Post Page Advertisement [Top]

...

തന്നാബ്‌ ( രണ്ട് )

thannaaba


 ന്നാബ്‌ നാട്ടില്‍ പോയ കാലം.

"ഇച്ചേലിക്ക് പോയാ പഹേനെ പിടിച്ചാ കിട്ടൂലാട്ടോ.." എന്ന് ഒരു ദിവസം കരിബാവ പറഞ്ഞു. നാട്ടില്‍ നിന്നും വന്ന ബീവിയുടെ കത്തില്‍നിന്ന് മുക്കില്‍പീടികയില്‍ തന്നാബ്‌ വാങ്ങിയ ഒരേക്കര്‍ പുരയിടത്തിന്റെ കഥയറിഞ്ഞപ്പോള്‍ തെല്ലൊരു അസൂയയോടെ പുറത്തായിപ്പോയ മനസ്സ്.

     തന്നാബ്‌ തോട്ടത്തില്‍ സ്വന്തമായി ഒരാട്ടിന്‍ കുട്ടിയെ വളര്‍ത്തിയിരുന്നു. പച്ചപ്പുല്ലും ഈത്തപ്പഴവും ഉണക്കമീനും തിന്നു അതൊരു മുട്ടനാടായി. നാട്ടില്‍പ്പോക്കിനുള്ള പണം ആടിനെ വിറ്റാല്‍ കിട്ടുമെന്ന് എല്ലാവരും പറഞ്ഞു. തന്നാബ്‌ മറുപടിയില്ലാതെ ചിരിച്ചു. ഒടുവില്‍ നാട്ടിപ്പോക്കിന്റെ സമയമായപ്പോള്‍ പറഞ്ഞു:

"ഞമ്മക്കൊരു ഒരു മൌലൂദ് നടത്തണം. അര്‍ബാക്കന്മാരെയൊക്കെ വിളിച്ച് നെയ്ച്ചോറും ഇറച്ചീം കൊടുക്കണം. അതിനീ കൊറ്റനെ അറക്കണം."

"അനക്ക് എന്തിന്റെ പിരാന്താ?"  എന്ന് ആല്യെമുട്ടിയും കരിബാവയും പരിഹസിച്ചു.

"ഈ പഹെമ്മാരിക്ക് തിന്നാങ്കൊടുത്തിട്ട് ന്ത്റ്റ്നാ..! ആ കായി നാട്ടിപ്പോയിട്ട് വല്ല യത്തീങ്കുട്ട്യോള്‍ക്ക് കൊണ്ടേക്കൊടുക്ക് " 

      " അയിന് വേറെണ്ടലൊ..  ഇത് ഞാന്‍ നെയ്യത്താക്കീതാ.. "

ഓന്റെ കായി..ഓന്റാട്..ന്താച്ചാ ചീതോട്ടെ, എന്ന് ഒടുവില്‍ എല്ലാവരും ഒരഭിപ്രായത്തില്‍ എത്തി. അങ്ങിനെ അവിടെ അവരുടെ ആദ്യത്തെ മൌലൂദ്‌ അരങ്ങേറി.

തന്നാബിന്റെ അറബിസുഹൃത്തുക്കള്‍ ഒരുപാടെത്തി. തന്നാബ് തന്റെ കുടുംബക്കാരെയും ചങ്ങാതികളെയും ഒക്കെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ഇത് വകയിലൊരു സഹോദരന്‍ മൂസ.. ഇത് ഇളയവന്‍ ഈസ.. ഇത് എളാപ്പ ചേക്കു.. ഇത് മാമന്‍ പോക്കു.. അത് അളിയന്‍ അബ്ദു.. അങ്ങിനെ ആ രംഗം നീണ്ടു. അവസാനത്തെ ആളെ പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോഴേക്കും അയാള്‍ തളര്‍ന്നു. അബ്ദുള്ളയെന്ന ഒരു വയസ്സന്‍ അറബി അപ്പോള്‍ ചോദിച്ചു:

    " ഓ.. സദീക്.. അപ്പോള്‍ കുടുംബത്തില്‍ ഇനിയാരും ബാക്കിയില്ലെ..!  ഉപ്പയെയും ഉമ്മയെയും കൂടി കൊണ്ടുവരാമായിരുന്നില്ലെ..? "

     തന്നാബും അവര്‍ക്കൊപ്പം ചിരിയില്‍ കൂടി.

