ലേഖനം

ഇടനാഴിയിലെ കാഴ്ച്ചകള്‍

Post Page Advertisement [Top]

...

ഇടനാഴിയിലെ കാഴ്ച്ചകള്‍

idanazhi
 

 കണ്ടു പരിചയമില്ലാത്തൊരു മുഖമാണ്. പുലരിത്തണുപ്പിലൂടെയാണ് പടി കടന്നെത്തിയത്. അയല്‍വാസിയുടെ മട്ടും ഭാവവും ഒക്കെയുണ്ട്. പക്ഷെ, വെയിൽ മുഖത്ത് വഴിതെറ്റി വന്ന ഒരു വയസ്സന്റെ മട്ടുണ്ട്.

തുലാവര്‍ഷം പതിവുപോലായില്ലല്ലൊ എന്നൊരു സങ്കടം ഉള്ളില്‍ പെയ്‌തിരുന്നു. എന്നിട്ടും വൃശ്ചികപ്പുലരികള്‍ പകലിനെ തണുപ്പിക്കുമെന്ന് കരുതി ഉള്ളം കുളിര്‍പ്പിച്ചു. അപ്പോഴാണ്‌ മരങ്ങള്‍ക്ക് മേലെനിന്ന് മഴമേഘക്കുടയും പിടിച്ചുകൊണ്ട് ഇറങ്ങി വന്നത്. എങ്കിലും നരച്ച ആകാശം മുഴുവന്‍ കാണിച്ചുകൊണ്ട്  ചിരപരിചിതന്റെ മട്ടില്‍ ചിരിച്ചു.

മരത്തുന്നാരങ്ങളില്‍ സകല കുസൃതികളും കാണിച്ചു കൂട്ടുന്ന കാറ്റിന് വലിയൊരു കോള് കിട്ടിയ മട്ടുണ്ട്. പേരിന് നേരിയൊരു പുലരിമഞ്ഞുമുണ്ടതിന്റെ  കൂട്ടിന്. ഉദയാസ്തമനങ്ങള്‍ക്കൊപ്പം   രാവും പകലുമില്ലാതെ കാറ്റിനതിന്റെ ആഹ്ലാദം.

വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ?  ഇത് വൃശ്ചികം തന്നെ.
        
എന്തൊക്കെയായാലും മഴയ്ക്ക് ശേഷമുള്ള ഒരു മഞ്ഞുകാലമല്ലെ? അതിന്‍റെയൊരിഷ്ടം ഉള്ളിലുണ്ടാവില്ലെ?

ആ ഇഷ്ടത്തിന് വസന്തത്തിന്‍റെ സുഗന്ധവും സൗന്ദര്യവും ഉണ്ട്. മനസ്സിനെ കുളിരണിയിക്കുന്നുണ്ട് ഓര്‍മ്മകളുടെ കുട്ടിക്കാലം. ആ ഓര്‍മ്മകളെ ഉത്സവമാക്കുന്നുണ്ട് കൌമാരം. അതിന്‍റെ സ്വപ്നങ്ങളില്‍ പൂവും കായും വിരിയിച്ച യൌവ്വനം.

മനസ്സ് ഓര്‍മ്മകളുടെ  ഒരിടനാഴിയിലെത്തിയില്ലെ? നില്‍ക്കട്ടെ, അതില്‍ പച്ചപ്പിന്റെ പകലുകളുള്ള ഒരുപാട് ഇടവഴികളുണ്ട്.
     
മുള്ളന്‍ കള്ളികള്‍ പൂവിട്ട പണ്ടത്തെ ഇടവഴികള്‍ കണ്ടിട്ടുണ്ടൊ? മൂടല്‍ മഞ്ഞില്‍ തണുത്തു വിറച്ചു നില്‍ക്കുന്ന മുളംതലപ്പിലിരുന്നു പാടുന്ന കിളികളെ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ ഇടവഴികള്‍ക്ക് ഇരുവശവുമുള്ള പച്ചപ്പിലേക്ക് മനസ്സ് പിച്ചവക്കാതിരിക്കില്ല. തെവിടിശ്ശിയും കൂത്താടിച്ചിയും  പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കില്ല. തെച്ചിയും നീരോലിയും പേടിപ്പിക്കുമ്പോള്‍ തിരിഞ്ഞു നടക്കാതിരിക്കില്ല.

കുഞ്ഞിക്കുറുക്കന്‍റെ കഥകള്‍ അയവിറക്കാം. ഉപ്പിണിപ്പാടം  മുറിച്ചുകടക്കാന്‍ അപ്പോളെന്തെളുപ്പം! ഞണ്ടിന്റെ പൊത്തുകളില്‍ വിറച്ചു പനിച്ചു കിടക്കുന്ന വരമ്പില്‍ ചവുട്ടിയാല്‍ പച്ചനെല്ലിന്‍റെ  പകിട്ടും പത്രാസും തിരിച്ചറിയാം. തോട്ടിലും കുളത്തിലും നീന്തിത്തുടിച്ചാല്‍ മതി. അന്തിമയങ്ങിയാലും   കരകയറാന്‍ മടിക്കുന്ന ഒരു  മനസ്സുണ്ടാവും.

