Post Page Advertisement [Top]

...

കണ്ണോക്ക്


രണവീട്ടില്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു.

അവര്‍ മുറ്റത്തും മരത്തണലിലും ഇടവഴിയിലുമൊക്കെ നിന്ന് മരിച്ചവനെക്കുറിച്ചു അടക്കംപറഞ്ഞുകൊണ്ടിരുന്നു. ആ മരണം തികച്ചും ആകസ്മികമായിരുന്നു. ആരും എപ്പോള്‍ വേണമെങ്കിലും മരിക്കാമെന്നൊക്കെ എല്ലാവരും എപ്പോഴും പറയും. പക്ഷെ ഇപ്പോള്‍ മുന്നില്‍ ഒരു ജീവിതം എന്നന്നേക്കുമായി അവസാനിച്ചു കിടക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് അങ്ങിനെയോക്കെയോര്‍ത്തു സമാധാനിക്കാന്‍ കഴിയുക?

ഉച്ചക്ക് നെഞ്ചില്‍ വന്നുകയറിയത് ഒരു വേദനയായിട്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു കഴിഞ്ഞു ഏതാനും നിമിഷത്തിനകം അത് അവറാന്‍റെ ജീവനെടുത്തു കളഞ്ഞു.

അവറാന്‍റെ ഭാര്യ അകത്തൊരു മുറിയില്‍ പാതി ബോധത്തില്‍ പതംപറഞ്ഞു കരയുന്നുണ്ട്.  മകള്‍ അവളുടെ കൈക്കുഞ്ഞിനെപ്പോലും മറന്ന് ഒരു മൂലയില്‍ പ്രതിമപോലെയിരിക്കുന്നു. മൂത്ത മൂന്ന് ആണ്‍മക്കളും ആളുകള്‍ക്കിടയില്‍ ഓടിനടക്കുന്നുണ്ട്. പലരും അവരുടെ കൈപിടിച്ചും തോളില്‍ തട്ടിയും ആശ്വസിപ്പിക്കുന്നു.

ഖബര്‍ കുഴിക്കുവാന്‍ ആളുകളെ വിട്ടിട്ടുണ്ടെന്നും എത്ര വൈകിയാലും അത് ഇന്നുതന്നെ നടക്കുമെന്നും പള്ളിയിയില്‍ നിന്നുകിട്ടിയ വിവരം അവറാന്‍റെ ജേഷ്ടന്‍ അബുവിനോട് പറഞ്ഞ ശേഷം ഷുക്കൂര്‍ തന്‍റെ ബൈക്കില്‍ കയറി കടയിലേക്ക് പോയി.

കോഴിക്കട നടത്തുന്ന ഷുക്കൂര്‍ അവറാന്‍റെ അടുത്ത സുഹൃത്തായിരുന്നു. അന്നു കാലത്തും അവര്‍ തമ്മില്‍ കാണുകയും ഒരുമിച്ചിരുന്ന് ചായകുടിക്കുകയും ചെയ്തു. എപ്പോഴെങ്കിലും നെഞ്ചിനകത്തൊരു വിമ്മിട്ടമുള്ളതായി അവറാന്‍ പറഞ്ഞിരുന്നില്ലെന്ന് അയാളോര്‍ത്തു. തന്നോട് യാത്ര പറഞ്ഞ് അവറാന്‍ അടുത്തകടകളിലെല്ലാം കയറി.

ഒരുപാടു പേരോട് കളിതമാശകള്‍ പറഞ്ഞു ചിരിച്ചാണ് അവറാന്‍  വീട്ടിലേക്കുള്ള എന്തോ സാധനങ്ങളും വാങ്ങി    തിരിച്ചു പോയത്. വീട്ടിലെത്തി മൂത്തമകന്‍റെ ഇളയകുട്ടിയെ വിളിച്ചു ഒരു മിഠായിപ്പൊതിയും കൊടുത്ത് കസേരയിലിരുന്നപ്പോഴാണ് ഒരു ചെറിയ നെഞ്ചുവേദന പോലെ അനുഭവപ്പെട്ടത്. കുറച്ചു കഴിഞ്ഞു ചര്‍ദ്ദിയും തളര്‍ച്ചയുമുണ്ടായത്.