     അര്‍ബാക്കന്മാരുടെയെല്ലാം  വയറ്റില്‍ ഹിനൂദിന്റെ നെയ്ച്ചോറും എരിവുള്ള ഇറച്ചിയും കുത്തി മറിഞ്ഞു. വയസ്സന്‍ അബ്ദുള്ള തന്നാബിനെ കെട്ടിപ്പിടിച്ച് പ്രത്യേകം അനുമോദിച്ചു. അതിനുശേഷം കന്തൂറയുടെ കീശയില്‍ നിന്നും ഒരു അമ്പതിന്റെ റിയാലെടുത്തു കൊടുത്തു.

     അതുതന്നെ മറ്റുള്ള അറബികളും അനുകരിച്ചപ്പോഴാണ് കണ്ടുനിന്നവരുടെ കണ്ണു തുറിച്ചത്. തന്നാബിന് നാല് ആടിന്റെ വിലയെങ്കിലും കിട്ടിക്കാണുമെന്ന് ചിലര്‍ അടക്കം പറഞ്ഞു.

   ആ കാശുകൊണ്ട് തന്നാബ്‌ രണ്ടു സ്വര്‍ണ്ണബിസ്കറ്റ് വാങ്ങി. നരച്ച ഷൂവിന്റെ അടിഭാഗം പൊളിച്ച് അതില്‍ ബിസ്കറ്റ് ഒളിപ്പിച്ചു ബോംബെക്കുള്ള വിമാനത്തില്‍ കയറി. ആ ബിസ്കറ്റ്  കോട്ടക്കലങ്ങാടിയില്‍ വിറ്റാണ് മുക്കിലപ്പീടികയില്‍ സ്ഥലം വാങ്ങിയതതെന്നു കരിബാവ വിശ്വസിക്കുന്നു.

    എന്തായാലും അന്നുമുതല്‍ തന്നാബ്‌ കാട്ടിയ മാതൃക ഓരോ നാട്ടിപ്പോക്കിനും മറ്റുള്ളവരും പിന്തുടര്‍ന്നു.

  തന്നാബിന് എഴുത്തറിയില്ലെന്ന് ആരും പറയില്ല.

ഭാര്യയുടെ കത്തുകള്‍ തപ്പിപ്പിടിച്ചു വായിച്ചു. മാസത്തിലെ രണ്ടു വൈകുന്നേരങ്ങളിലെങ്കിലും ആ കത്തുകള്‍ക്ക് മറുപടിയെഴുതാനായി അയാള്‍ എന്റെ അടുത്തുവരും. വരുന്ന കത്തുകളല്ല, മനസ്സാണ് അയാളെന്റെ മുന്നിലിരുന്നു തുറന്നത്. അതുകൊണ്ട് എഴുതേണ്ട കാര്യങ്ങളെല്ലാം എനിക്കു കാണാപ്പാഠമായി.

   പണ്ടൊക്കെ ശരീഫ ആടിനെയും കോഴിയെയും പശുവിനെയും വളര്‍ത്തി സ്വകാര്യ സമ്പാദ്യം ഉണ്ടാക്കിയിരുന്നു. ജീവിതം പച്ചപിടിച്ചപ്പോള്‍ അതൊക്കെ നിര്‍ത്തി. അക്കാര്യത്തില്‍ അവര്‍ക്കിടയില്‍ ചില്ലറ അഭിപ്രായവിത്യാസങ്ങള്‍ ഒക്കെയുണ്ട്. തന്നാബ്‌ ഒരു പിശുക്കനാണെന്ന് അവര്‍ ഇടക്കിടെ കുറ്റപ്പെടുത്തി.അയക്കുന്ന കത്തില്‍ കാശിന്റെ കണക്കല്ലാതെ കളിതമാശയൊന്നുമില്ലെന്നാണ് പരാതി.

   തന്നാബിന്റെ വാക്കുകളിലൂടെ അതെല്ലാം വായിക്കാം. ആ വാക്കുകളില്‍ നിന്ന് ഒരു ചിത്രം കിട്ടി. അങ്ങിനെയാണ് ശരീഫക്ക്  അയല്‍പ്പക്കത്തെ മരിച്ചുപോയ ആയിസാത്തയുടെ മുഖച്ചായയുണ്ടായത്.