അല്ലെങ്കില്‍ വേണ്ട. തെങ്ങിന്‍ ചുവട്ടിലൂടെയൊ കമുകിന്‍ തോട്ടത്തിലൂടെയൊ പാളവണ്ടികള്‍ വലിക്കാം. പകല്‍ അതിവേഗം അവസാനിക്കും. അടുത്ത പകലിലേക്ക്‌ കളിവട്ടുകളുരുട്ടാന്‍ അപ്പോള്‍ അതിലുമെളുപ്പം!

കണ്ടിട്ടില്ലെ? ഇടവഴികളിലൂടെ  കാഴ്ച്ചകളുടെ ഘോഷയാത്രകള്‍ രാത്രിയും പകലും ഇടകലര്‍ന്ന സ്വപ്നങ്ങളുടെ ഉറവിടങ്ങളാണവ.

കുളികഴിഞ്ഞുവരുന്ന അയ്യപ്പന്മാരാണ് പുലരികളെ ശരണം വിളിച്ചുണര്‍ത്തുന്നത്. മുളംപട്ടലുകളിലിരുന്നു കാട്ടുകോഴികള്‍ അതേറ്റു വിളിക്കും. മുന്നില്‍ കാണുന്ന വഴിയിലുള്ളത് ഈറനുടുത്ത ധനുപ്പുലരി. തിരുവാതിരയണിഞ്ഞ അയല്‍പക്കങ്ങള്‍ മുറ്റത്തെത്തിക്കഴിഞ്ഞു. ഇടിച്ചക്കത്തോരന്റേയും കുവ്വപ്പായസത്തിന്റേയും കൊതിയൂറുന്നില്ലേ?
                                                                                                                                 അടുത്ത പെരുന്നാളിന് അപ്പവും അരീരവും പങ്കുവച്ച് പകരം വീട്ടും. പെറ്റുപെരുകുന്നുണ്ട് ഉള്ളില്‍ അതിന്റെയൊരു കൊതി. പട്ടന്മാരുടെ ഇടവഴിയിറങ്ങി വരുന്നത് പപ്പടം വില്‍ക്കുന്ന ചെട്ടിച്ചി. കുട്ടയില്‍ ഇഡ്ഡലിയും ചമ്മന്തിപ്പൊടിയുമുണ്ട്. വാട്ടിയ വാഴയിലയില്‍ അതിന്റെ പെരുങ്കൊതിയുണ്ട്.      

പള്ള്യാലുകളില്‍ നേന്ത്രവാഴകള്‍ പച്ചപിടിക്കുന്നത് പക്ഷെ  കാറ്റിനു കണ്ണില്‍പിടിക്കില്ല. അച്ചിങ്ങയും കൂമ്പാളയും കണ്ണിമാങ്ങയും കൊഴിക്കുന്ന കാറ്റിനും ഒരു തല്ലിന്റെ കുറവുണ്ട്.

തോട്ടം കിളക്കിടയില്‍ കാറ്റിന് കുഞ്ഞാപ്പുവിന്റെ പ്രാക്കുണ്ട്. മുളവെട്ടുന്ന അയ്യപ്പന്റെ വക വെട്ടുകത്തി കൊണ്ടുള്ള വിരട്ടലുണ്ട്. വേലികെട്ടുന്നതിനിടയില്‍  മുണ്ടിയും കാര്‍ത്യായനിയും പച്ചടക്കയും തളിര്‍വെറ്റിലയും തിന്ന് തുപ്പിച്ചുവപ്പിക്കുന്നുണ്ട്.
            
കിഴക്കിന് ആ ചുവപ്പാണ്, തേക്കുപാട്ടിനിടയില്‍  മകരം പിറക്കുമ്പോള്‍  .
      
മകരം, മഞ്ഞും മരങ്ങളും നിലാവുമൊക്കെ ചേര്‍ന്നുണ്ടാക്കിയ ഒരു മനോഹര ചിത്രം തന്നെ. കാണണം, അതിന്റെ ചമയങ്ങളില്‍ സജീവമാകുന്ന ഭാവചാരുതകള്‍ . ഉപ്പിണിപ്പാടം സ്വര്‍ണ്ണശോഭയില്‍ തിളങ്ങും. വിളഞ്ഞ പാടശേഖരങ്ങളില്‍ കൊയ്ത്തുപാട്ടിന്റെ ഈരടികള്‍ മുഴങ്ങും.

ചാണകമെഴുകിയ  മുറ്റത്ത്  മകരനിലാവാണ്. നിലാവിന്‍റെ നിഴലിലാണ് മെതിയും പതിരാറ്റലും. നെല്ലും വൈക്കോലും കാളവണ്ടികളില്‍ നാടുകടത്തുന്നു. വാവടുത്തെന്ന് തൊഴുത്തില്‍ നിന്ന് പൂവാലി നിലവിളിക്കുന്നു.

കറ്റകള്‍ ഒഴിഞ്ഞു പോയാല്‍ പിന്നെ കതിര്‍മണികള്‍ കൊഴിഞ്ഞു കിടക്കുന്നത് കിളികളുടെ പാടം. ആ പാടം താണ്ടി ഇടഴികള്‍ കയറിപ്പോയാല്‍ മുട്ടും വിളികള്‍ക്കുമൊപ്പം ഒരു നേര്‍ച്ചക്കാലത്തിലേക്കോടിയെത്താം.