“ന്‍റെ റബ്ബേ..”

ഓടിവന്ന ഭാര്യ ആദ്യംതന്നെ മൂക്കുപൊത്തി. പിന്നെ ദേഷ്യത്തോടെതന്നെ  പതിവുപല്ലവി പാടി.

“നിങ്ങള് ഇതിനാണോ രാവിലെ എണീറ്റ്‌ ഇറങ്ങിപ്പോയത്? അല്ല എത്ര പറഞ്ഞാലും നിങ്ങളിത് മാറ്റൂലല്ലേ?”

പിന്നെയവര്‍ അയാളുടെ പുറം തടവിക്കൊടുത്തു. അപ്പോള്‍  അവരുടെ കൈ അയാളുടെ വിയര്‍പ്പില്‍ ഒരുപാട് നനഞ്ഞു. തലയിലിട്ട തട്ടം കൊണ്ട് അവര്‍ അയാളുടെ വിയര്‍പ്പ് തുടച്ചു.

“ഇനിയെന്നാ നിങ്ങള് നേരാവാന്‍ പോണത്.? അന്യതറവാട്ടീന്നു വന്ന ഒരു പെങ്കുട്ട്യകത്തുണ്ടല്ലോ റബ്ബേ.. ഞാനെന്താ ചെയ്യ്വാ..?”

ഇത്രയൊക്കെപ്പറഞ്ഞു അവര്‍ അയാളെ കസേരയില്‍ തിരിച്ചിരുത്തിയതേയുള്ളു. അയാളാകെ വാടിക്കരിഞ്ഞ മട്ടില്‍ അതില്‍ വീണുപോയി.

കോഴികളുടെ തോലുരിക്കുന്നതിനിടയില്‍ ഷുക്കൂര്‍ അതെല്ലാം വിവരിച്ചുകൊണ്ടിരുന്നു. ഒരുപാട് സമയമായി മൂസ്സാക്ക അവനെക്കാത്ത് കടയുടെ മുന്നില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അവന്‍ കട അടക്കാറില്ലെന്ന് അയാള്‍ക്കും അറിയാം.

മൂസ്സാക്കയും അവറാനെയറിയും. അവറാന്‍ പണ്ട് നടത്തിയിരുന്ന പലച്ചരക്കുകടയുമായി ചില കച്ചവടബന്ധങ്ങള്‍ അയാള്‍ക്കുമുണ്ടായിരുന്നു. അവറാന്റെ ചിരിയും മൂസ്സാക്കായെന്ന ആ   വിളിയും അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.

“ മൂസ്സാക്കാ കട നിങ്ങള്‍ക്ക് വേണ്ടീട്ടു തുറന്നതാ..ഇനി മയ്യത്തോക്കെ എടുത്തശേഷം നാളെ പറ്റിയെങ്കില്‍ തുറക്കും” ഷുക്കൂര്‍ ഷട്ടര്‍ താഴ്ത്തുമ്പോള്‍ പറഞ്ഞു.

“നാളെ വിരുന്നും ആയിപ്പോയി..നോക്കട്ടെ പറ്റീച്ചാല് രാവിലെ പോയി മയ്യത്തൊന്നു കാണണം”

“ദൂരെനിന്നാരും വരാനൊന്നുമില്ലാത്തതുകൊണ്ട് പത്തുമണിക്ക് മുമ്പെടുക്കും.. “
 
ഷുക്കൂര്‍ ബൈക്കില്‍ കയറി തിരിച്ചു പോയി.

