോലെത്തന്നെയാണ് ജീവിതവും.......

    ReplyDelete
  6. valare nannayittundu ..... aashamsakal.....

    ReplyDelete
  7. പുല്ലിനെയും പൂക്കളെയും അറിയാന്‍
    നാമവരെ അനുവദിക്കുന്നില്ലല്ലോ, കുട്ടികളെ.
    മലയാളം പഠിക്കുന്നതുപോലും മുടക്കുന്നു നമ്മള്‍ പലരും.
    മുലപ്പാലെത്താതെ മുരടിച്ചു പോകുന്ന പുതുതലമുറ....
    അവര്‍ മുറ്റം വെളുപ്പിക്കും സംശയമില്ല, അതാ നാമവരെ പഠിപ്പിച്ചിരിക്കുന്നത്

    ReplyDelete
  8. ശ്രീക്കുട്ടന്‍,രമേശ്അരൂര്‍,ശങ്കരനാരായണന്‍ മലപ്പുറം,ഇളയോടെന്‍,ശ്രീനാഥന്‍,വിരല്‍ത്തുമ്പ്,ജയരാജ്‌ മുരുക്കുമ്പുഴ,ഷാജി നായരമ്പലം..
    കഥ വായിച്ചതിനും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും വളരെ നന്ദി..

    ReplyDelete
  9. വളരെ നന്നായി അവതരിപ്പിച്ചു ആശംസകള്‍

    ReplyDelete
  10. നല്ല കഥ ... നല്ല അവതരണം ...

    ReplyDelete
  11. പോളിഷ് ചെയ്യാതെ തന്നെ തിളങ്ങുന്നുണ്ട്.

    ReplyDelete
  12. ഒരു തലമുറയിലേക്കും, ഒരു വ്യവസ്ഥിതിയിലേക്കും സംക്രമിപ്പിക്കേണ്ട ചിന്തകൾ!
    ഗംഭീരമായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ!

    ReplyDelete
  13. വേദനയോടെ പ്രകൃതിയുടെ മാറ്റങ്ങൾ നോക്കി നില്ക്കുന്നത് വളരെ ഭംഗിയായിട്ടുണ്ട്....അഭിനന്ദനങ്ങൾ...

    ReplyDelete
  14. വളരെ നന്നായി അവതരിപ്പിച്ചു ആശംസകള്‍

    ReplyDelete