മഞ്ഞുപെയ്യുമ്പോഴും പതിരുവാണിഭങ്ങളില്‍ മനുഷ്യര്‍ പെയ്യുന്ന വറുതിയുടെ കാലം. ചക്കരവെള്ളവും തേങ്ങാപ്പൂളും നുണയാം.  കോല്‍ക്കളിയും അറബനമുട്ടും ബാന്റുമേളങ്ങളും കാണാം. പൂക്കുറ്റിയും വാണവും കത്തുമ്പോള്‍ കൂട്ടിന്  കുഭവും കൂടും.       

കുംഭത്തിന്‍റെ എഴുന്നെള്ളത്തിന് മറ്റെന്തെല്ലാം ചമയങ്ങള്‍ ! ഒരു കാശുകുടുക്കയുടെ കിലുകിലുക്കത്തോടെയാണ് അതിന്‍റെ തുടക്കം. കൂത്ത് തുടങ്ങുമ്പോഴേയ്ക്കും മനസ്സില്‍ കുടുക്ക പൊട്ടിച്ച രസം. കല്‍വിളക്കുകള്‍ തെളിയുന്നു. കൂത്തമ്പലങ്ങള്‍  സജീവമാകുന്നു.

ആണ്ടിയും ചോഴിയും വെളിച്ചപ്പാടും ഒക്കെ താളമേളങ്ങളോടെ നാടുചുറ്റും. താളമെല്ലാം തെറ്റിച്ച്‌ വട്ടം ചുറ്റിക്കുന്ന ഒരു ചൂടതിനൊപ്പം  കൂടും. 

പറയപ്പൂതങ്ങളറിയുന്നില്ല പേടിയുടെ പൂരം. എങ്കിലും അവനവന്റെ ദേശത്തിനതെല്ലാം ഒരാനച്ചന്തം. ആനമയിലൊട്ടകങ്ങള്‍ക്കിടയിലാണത്രെ ആണുങ്ങളുടെ പൂരം! പക്ഷെ, അതിനുമപ്പുറത്താണ് ഊഞ്ഞാലിന്റെ ഹരം.
             
ഏതു പേടിത്തൂറിക്കും  ഊഞ്ഞാലില്‍ നിന്നിറങ്ങുമ്പോള്‍ അഭിമാനം ആകാശം മുട്ടും. ആകാശമപ്പോള്‍  മുഖം വീര്‍പ്പിച്ചിരിക്കും. ഒടുവില്‍ , ആരവങ്ങള്‍ക്കിടയിലേക്ക് അത് കയറു പൊട്ടിച്ചിറങ്ങുന്നു. അതാണ് കുപ്പയിലും നെല്ലു വിളയുന്ന കുംഭമഴ.

മഴയ്ക്ക് ചിലപ്പോഴൊക്കെ പനിക്കും. പറഞ്ഞു പരത്തുമ്പോള്‍ മണ്ണാന്‍ വൈദ്യരതിനെ ഊതിപ്പറത്തിക്കും. തിരിഞ്ഞു കുത്തുന്നവയെ കൊമ്പഞ്ചാതി ഗുളിക കൊണ്ട് പിടിച്ചു കെട്ടും.

ഒറ്റ വീര്‍പ്പിന് പൊട്ടിച്ച് ഓടപ്പീപ്പിയും ബലൂണും കെട്ടിപ്പൊതിഞ്ഞു വയ്ക്കും. ഹല്‍വയും ഈത്തപ്പഴവും പോലെ ചിതലരിച്ചാലൊന്നും തീരില്ല ചിലതിന്റെ മധുരം.

ഉപ്പിണിപ്പാടത്തിപ്പോള്‍ പുതിയൊരാരവം.        

കൈതോലപ്പായയും പുല്ലുപായയും പുല്ലിന്‍ ചൂലും ചിരട്ടക്കയിലും ഒക്കെയായി ആശാരിച്ചികള്‍ കുന്നക്കാടന്‍ പാലയിറങ്ങിവരുന്നുണ്ട്. മുറവും വിശറിയും പരമ്പും വട്ടികളും കുട്ടകളുമൊക്കെയായി തച്ചുകുന്നിറങ്ങുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഇടവത്തിന്റെ വഴിവരമ്പില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.

ഉപ്പിണിപ്പാടത്തെ വരമ്പിനകമ്പുറങ്ങള്‍ അത്രയധികം വിശാലം. അതിലും വിശാലതയിലവിടത്തെ കാവും പറമ്പുകളും.  മാവും പ്ലാവും പുളിയും ഞാവലും ഒക്കെയതില്‍ ആകാശം മുട്ടിയും.

ആ മാഞ്ചുവട്ടിലും പുളിഞ്ചോട്ടിലും ഒക്കെയാണ് അടങ്ങിയൊതുങ്ങിക്കഴിയുന്ന മാമ്പഴക്കാലം. വെള്ളരിയും മത്തനും കുമ്പളവും ഒക്കെ വിളഞ്ഞു പഴുത്താല്‍ അന്തിച്ചുവപ്പിനൊപ്പം തോട്ടുവരമ്പുകള്‍ താണ്ടി വരുന്ന കാറ്റ്  കായ്ക്കറിപ്പന്തലില്‍ ചുറ്റിക്കറങ്ങും. പാടത്തേക്ക് ചാഞ്ഞ ചില്ലകളില്‍ ഞാന്നു കിടന്ന് കണിക്കൊന്നപ്പൂവുകള്‍  ഊറിച്ചിരിക്കും. തെങ്ങിന്റെ ഉയരങ്ങളിലും കാവുകളുടെ ഇരുട്ടിലുമിരുന്നു വിഷുക്കിളികള്‍ നീട്ടിപ്പാടും.