മൂസ്സാക്ക ഓട്ടോ വിളിച്ചു ഇറച്ചിയും കയറ്റി വീട്ടിലെത്തിയപ്പോഴേക്കും വെയിലാറിക്കഴിഞ്ഞു. മുറ്റത്ത് തന്നെ കാത്തുനില്‍ക്കുകയായിരുന്നു ഭാര്യയും മക്കളും. മകളുടെ വയറുകാണാന്‍ വരുന്നവര്‍ക്കുവേണ്ടി സദ്യവട്ടങ്ങള്‍ ഒരുക്കാനുള്ള തിരക്ക് തുടങ്ങിയിട്ട് രണ്ടുദിവസങ്ങള്‍ കഴിഞ്ഞു.

“നിങ്ങളെന്താ വൈകിയതെന്ന് നോക്കി നില്‍ക്കാണ്.. ഇതൊക്കെ കിട്ട്യാലല്ലേ ബാക്കി പണിനടക്കൂ"

അയാളുടെ ഭാര്യ സ്വരത്തില്‍ അക്ഷമ പ്രകടിപ്പിച്ചു.

“ഒരു മരിപ്പുണ്ടാര്‍ന്നു. ആ ഇറച്ചിക്കാരന്‍ ചെക്കന്‍ വരാന്‍ വൈകി.”

“ആരാ മരിച്ചത്? നമ്മളറീന്നോരാ?”

“ആ അവറാനെയ്‌.. പണ്ട് പലചരക്കിന്‍റെ കച്ചോടം ഉണ്ടായിരുന്നില്ലേ..? ഞമ്മടെ ചുണ്ടമ്പറ്റേലെ ആയിച്ചൂന്റെ മകന്‍ കെട്ടിയിരിക്കുന്നത് അവന്‍റെ മകളെയാ..”

“ആ തടിച്ച്‌.. മോട്ടോര്‍സൈക്കിളിലൊക്കെ ഇത്യേ പോണത് കണ്ടിട്ടുണ്ട്..”

“അവന്‍ തന്നെ"

“പിന്നേയ് ദേ ശാലിനി നില്ക്കണതു കണ്ടില്ലേ? പാലിന്‍റെ കാശിനാ. അവളുടമ്മക്ക് നാളെ സാധനങ്ങള്‍ വാങ്ങിക്കാനാത്രേ. അതങ്ങട്ട് കൊടുത്താളിന്‍.. മോളെ വേഗം വാങ്ങിപ്പൊയ്ക്കോ അമ്മ വഴക്ക് പറയും"

“അറന്നൂറ്റിമുപ്പതല്ലേ..?ന്നാ പിടിച്ചോ..പിന്നേയ് അമ്മയോട് പറ..   നാളെ രാവിലെ കടയൊന്നും തൊറക്കാന്‍ വഴിയില്ലെന്ന്. ഉച്ച കഴിഞ്ഞു പോയാമതി ”

“അത്യോ..? ശരിയുമ്മാ..സഫീ..ഞാന്‍ പോണൂ ട്ടോ"

മൂസ്സാക്ക കൊടുത്ത പണം എണ്ണിനോക്കാന്‍ പോലും അവള്‍ക്കു സമയമുണ്ടായിരുന്നില്ല. അമ്മ ഇന്നു വെറുതെ വിടില്ല. സഫിയുമായി വര്‍ത്തമാനം പറഞ്ഞിരുന്നതാണെന്നു കുറ്റപ്പെടുത്തും.

തുളസിത്തറയില്‍ വിളക്ക് വക്കേണ്ട സമയമൊക്കെ എപ്പോഴേ കഴിഞ്ഞു. അമ്മ വഴിയിലിറങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ വരുന്നത് കണ്ട് ധൃതിയില്‍ ഉമ്മറത്ത്  കയറി നിന്നു.  ശകാരം അയല്‍ക്കാര്‍ കേള്‍ക്കെണ്ടല്ലോ എന്ന് കരുതിക്കാണും.

“ആ സഫിയാടെ ഉപ്പ വരാന്‍ വൈകിയതോണ്ടാ താമസിച്ചത്. .ഇപ്പൊ വരുമെന്ന് പറഞ്ഞു  അവരവിടെയിരുത്തി.. അല്ലെങ്കില്‍ പിന്നെ രണ്ടു ദിവസം കഴിഞ്ഞേ കാശ് കിട്ടൂ..”

