Post Page Advertisement [Top]

...

വെള്ളിയാഴ്ച്ചകള്‍

velliyaazhccha
വേനലവധി കഴിഞ്ഞെത്തിയ
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്‍

ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്‍ക്കിനാവില്‍
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ്‌ വാതോരാതെ..

വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.

കടല്‍ക്കാക്കയേപ്പോല്‍ കരയും 
(വിരഹക്കടലില്‍ കുളിച്ചവന്‍ )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്‌ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍  ചിലപ്പോള്‍ 
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.

ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.

വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ 
വെളുത്ത പനിനീര്‍ പൂവിന്‍റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്‍റെ
ഓര്‍മയിലേക്ക്
മൌനത്തിന്‍ റീത്തായ്
സമര്‍പ്പിക്കും.
c
  1. blank

    കടല്‍ക്കാക്കയേപ്പോല്‍ കരയും
    (വിരഹക്കടലില്‍ കുളിച്ചവന്‍),കവിത നന്നായിട്ടുണ്ട്,വെറുതെ വിഷമിപ്പിക്കാതെ

    ReplyDelete