വിത്തും കൈക്കോട്ടും..

പാടത്തുപണിക്കുള്ള നല്ല ദിവസങ്ങളപ്പോള്‍ പഞ്ചാംഗത്തില്‍ നിന്നെടുക്കും. ഒന്നരക്കന്നുകള്‍ ഉഴുതുമറിച്ചിട്ട കണ്ടങ്ങളില്‍ കട്ടമോടനും ചിറ്റാണിയും. കാക്കയും കൊറ്റിയുമൊക്കെയതിനു കാവല്‍ കിടക്കും. കള്ളമില്ലാത്ത മനസ്സുകള്‍ ഏറ്റുപാടാന്‍ തുടങ്ങും.

                 കള്ളന്‍ ചക്കട്ടു..
                 കള്ളത്തി കൊണ്ടോയി..
                 കണ്ടാ മിണ്ടണ്ടാ..
                 കൊണ്ടോയ് തിന്നോട്ടെ..

പുരമേച്ചലിനാണ് ചക്കക്കൂട്ടാനും കഞ്ഞിക്കും രുചിയും രസവുമേറുക. പുരപൊളിക്കുമ്പോള്‍  ചട്ടിയും കലങ്ങളും പുറത്താണ് കിടക്കുക. കരിമ്പനപ്പാന്തം കൊണ്ട് അലകും കോലും കെട്ടി പുരപ്പുറത്തേക്കെറിയുന്ന വൈക്കോല്‍ കന്നുകള്‍ പിടിച്ചെടുത്ത് മേഞ്ഞിറങ്ങുമ്പോള്‍ കുട്ടിച്ചക്കന്‍ ഇരുട്ടിനെക്കാള്‍ കറുത്തിട്ടുണ്ടാവും. ചുവന്നൊരു കോണകത്തുമ്പ് ആ കാലിന്നിടയിലുണ്ടായിരുന്നെന്ന് കുട്ടികള്‍ കളിയാക്കും. മുണ്ടി മുഖംപൊത്തും. കണ്ടാലും മിണ്ടണ്ട. വെള്ളം മോന്തിയാല്‍ ആ കണ്ണുകള്‍  അതിലും ചുവക്കും.

തോട്ടിലെപ്പോഴും വെള്ളാഴങ്ങള്‍ കാണും. അതില്‍ മൊയ്യും കണ്ണനും കരുതലയുമൊക്കെ പുളക്കും.

പോത്തുകള്‍ ചേറിളക്കിയ ചിറ തെളിയുമ്പോള്‍  നേരത്തിനു തല തിരിയുന്നത് കാണണം. അഞ്ഞൂറ്റൊന്നിന്റെ സോപ്പുകട്ടകൊണ്ട് മക്കളെയൊക്കെ അലക്കി വെളുപ്പിക്കുന്ന പെണ്ണുങ്ങളുടെ ചിറയിലേക്ക് കൈതപ്പൊന്തയില്‍ നിന്ന്  മുത്തുക്ക  വല വീശുമ്പോളാണ്‌ നേരം തലതിരിഞ്ഞിട്ടുണ്ടാവുക.

വിഷുവിന്‍റെ തലച്ചക്രങ്ങള്‍ കത്തിത്തീര്‍ന്നാലും, കുട്ടിമനസ്സുകളില്‍ ഒരിടവപ്പാതിയിലും കെട്ടുപോകാത്ത കമ്പിത്തിരികള്‍ .

ഇടവവും മിഥുനവുമൊന്നും അവരുടെ ഇടനെഞ്ചില്‍  പെരുമഴ പെയ്തു കൂട്ടാറില്ല. കര്‍ക്കിടകത്തിലെ പഞ്ഞനാളുകളില്‍ കഞ്ഞിയും പയറുപ്പേരിയും കഴിച്ച് മുറ്റത്തെ മഴക്കടലില്‍ കടലാസുതോണിയിറക്കുന്നു. ചിങ്ങത്തിലെ അത്തപ്പൂക്കളങ്ങള്‍ തേടി ജീവിതത്തോണി തുഴയുന്നു.
              
നേര്‍ക്കാഴ്ച്ചകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ഉത്സവകാലങ്ങള്‍ ആയുസ്സില്‍ കോര്‍ത്തിട്ട മരതകമാണിക്യങ്ങളാണെന്നറിയാതെ മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയിത്തീരാന്‍ കൊതിക്കുന്ന ബാല്യ, കൌമാര മനസ്സുകളുടെ ജീവിത യാത്രകള്‍ .                


        
c
  1. blank

    നേര്‍ക്കാഴ്ച്ചകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ഉത്സവകാലങ്ങള്‍ ആയുസ്സില്‍ കോര്‍ത്തിട്ട മരതക മാണിക്യങ്ങളാണെന്നറിയാതെ മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയിത്തീരാന്‍ കൊതിക്കുന്ന ബാല്യ,കൌമാര മനസ്സുകളുടെ ജീവിത യാത്രകള്‍ .