ഒരു മുന്‍കൂര്‍ജാമ്യം അവള്‍ തന്നെ സമര്‍പ്പിച്ചു.

“ഉം.ഉം. അറിയാം. മതി, പോയിരുന്നു പഠിക്കാന്‍ നോക്ക്"

എന്തൊരു ഭാഗ്യം! അവള്‍ അമ്മയെ നോക്കി ചിരിച്ചു. അമ്മ അടുക്കളയിലേക്കു പോകാന്‍ തുടങ്ങുകയായിരുന്നു.ചിലപ്പോള്‍ ഒന്നും വിശ്വസിച്ചിട്ടുണ്ടാവില്ല.

“സത്യാണമ്മേ പറഞ്ഞത്. മൂസ്സാക്ക മുക്കിലെപ്പീടികയില്‍ കൊഴിവാങ്ങാന്‍ പോയിരിക്ക്യായിരുന്നു.  അവിടാരോ മരിച്ചത് കൊണ്ട് കട തുറക്കാന്‍ വൈകിയതാത്രേ..”

“ഉം…ശരി..”

“നാളെ  അമ്മ പോകേണ്ട. ഉച്ചവരെ കടയൊന്നും തുറക്കില്ല. ”

അമ്മ തിരിഞ്ഞു നിന്നു.

“ആരു മരിച്ചൂന്നാ പറഞ്ഞത്?”

“പഴയൊരു കച്ചവടക്കാരനാത്രേ.” അവള്‍ തുടര്‍ന്നു.

“ഒരു അവറാന്‍.. എന്‍റെ കൂടെ പത്താം ക്ലാസ്സില് പഠിച്ചിരുന്നില്ല്യെ ഒരു ആരിഫ? അവള്‍ടെ ഭര്‍ത്താവിന്‍റെ വാപ്പയെന്നാ പറഞ്ഞത്. അറ്റാക്കാത്രേ.. അമ്മ നാളെ സാധനങ്ങള്‍ക്കൊന്നും പോകേണ്ട. നാളെ രാവിലെ ആരും കട തുറക്കില്ലെന്ന് മൂസ്സാക്കയും പറഞ്ഞു"

“എനിക്ക് അടുക്കളയില്‍ പണിയുണ്ട്.”

അമ്മ അതുപറഞ്ഞ് പെട്ടെന്നകത്തു പോയി. പിന്നീട് ഏറെനേരമൊന്നും കഴിഞ്ഞില്ല. തിരിച്ചുവരികയും ചെയ്തു. നെറ്റിയില്‍ അമര്‍ത്തിത്തിരുമ്മുകയും ചെയ്തു.

“മോള് ഊണ് കഴിച്ചോളൂ.. അമ്മക്ക് വേഗം കിടക്കണം.”

“എന്താണമ്മേ.?”

“ആ തലവേദന തന്നെ. ഇതെന്നെക്കൊണ്ടേ പോകൂ"

ഉറങ്ങാന്‍ കിടന്നപ്പോഴും അമ്മ അതുതന്നെ വീണ്ടും ആവര്‍ത്തിച്ചു. ഗുളിക തീര്‍ന്നെന്നും നാളെ രാവിലെപ്പോയി അതെങ്കിലും വാങ്ങണമെന്നും ഒക്കെ ആരോടെന്നില്ലാതെ  അവര്‍ പറയുന്നത് കേട്ടുകൊണ്ട് അവളുറങ്ങുകയും ചെയ്തു. പക്ഷെ അവര്‍ക്ക് മാത്രം ആ രാത്രി ഉറങ്ങാനായില്ല.

