Post Page Advertisement [Top]

...

പാളയും കയറും








പാറ്റക്കവുങ്ങില്‍ നിന്നൊരു 
തളിര്‍ വെറ്റിലയിറുത്ത്
പച്ചടക്കയും ചുണ്ണാമ്പും കൂട്ടി
മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം 
കരിമുരുക്കിന്‍റെ പൂക്കള്‍

വടക്കേ കോലായപ്പടിയില്‍  

മുത്ത്യമ്മ മയങ്ങാന്‍ കിടന്നാല്‍ 
പോക്കുവെയിലിന്റെ മേലാപ്പിനുള്ളില്‍ 
പാളവിശറിയിലെ പാട്ടുകള്‍ 

*അമ്മാമന്റെ കഴുത്തറുക്കേണം

അരത്തുടം ചോരയെടുക്കണം
*കഞ്ഞുണ്ണിയുടെ തലയരിയേണം
ഒന്നരത്തുടം നീരെടുക്കേണം
ഇരുനാഴി എണ്ണയളന്നെടുക്കേണം
ഒരു നാളികേരത്തിന്റെ പാലും വേണം
*അഞ്ജനക്കല്ല് പൊടിച്ചു ചേര്‍ക്കേണം
*ചരല്‍പ്പാകത്തില്‍ കാച്ചിയരിക്കണം 
കുട്ടിക്കുറുമ്പിയെ തേച്ചു കുളിപ്പിക്കണം. 

പടിപ്പുരക്കപ്പുറത്തൊരു വളച്ചെട്ടിച്ചി 

പാത്തും പതുങ്ങിയും നില്‍ക്കും 
കുട്ടിക്കുറുമ്പി കിണുങ്ങിയാല്‍ മുത്ത്യമ്മ    
വടി വെട്ടി വെള്ളാരങ്കണ്ണുരുട്ടും
കുട്ടിക്കുറുമ്പി പിണങ്ങിത്തുടങ്ങിയാല്‍ 
കരിവളയണിയിച്ചു കൈകൊട്ടും. 
ചെട്ടിച്ചി വള വള പൊട്ടിച്ചേ..
ഒരു തേങ്ങാപ്പൂളോണ്ടൊട്ടിച്ചേ..

പറമ്പിലും പള്ള്യാലിലും  

മുത്ത്യമ്മയുടെ നിഴല്‍ തെളിഞ്ഞാല്‍   
മരങ്ങളായ മരങ്ങളിലെല്ലാം 
പൂവും കായും നിറയും.  
പാളച്ചെരുപ്പും പാളത്തൊപ്പിയും 
പാളവണ്ടിയും മുത്ത്യമ്മയുണ്ടാക്കും 
പാതാളക്കിണറ്റിലെ പനിനീരിടക്കിടെ
പാളത്തൊട്ടിയില്‍ കോരിക്കുടിക്കും 
പാളേങ്കയറില്‍ ഊഞ്ഞാലാടും.

കുട്ടിക്കുറുമ്പിയെ  ഊട്ടുന്ന നേരം
മുത്ത്യമ്മക്കമ്പിളിമാമന്‍റെ മുഖവട്ടം
കുട്ടിക്കുറുമ്പിയെ ഉറക്കുന്ന നേരം  
മുത്തശ്ശിക്കഥയുടെ മായാലോകം.

മുരുക്കിന്‍ ചോട്ടില് കെടന്നവള്..

മുന്നാഴെൃണ്ണ കുടിച്ചവള്..
മോതിരക്കയ്യോണ്ട് ഒന്നോ രണ്ടോ..
തന്നാലുണ്ണി പ്ളീം..

പാളവിശറിയില്‍ നിന്നുള്ള 

പാട്ട് തീരുമ്പോഴേക്കും 
പഴുക്കടക്കയുടെ മണമുള്ളൊരു 
കാറ്റ് വരും.. 
തഴുകിത്തലോടിയുറക്കും.




* അമ്മാമന്‍ : ഉമ്മത്ത് എന്ന ഔഷധസസ്യം
* കഞ്ഞുണ്ണി: ഔഷധസസ്യം
* അഞ്ജനക്കല്ല് : ഔഷധം
* ചരല്‍ പാകം : എണ്ണ കാച്ചിയെടുക്കുന്ന രീതി



c
  1. മുത്ത്യമ്മയും ലോകവും - നന്നായി വരച്ചു കാട്ടിയിരിക്കുന്നു - ചിത്രത്തിലും കവിതയിലും.

    ReplyDelete
  2. കുട്ടിക്കാലം പൂത്തു തളിർത്തു.

    ReplyDelete
  3. നന്മയുടെ മായാലോകത്ത് മുത്ത്യമ്മയുടെ കൈപിടിച്ച് കുറച്ചു നേരം.....

    മനോഹരമായ കവിത

    ശുഭാശംസകൾ സർ.....

    ReplyDelete
  4. പാളവിശറിയില്‍ നിന്നുള്ള
    പാട്ട് തീരുമ്പോഴേക്കും
    പഴുക്കടക്കയുടെ മണമുള്ളൊരു
    കാറ്റ് വരും..
    തഴുകിത്തലോടിയുറക്കും.
    സുഖദമധുരമായ പഴംപാട്ടിന്‍റെ കുളിര്‍മ്മയുള്ള തലോടല്‍......
    ആശംസകള്‍

    ReplyDelete
  5. അതിമനോഹരമായ ഭാഷയും കാവ്യചിന്തയും.വളരെ സ്നേഹിക്കുന്നു ഈ കവിതയെ

    ReplyDelete
  6. നാം മറന്നുകൊണ്ടിരിക്കുന്ന നാടന്‍ പാരമ്പര്യത്തിന്റെ നിധികുംഭത്തില്‍നിന്ന് മുത്തും പവിഴവും വേര്‍തിരിച്ചെടുത്ത് ഒരു മാല കോര്‍ത്തിരിക്കുന്നു -

    ReplyDelete
  7. പാളച്ചെരുപ്പും പാളത്തൊപ്പിയും
    പാളവണ്ടിയും മുത്ത്യമ്മയുണ്ടാക്കും
    പാതാളക്കിണറ്റിലെ പനിനീരിടക്കിടെ
    പാളത്തൊട്ടിയില്‍ കോരിക്കുടിക്കും
    പാളേങ്കയറില്‍ ഊഞ്ഞാലാടും.