    ഒരു കവിത വായിച്ച പോലെ.. വായന സുഖം തരുന്ന നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്..

    ആശംസകള്‍...

    ReplyDelete
  2. blank

    എന്ത് രസാണ് ഇത് വായിച്ചു പോകാന്‍ .
    നാട്ടു പൂക്കളുടെ നൈര്‍മല്യമുള്ള രചന.
    ഓരോ വരികളിലും നിറയുന്ന എഴുത്തിന്‍റെ ലാളിത്യം.
    അതീവ ഹൃദ്യം.
    നല്ല വായന നല്‍കിയതിന് ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  3. blank

    വായിച്ച് വായിച്ച് അങ്ങനെ ഞാന്‍ എന്‍റെ ഗ്രാമത്തിലെത്തി. പിന്നെ ഒരു കുട്ടിയായ് മാറി. പിന്നെ വളര്‍ന്നു.

    വായന തീര്‍ന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പോലെ ആയി.മനസ്സിലെ ഉലക്കണം എഴുത്ത്. ഇത് വല്ലാതെ ഉലച്ചു. ഇത് എഴുത്താണ്...അല്ല ഇതാണ് എഴുത്ത്.

    ReplyDelete
  4. blank

    മുഹമ്മദ്.. എത്ര മനോഹരമായി താങ്കൾ എഴുതിയിരിക്കുന്നു..ലളിതമായ വരികൾ, മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണജീവിതത്തിന്റെ ഓർമ്മകളിലേയ്ക്ക് ഒരു തിരിഞ്ഞുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു.. നഗരജീവിതത്തിന്റെ തിരക്കുകളിൽ വരണ്ടുപോയ മനസ്സിലേയ്ക്ക്, പെയ്തിറങ്ങിയ അക്ഷരത്തുള്ളികൾക്ക് പ്രത്യേകം നന്ദി...സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  5. blank

    ഗ്രാമീണത മുറ്റിനിന്ന വരികൾ...മനോഹരമായിരിക്കുന്നു... ആശംസകൾ

    ReplyDelete
  6. blank

    ചെറിയാക്ക..വളരെ മനോഹരമായിരിക്കുന്നു ....ശെരിക്കും അക്ഷരങ്ങളെ കൊണ്ട് മഴ പെയ്യിപ്പിച്ചു ...അക്ഷരങ്ങളിലൂടെ കുട്ടികാലേത്തെ ക്ക് കൊണ്ട്പോയീ..തുലാവര്‍ഷത്തിലെ ഈ അക്ഷരമഴ ഒരു പാടിഷ്ടമായി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  7. blank

    അമ്മാവനും മരുമോനുംകൂടി ബൂലോകം അടക്കിഭരിക്ക്!

    ഇതെന്തോരെഴുത്താ മമ്മൂക്കാ!
    ആകെമൊത്തം മനസ് കുളിര്‍പ്പിച്ചല്ലോ.
    ഇനിയും വരും.

    ReplyDelete
  8. blank

    This comment has been removed by the author.

    ReplyDelete
  9. blank

    നേര്‍ക്കാഴ്ച്ചകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ഉത്സവകാലങ്ങള്‍ ആയുസ്സില്‍ കോര്‍ത്തിട്ട മരതക മാണിക്യങ്ങളാണെന്നറിയാതെ മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയിത്തീരാന്‍ കൊതിക്കുന്ന ബാല്യ,കൌമാര മനസ്സുകളുടെ ജീവിത യാത്രകള്‍ .

    എത്ര സുഖകരമായ വായനാനുഭവം... നന്നായി എഴപതി...

    ReplyDelete
  10. blank

    ഈ പോസ്റ്റ്‌ ഒരു പാട് സ്ഥലങ്ങളില്‍ എന്നെ കൈ പടിച്ചു നടത്തി ..
    സുന്ദരമായ വരികള്‍ ഗൃഹാതുരത്വം മനസ്സില്‍ കോരിയിട്ടു ....
    ഇപ്പോള്‍ നാട്ടില്‍ വന്നു വല്ലപ്പോഴും ഷോര്‍ണൂര്‍ പോയ്‌ വരുമ്പോള്‍
    ആറങ്ങോട്ടുകര സത്യന്‍ ടാല്‍കിസ് മുന്നില്‍ എത്തിയാല്‍ തൊട്ടു പാടവും ഇടവഴിയും
    കഴിയുന്നത്‌ വരെ മോഹമ്മെദ്ക്ക മനസ്സില്‍ കാണും ... ആശംസകള്‍

    ReplyDelete
  11. blank

    മനോഹരം....,സുഖമുള്ള ഓര്‍മകള്‍ സമ്മാനിച്ചതിന് നന്ദി.

    ReplyDelete
  12. blank

    മുഹമ്മദ്ക്ക, മനോഹരമായ ദൃശ്യങ്ങള്‍..
    ഗൃഹാതുരത്വമൂണര്‍ത്തുന്ന കാഴ്‌ചകള്‍..!
    എല്ലാ ഭാവുകങ്ങളും ..

    ReplyDelete
  13. blank

    നല്ല സുഖം.ഉപ്പിണിപ്പാടത്തെ കാറ്റിനും ഈ എഴുത്തിനും...