അവരുടെ മനസ്സപ്പോള്‍ പത്തുമുപ്പത് കൊല്ലം പിന്നിലേക്ക്‌ പറന്നുപോയി. അതൊരു പഴയ അങ്ങാടിയില്‍ ചെന്നു  നിന്നു. നിരപ്പലകകള്‍ പാകിയ പകുതി തുറന്ന ഒരു പീടികമുറി കണ്ടെത്തി. അവിടെ ഒരു മരബഞ്ചിലിരുന്നു. മുന്നില്‍ ചിരിച്ച് തമാശകള്‍ പറയുന്ന ഒരു അവറാനെ കണ്ടു.

നിഴലും തണലുമുള്ള ഒരു പകല്‍. അല്ല അങ്ങിനെ എത്രയെത്ര പകലുകള്‍ .

പലച്ചരക്കുകടയുടെ മുന്നില്‍നിന്ന്  ഉള്ളില്‍ മഴച്ചാലുപോലെ ഒലിച്ചുപോയ കണ്ണീരിന്‍റെ പകലുകള്‍. ഒന്നിച്ചു ജീവിക്കാന്‍ മറ്റൊരു മാര്‍ഗവും കാണുന്നില്ലെന്ന് തോന്നിയപ്പോള്‍ വിവേകത്തോടെത്തന്നെ ഒടുവില്‍ പിരിയാന്‍ തീരുമാനിച്ച മറ്റൊരു പകല്‍ .

ആരെയും ഒന്നും അറിയിക്കരുതെന്ന് ഇരുവരും പ്രതിജ്ഞ ചെയ്തു. ഇന്നോളം അതെല്ലാം പാലിച്ചു.

അവര്‍ രാത്രിയൊന്നു  വെളുത്തു കിട്ടാന്‍ വേണ്ടി മാത്രം ഇരുട്ടിനെയും കാത്തു കിടന്നു.

പിറ്റേന്ന് മുക്കിലെപ്പീടികയിലുള്ള ബസ്സ്റ്റോപ്പില്‍, പടര്‍ന്നു പന്തലിച്ച ആല്‍മരച്ചില്ലകളിലൂടെ ആകാശം കണ്ടുകൊണ്ടിരിക്കുമ്പോഴും അവരുടെയുള്ളില്‍ അവറാന്‍ ചിരിച്ചുകളിച്ചു. പഴയ കുറെ കഥകള്‍ പറഞ്ഞു. പകലും രാത്രിയും പോലെ  വന്നുംപോയുമിരുന്നു, പലപല വേഷങ്ങളിലുള്ള ആ പഴയ ഓര്‍മ്മകളെല്ലാം.

അപ്പോള്‍  നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ പച്ചപ്പുതപ്പിട്ട ഒരു മയ്യത്തുകട്ടിലില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് അവറാനെ കൊണ്ടുപോകുന്നുണ്ടായിരുന്നു. ആ ആള്‍ക്കൂട്ടം പ്രാര്‍ഥനകളോടെ പള്ളിക്കാട്ടിലേക്കുള്ള വഴിയില്‍ മറയുവോളം ആ മനസ്സും അവര്‍ക്കൊപ്പം കൂടി.
ഒടുവില്‍  സാരിത്തുമ്പുകൊണ്ട് മുഖം പൊത്തി ഉള്ളിലുള്ളതെല്ലാം കടിച്ചമര്‍ത്തി.

അടുത്ത ബസ്സും അതിനടുത്ത ബസ്സും ഒക്കെ കടന്നുപോകുമ്പോഴും അവര്‍ അവിടെത്തന്നെ നിന്നു.  




c
  1. നല്ല കഥ! കഥാന്ത്യം തികച്ചും കഥാകാരന്റെ കയ്യില്‍ ഭദ്രം...

    ReplyDelete
  2. മരണം ഓർമിപ്പിച്ച ഒരു ഹിന്ദു-മുസ്ലീം പ്രണയകഥ നന്നായി പറഞ്ഞു, മലപ്പുറത്തെ അങ്ങാടികൾ നമ്മുടെ എഴുത്തിൽ വളരെ അപൂർവ്വമാണ്, നന്ദി.