    നന്നായി.

    ReplyDelete
  8. അനുനിമിഷം മറന്നു പോകുന്ന ചില വാക്കുകളും പഴമയുടെ കാച്ചെണ്ണ തേച്ചു നിൽക്കുന്ന കവിതയും കേൾപ്പിച്ചതിന് നന്ദി !

    ReplyDelete
  9. കവിത മനോഹരമായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  10. പഴഞ്ചൊല്ലുകള്‍ ...പഴങ്കിനാക്കളായി അന്യം നില്‍ക്കുമ്പോള്‍ ,കവി തട്ടിക്കുടഞ്ഞു മുന്നിലേക്കിടുന്ന ഓര്‍മ്മച്ചെപ്പില്‍‌ ഗൃഹാതുരത്വം 'പാളയും കയറുമായി ' ആഴങ്ങളില്‍ ഒരു കാവ്യക്കുമ്പിള്‍ അകം നിറച്ച്...മനം കുളിര്‍പ്പിച്ച്.......

    ReplyDelete
  11. കുട്ടിക്കുറുമ്പിയെ ഊട്ടുന്ന നേരം
    മുത്ത്യമ്മക്കമ്പിളിമാമന്‍റെ മുഖവട്ടം
    കുട്ടിക്കുറുമ്പിയെ ഉറക്കുന്ന നേരം
    മുത്തശ്ശിക്കഥയുടെ മായാലോകം.


    കവിത മനോഹരമായിരിക്കുന്നു

    ReplyDelete
  12. ഒരു കാലം!
    പോയ കാലം!!

    ReplyDelete
  13. പാളവിശറിയില്‍ നിന്നുള്ള
    പാട്ട് തീരുമ്പോഴേക്കും
    പഴുക്കടക്കയുടെ മണമുള്ളൊരു
    കാറ്റ് വരും..
    തഴുകിത്തലോടിയുറക്കും.

    ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. വെറുതെ ഓര്‍ത്ത്‌ ആത്മരതി അനുഭവിക്കാനല്ല്‌. ഒരു കാലത്തിണ്റ്റെ പുനര്‍സൃഷ്ടി നടക്കുന്നു, ഇത്തരം വരികളില്‍. Great.

    ReplyDelete
  14. വടക്കേ കോലായപ്പടിയില്‍
    മുത്ത്യമ്മ മയങ്ങാന്‍ കിടന്നാല്‍
    പോക്കുവെയിലിന്റെ മേലാപ്പിനുള്ളില്‍
    പാളവിശറിയിലെ പാട്ടുകള്‍

    ReplyDelete
  15. ഡോ. പി. മാലങ്കോട് ,
    ഭാനു കളരിക്കല്‍ ,
    സൗഗന്ധികം ,
    Cv Thankappan ,
    kaladharan TP ,
    Pradeep Kumar ,
    പട്ടേപ്പാടം റാംജി,
    SASIKUMAR ,
    സാജന്‍ വി എസ്സ് ,
    Mohammed kutty Irimbiliyam ,
    കുട്ടനാടന്‍ കാറ്റ് ,
    ajith ,
    Vinodkumar Thallasseri ,
    ബിലാത്തിപട്ടണം Muralee Mukundan..
    വായനക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി..

    ReplyDelete
  16. നല്ല കവിത..
    മികച്ച രചന..
    അഭിനന്ദനങ്ങള്‍

    ReplyDelete
  17. അമ്മാമന്റെയും കഞ്ഞുണ്ണിയുടെയും ....
    ആശംസകള്‍

    ReplyDelete
  18. ഇത് വായിച്ചപ്പോള്‍ ആദ്യമായി ഒന്ന് മുറുക്കാന്‍ കൊതിയാവുന്നു .....നല്ല കവിത !

    ReplyDelete
  19. പൂക്കിലയും പഴുക്കടയ്ക്കയും പാളവിശറിയും ,തൊട്ടിയും ...
    ഊഞ്ഞാലും ''പാളതൊപ്പിയും പാളവണ്ടിയും ..ഓർമ്മകൾ ..
    നാട്ടുവഴക്കങ്ങൾ ..ഇതെല്ലാം അനുഭവിക്കാൻ യോഗമില്ലാതെ പോകുന്ന
    പുതിയ തലമുറ എന്ത് അറിഞ്ഞിട്ട് എന്ത് ?

    ReplyDelete

  20. ഓർമ്മകൾ ...ഓർമ്മകൾ .... പോയ കാലത്തിന്റെ തിളക്കമുള്ള ചിത്രം ... നല്ല കവിത

    ReplyDelete
  21. കാണാന്‍ വൈകി ,, , പഴയ തലമുറക്കാര്‍ ഭാഗ്യം ചെയ്തവര്‍ ,എന്തൊക്കെ യുന്ടെങ്കിലും ഇന്നത്തെ തലമുറക്ക് ഇതൊക്കെ വെറും കേട്ടുകേള്‍വി മാത്രം !!.

    ReplyDelete