    ReplyDelete
  14. blank

    തോട്ടം കിളക്കിടയില്‍ കാറ്റിന് കുഞ്ഞാപ്പുവിന്റെ പ്രാക്കുണ്ട്.മുളവെട്ടുന്ന അയ്യപ്പന്റെ വക വെട്ടുകത്തി കൊണ്ടുള്ള വിരട്ടലുണ്ട്.വേലികെട്ടുന്നതിനിടയില്‍ മുണ്ടിയും കാര്‍ത്യായനിയും പച്ചടക്കയും തളിര്‍വെറ്റിലയും തിന്ന് തുപ്പിച്ചുവപ്പിക്കുന്നുണ്ട്.

    മനസ്സില്‍ മണ്ണ് മൂടിക്കിടന്നിരുന്നൊരു കാലം
    താങ്കള്‍ക്ക് വാക്കുകളുടെ കരുത്തില്‍ വളരെ അനായാസം വെളിച്ചപ്പെടുത്താനായി !

    ReplyDelete
  15. blank

    മഴയ്ക്ക് ചിലപ്പോഴൊക്കെ പനിക്കും.പറഞ്ഞു പരത്തുമ്പോള്‍ മണ്ണാന്‍ വൈദ്യരതിനെ ഊതിപ്പറത്തിക്കും.തിരിഞ്ഞു കുത്തുന്നവയെ കൊമ്പഞ്ചാതി ഗുളിക കൊണ്ട് പിടിച്ചു കെട്ടും.<<<<<<<<<<


    മനസ്സില്‍ കുളിര് കോരിയിടുന്ന ബാല്യ കൌര്മാരങ്ങളിലേക്ക് കൈ പിടിച്ചു നടത്തിയ വര്‍ണനകള്‍. പ്രവാസത്തില്‍ നിന്നും വായിക്കുന്നത് കൊണ്ടാവാം ഈ പോസ്റ്റ് എന്നെ കുഞ്ഞു പാദങ്ങള്‍ കൊണ്ട് നടന്നു തീര്‍ത്ത ശൈശവത്തിലെ വലിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.

    ReplyDelete
  16. blank

    നല്ല ഭംഗിയായി എഴുതി.
    ഭയങ്കര രസം.
    ഓര്‍മ്മകള്‍ക്ക് എന്ത് നൈര്‍മല്യം.

    ReplyDelete
  17. blank

    എത്ര സുഖകരം, മകരമഞ്ഞു പോലെ താങ്കളുടെ എഴുത്ത്! ഇതിലെ മലയാളിത്തം നമ്മുടെ നാട്ടിൽ നിന്നും ഭാഷയിൽ നിന്നും അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുകയാണല്ലോ എന്ന വിഷമവും പങ്കു വെയ്ക്കട്ടെ!

    ReplyDelete
  18. blank

    അടുത്ത പെരുന്നാളിന് അപ്പവും അരീരവും പങ്കുവച്ച് പകരം വീട്ടും. പെറ്റുപെരുകുന്നുണ്ട് ഉള്ളില്‍ അതിന്റെയൊരു കൊതി. ഈ വാക്കുകള്‍ ഏറെ ഇഷ്ടമായി. കാരണം അതൊരു സമൂഹത്തിന്റെ ജീവിത രീതിയെ കുറിക്കുന്നു. അന്നൊക്കെ അങ്ങനെയാണ് ആളുകള്‍ സ്നേഹിച്ചിരുന്നത്. സ്നേഹം കൊടുക്കുന്നതിനായിരുന്നു മത്സരം. മധുര ഗൃഹാതുരമായ എഴുത്ത്. ആശംസകള്‍ മാഷേ.

    ReplyDelete
  19. blank

    കാറ്റിനും ഒരു തല്ലിന്റെ കുറവുണ്ടെ .,അതിഗംഭീരമായി പോസ്റ്റ്‌ .

    ReplyDelete
  20. blank

    ഓര്‍ക്കാന്‍ കൊതിക്കുന്ന കഴിഞ്ഞ കാലത്തിന്റെ മനോഹരമായ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി... ഈ നാട്ടുമ്പുറ കാഴ്ചകള്‍ ഇനി അനുഭവിക്കാനവുമോ?



    ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

    ReplyDelete
  21. blank

    നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്‍മ്മയുടെ ഒരു നല്ല കാലം ...അതിനു നേരെ പിടിച്ച കണ്ണാടിയാണ് താങ്കളുടെ വരികള്‍ ....ഓര്‍ക്കുമ്പോള്‍ അതിവേഗത്തിലാണ് ഈ നഷ്ട്ടങ്ങള്‍ .....വല്ലാതെ നൊംപരപ്പെടുത്തുന്നു .....

    ഒരുപാടിഷ്ട്ടമായി ...ഈ കുറിപ്പു

    ReplyDelete
  22. blank

    നല്ല രസം തോന്നി ...ആശംസകള്‍

    ReplyDelete
  23. blank

    നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ നന്മകളും ചലനങ്ങളും ഓര്‍മ്മകളിലൂടെ ജീവന്‍ വെക്കുമ്പോള്‍ അതിന്റെ അഴക്‌ വരികളിലൂടെ തെളിയിക്കാന്‍ ശ്രമിച്ചിരിക്കുന്നു.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  24. blank

    ഒരുപാട് നന്ദി ...ഈ സൌന്ദര്യമുള്ള കുറിപ്പിന് .
    മോഹിപ്പിക്കുന്ന നാട്ടുഭാങ്ങികള്‍ ..ഭാവഗാനംപോലെ പാടിപ്പരഞ്ഞതിനു .
    നന്ദി .