    ReplyDelete
  3. നന്നായിട്ടുണ്ട് കഥ,എന്നാലും എന്തൊക്കെയോ അവ്യക്തത...

    ReplyDelete
  4. സംഭാഷണങ്ങൾ അല്പം അതികരിച്ചുവോ?...എങ്കിലും നന്നായിരുന്നു..

    ReplyDelete
  5. ഒന്നില്‍ നിന്ന്‌ മറ്റൊരിടത്തേക്ക്...കഥ അവതരിപ്പിച്ച രീതി എനിക്കിഷ്ടമായി. അഭിനന്ദനങ്ങള്‍ !

    ReplyDelete
  6. അവര്‍ക്കു മാത്രം അറിയുന്ന ആ പ്രണയം ഇന്നു ഞാനും അറിഞ്ഞു.......ഞാന്‍ ആരോടും പറയില്ലട്ടോ

    ReplyDelete
  7. പ്രണയത്തിന് അതിരുകളില്ല.

    ReplyDelete
  8. പലച്ചരക്കുകടയുടെ മുന്നില്‍നിന്ന് ഉള്ളില്‍ മഴച്ചാലുപോലെ ഒലിച്ചുപോയ കണ്ണീരിന്‍റെ പകലുകള്‍.

    The best line in the story.
    പ്രണയം പറയാതെ പറയാമായിരുന്നു..

    ReplyDelete
  9. katha valare nannayittundu..... aashamsakal.........

    ReplyDelete
  10. ആരും അറിയാത്ത ഒരു പ്രണയം.

    ReplyDelete
  11. നന്മ നിറഞ്ഞൊരാളുടെ വഴികളിലെന്തെ ഇത്തരം ദുരന്തങ്ങൾ എന്നുചോദിക്കുവാൻ നമ്മളാര്.

    നാമും ഓരോ നിമിഷവും മരണത്തിലേക്ക് അടുക്കുന്നു എന്ന സത്യവും നാം മനസ്സിലാക്കണം.

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.....നന്ദി...

    ReplyDelete
  12. ഒരു പ്രണയത്തിന്റെ വസന്തകാലങ്ങള്‍ നേരില്‍ കണ്ട മരണത്തിലൂടെ പുറത്തേക്ക്‌ കുതിക്കാന്‍ കൊതിക്കുന്നത് കണ്ടറിഞ്ഞു.

    ReplyDelete
  13. ചിലകാര്യങ്ങളിങ്ങനാ..ആരുമറിയാതെ മണ്ണടിയും

    ReplyDelete
  14. ജാസ്മിക്കുട്ടി,ശ്രീനാഥൻ,മുല്ല,ബഷീർ.പി.ബി,അനശ്വര,ബൈജു,മുസ്തഫ പുളിക്കൽ,ശാന്ത കാവുമ്പായി,സാബു,ജയരാജ്,ടൈപിസ്റ്റ്,ശിരോമണി,സെറിൻ,പട്ടേപ്പാടം റംജി,കുസുമം പുന്നപ്ര..ഇവിടെ വന്നതിനും,വായിച്ചതിനും,വിലയേറിയ അഭിപ്രായങ്ങൾ പങ്കുവച്ചതിനും ആത്മാർഥമായ നന്ദി.

    ReplyDelete
  15. കഥ പറഞ്ഞ രീതിയാണ് നന്നായത്.

    ReplyDelete
  16. ഇഷ്ടായി നഷ്ടങ്ങളുടെ കഥ ആശംസകള്‍

    ReplyDelete
  17. വായിച്ചു...നന്നായി..

    ReplyDelete
  18. ഇഷ്ടപ്പെട്ടു,

    എനിക്ക് അടുക്കളയില്‍ പണിയുണ്ട്- ഇത് വായിച്ചപ്പോള്‍ ക്ലൈമാക്സ് എന്റെ മനസ്സില്‍ ഓടി കേട്ടോ. വായിച്ച് വന്നപ്പഴേക്കും..

    കഥാന്ത്യം നന്നായി.

    ReplyDelete