    ReplyDelete
  25. blank

    നന്നായിരിക്കുന്നു വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍

    ReplyDelete
  26. blank
  27. blank

    നൊസ്റ്റാള്‍ജിയ മടുപ്പില്ലാത്തതാണ്. ഒഴുക്കുള്ള ഭാഷയില്‍ അത് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വായനക്കാരും പഴയ കാലത്തിലേക്ക് ഊളിയിടും. താങ്കള്‍ ഞങ്ങളെയും കൂട്ടി ഏറെ പിന്നിലേക്ക്‌ പറന്നിരിക്കുന്നു!

    ReplyDelete
  28. blank

    ഗ്രാമീണ ഭൊഗിയും, സാഹിത്യവും, ഉപമകളും കൊണ്‌ട്‌ സമ്പുഷ്ടമായ എഴുത്ത്‌. ഗ്രാമീണ കാഴ്ചകളാണല്ലോ എഴുത്തില്‍ നിറയെ... - എഴുത്തില്‍ ഒരു മെസേജുള്ളതായി അനുഭവപ്പെട്ടില്ല. എന്‌റെ പരിമിതമായ വായനയില്‍ നിന്ന് തോന്നിയതാവാം. വായന സുഖം നല്‍കി , അഭിനന്ദനങ്ങള്‍ !

    ReplyDelete
  29. blank

    ഞാന്‍ ഈ വഴിക്ക് ആദ്യമായാണെന്ന് തോന്നുന്നു. പോസ്റ്റ് ഇഷ്ടപ്പെട്ടു.ഗ്രാമീണ സൌന്ദര്യം ഉള്‍ക്കൊള്ളുന്ന എഴുത്തുകാരെ എനിക്കേറെ ഇഷ്ടം.

    സ്നേഹത്തോടെ
    ജെ പി

    ReplyDelete
  30. blank

    പ്രിയപ്പെട്ട മുഹമ്മദ്‌,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    സുപ്രഭാതം!
    ഇന്നു ധനു മാസത്തിലെ അവസാന ദിവസം....!മകര സങ്ക്രാന്തിയിലെ മഞ്ഞു പെയ്യുന്ന ഈ പ്രഭാതത്തില്‍, സുഹൃത്തിന്റെ പോസ്റ്റ്‌ വായിച്ചപ്പോള്‍,പാടത്തിന്റെ .....മണ്ണിന്റെ ....മരങ്ങളുടെ...കുളിര് കൂടി അനുഭവിച്ചു!
    വരികള്‍ കൂട്ടികൊണ്ട് പോയത് എന്റെ മനോഹരമായ ബാല്യത്തിലേക്ക്!
    എത്ര മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്! ഉത്സവങ്ങളും, ആചാരങ്ങളും പഴമയും ഒത്തു ചേര്‍ന്ന ഈ പോസ്റ്റ്‌ ഒരുപാട് വായനക്കാര്‍ വായിക്കണം.
    ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ ഒരു പോസ്റ്റ്‌! അഭിനന്ദനങ്ങള്‍!
    പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍, അറിയിക്കുമല്ലോ.!
    സസ്നേഹം,
    അനു

    ReplyDelete
  31. blank

    ഈയിടെ വായിച്ച ഏറ്റവും മനോഹരമായ ഗ്രാമീണ രചന. ശരിക്കും നാട്ടിലെ തൊടിയിലും പാടത്തും കറങ്ങിത്തിരിയുന്ന ബാല്യം ഓര്‍മ്മിപ്പിച്ചു. വളരെ നന്ദി.

    ReplyDelete
  32. blank

    ഗൃഹാതുരത്വം തുളുമ്പുന്ന വരികളിലൂടെ ഊളിയിട്ടു നീന്തുമ്പോള്‍ എവിടെയൊക്കെയോ പൊയ്പ്പോയ കാലത്തിന്റെ നഷ്ട സ്മരണകള്‍ !
    ഞങ്ങളുടെ ഗ്രാമത്തിന്റെ പച്ചപ്പട്ടണിഞ്ഞ വയല്‍ വരമ്പിലൂടെ വെളുപ്പിന് തൂതയില്‍ കുളിക്കാന്‍ പോകുവേ,പാദങ്ങളില്‍ തലോടിച്ചിരിക്കുന്ന നെല്‍ നാമ്പുകളിലെ തുഷാരക്കുളിരോമല്‍ സ്പര്‍ശം പോല്‍ ഈ എഴുത്ത്.
    ശ്രദ്ധയില്‍ പെടാതെ വന്ന ക്ഷമാപണത്തോടെ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍ !

    ReplyDelete
  33. blank

    ആ കാലം കഴിഞ്ഞുപോയി, ഇനി ഒരിക്കലും തിരിച്ചുവരാതെ.

    ReplyDelete
  34. blank

    നല്ല എഴുത്ത് ...ഒരുപാടിഷ്ട്ടമായി...
    കൂടുതല്‍ ഒന്നും പറയുന്നില്ല ..ആശംസകള്‍ ..

    ReplyDelete
  35. blank

    അതി മനോഹരമായ വരികള്‍ ...........വളരെ വളരെ നന്നായിരുന്നു ....ആശംസകള്‍

    ReplyDelete
  36. blank

    ഓര്‍മ്മകള്‍ക്ക് സൌന്ദര്യമേറെ..
    നഷ്ടമാകുമ്പോഴാണ് അത് കൂടുന്നത്??

    ReplyDelete
  37. blank

    നല്ല വരികള്‍! ആശംസകള്‍.

    ReplyDelete
  38. blank

    ഗ്രാമ വഴികളിലൂടെ ഓര്‍മ്മകളെ കൈ പിടിച്ചു കൊണ്ട് പോയി..നല്ല ഓര്‍മ്മകള്‍ക്കും, പകര്‍ത്തലിനും ആശംസകള്‍..

    ReplyDelete
  39. blank

    manoharamayi ezhuthi.... aashamsakal............

    ReplyDelete
  40. blank

    നൊസ്റ്റാൾജിയ പിടിച്ചു ഞാനിപ്പം ചാവും...!!

    അസ്സലായെഴുതി മാഷേ..!

    ആശംസകൾ നേരുന്നു....പുലരി

    ReplyDelete
  41. blank

    ഓര്‍മകളുടെ മാമ്പഴമധുരം.....
    മനോഹരമായിരിക്കുന്നു.......!

    ReplyDelete
  42. blank

    മനോഹരമായി അവതരിപ്പിച്ചു.....

    ReplyDelete
  43. blank

    മാസങ്ങള്‍ വരുന്നതും ഓരോ മാസത്തിനുമായി പ്രകൃതി വ്യത്യസ്ത ആടയാഭരണങ്ങളണിഞ്ഞ് അണിഞ്ഞരുങ്ങുന്നതുമൊക്കെ വളരെ വശ്യസുന്ദരമായി പറഞ്ഞു. ആശംസകള്‍..

    ReplyDelete
  44. blank

    നന്നായി... ഇഷ്ടപ്പെട്ടു.. ആശംസകള്‍...

    ReplyDelete
  45. blank

    കള്ളന്‍ ചക്കട്ടു..
    കള്ളത്തി കൊണ്ടോയി..
    കണ്ടാ മിണ്ടണ്ടാ..
    കൊണ്ടോയ് തിന്നോട്ടെ....
    കൊള്ളാം മനോഹരമായി അവതരിപ്പിച്ചു ....!
    ഇഷ്ടായി ട്ടോ....!!

    ReplyDelete
  46. blank

    ഒരു വര്‍ഷം കൊണ്ട് ഊതിക്കാച്ചി എടുത്ത വിശുപോലെ മനോഹരം
    മകരമഞ്ഞില്‍ സ്പര്‍ശിച്ചു കുളിര്‍ത്ത ഈ വാക്കുകള്‍
    ഇടവപ്പാതിയില്‍ ചേമ്പില ചൂടിയ വാക്യങ്ങള്‍
    ഓണത്തുമ്പി പറക്കുന്നല്ലോ രചനയിലുടനീളം

    ReplyDelete
  47. blank

    nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  48. blank

    ഈറനുടുത്ത ധനുപ്പുലരി. തിരുവാതിരയണിഞ്ഞ അയല്‍പക്കങ്ങള്‍മുറ്റത്തെത്തിക്കഴിഞ്ഞു.ഇടിച്ചക്കത്തോരന്റേയും കുവ്വപ്പായസത്തിന്റേയും കൊതിയൂറുന്നില്ലേ? അടുത്ത പെരുന്നാളിന് അപ്പവും അരീരവും പങ്കുവച്ച് പകരം വീട്ടും. പെറ്റുപെരുകുന്നുണ്ട് ഉള്ളില്‍ അതിന്റെയൊരു കൊതി......" നല്ലൊരു ഓര്‍മ്മകുറിപ്പ്...

    ഇവിടെ ആദ്യമാണ്. നാട്ടു വഴികളിലൂടെ വീണ്ടും നടത്തിച്ചതിനു നന്ദി.

    ReplyDelete
  49. blank

    മനോഹരമായ എഴുത്ത്.... മഞ്ഞിറ്റുന്ന പോലെ

    ReplyDelete
  50. blank

    നാടിനെ ഓര്‍ക്കുന്ന ബാല്യത്തിലെ മധുര മുള്ള ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് വരുന്ന എഴുത്ത്

    എന്റെ വഴിയിലേക്ക് വന്നതിനു നന്ദി

    ReplyDelete
  51. blank

    കള്ളന്‍ ചാക്കിട്ടു, കണ്ടാ മിണ്ടണ്ട.. അച്ഛന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്.. പാടീ ചെമ്പോത്ത്..
    ഓര്‍മയില്‍ ഒരു വിഷു പക്ഷി പാടുന്നു..
    നല്ല കഥ.. ഇഷ്ടായി

    ReplyDelete
  52. blank

    നല്ല എഴുത്ത് വായിക്കാന്‍ ഒരുപാടു വൈകിപോയി'

    ReplyDelete
  53. blank

    ഗ്രാമീണ ഭംഗികളിലേക്ക് കൂട്ടി കൊണ്ടുപോയി..

    ReplyDelete