   ശരീഫ എഴുതുകയില്ല. വായിക്കുകയില്ല. അടുത്ത പുരയിലെ കുട്ടികള്‍ അതൊക്കെ ചെയ്യും. അതിലൊരു മിടുക്കി അവര്‍ക്ക് വേണ്ടതും വേണ്ടാത്തതുമെല്ലാം എഴുതിക്കൊടുത്തു. അതിലൂടെയാണ് ശരീഫയുടെ മനസ്സ് തന്നാബിന്റെ കയ്യിലെത്തുന്നത്. അതു വായിച്ചാല്‍ തലക്ക് പിരാന്തു പിടിക്കുമെന്ന് ഇടക്കിടക്കയാള്‍ പരിതപിച്ചു.

    അയാളുടെ വാക്കുകളിലൂടെ ചിലരെല്ലാം വളര്‍ന്നു വലുതായി. പത്താംക്ലാസ് പാസ്സായവര്‍ക്ക് അയാള്‍ പട്ടുപാവാട വാങ്ങിക്കൊടുത്തു. ഓരോ പാവാടയും നിറം മങ്ങുന്നതിനു മുമ്പെത്തന്നെ, ഓരോരുത്തരും കല്യാണം കഴിഞ്ഞു പോയി.

     പിന്നെ അയാളുടെ മൂത്തമകള്‍ കൊച്ചുവര്‍ത്തമാനങ്ങളും മറ്റും  കുത്തിക്കുറിച്ച് അയക്കാന്‍ തുടങ്ങി. അപ്പോള്‍ അറബിത്തേനിനേക്കാള്‍ മധുരമുണ്ട് മകളുടെ വാക്കുകള്‍ക്കെന്ന് അയാള്‍ തുടര്‍ന്നു.

  ശരീഫ വീണ്ടും ആടിനെയും പശുവിനെയും ഒക്കെ വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നെന്നും, കുടുംബത്തിലെ കല്യാണത്തിന്‌ അങ്ങിനെ ഉണ്ടാക്കിയ ഒരു സ്വര്‍ണ്ണവളയാണ് സമ്മാനിച്ചതെന്നും  പറഞ്ഞു പിന്നൊരിക്കലയാള്‍ പത്തരമാറ്റില്‍ ചിരിച്ചു.

     മദ്രസ്സയില്‍ പഠിപ്പിക്കുന്ന ഒരു മൊയല്യാര്‍ക്ക് തന്നാബിന്റെ വീട്ടില്‍ നിന്നും സൌജന്യഭക്ഷണം നല്‍കിയിരുന്നു. ഒരിക്കല്‍ അയാള്‍ക്ക്‌ ഒരു ടോര്‍ച്ചു വേണമെന്ന് ആവശ്യപ്പെട്ടു ശരീഫയുടെ കത്തു വന്നപ്പോള്‍ പട്ടാമ്പിക്കാരന്‍ ഒരസ്സീസ്സിന്റെ കയ്യില്‍ അയാള്‍ കത്തും സാധനങ്ങളും കൊടുത്തു വിട്ടു.    എന്നാല്‍  മൂന്നു മാസം കഴിഞ്ഞു തിരിച്ചു വന്ന അസീസ്സിനെ കണ്ടപാടെ തന്നാബ്‌ തോട്ടത്തിലേക്കു വിളിച്ചു കൊണ്ടു പോയി  കണക്കറ്റു ശകാരിച്ചു.  അസീസ്സ് വായ്തുറന്നപ്പോള്‍ കഴുത്തിനു പിടിച്ചു   തള്ളി പുറത്താക്കി.

     ഉണ്ടായ കഥയെല്ലാം പിന്നീടയാള്‍  പറഞ്ഞു. അസീസ്‌ ഭാര്യയേയും കൂട്ടിയാണ് സാധനങ്ങള്‍ കൊടുക്കാനായി വീട്ടില്‍ ചെന്നത്. എന്നാല്‍ വന്നവരുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ ശരീഫ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കള്ളി പൊളിഞ്ഞു. അസീസിന്റെ ഒപ്പമുണ്ടായിരുന്നത് വേറെയേതോ സ്ത്രീയായിരുന്നു. അവര്‍ ആ വിവരത്തിനു തന്നാബിന് എഴുതി.ഈ സംഭവത്തെക്കുറിച്ചാണ് വഴക്കുണ്ടായത്.

   "അത് ചോദിച്ചപ്പൊ ഓന്‍ പറേണ് വേറെ പെണ്ണു കെട്ടിയതാണെന്ന്.."

   "അസീസ്സല്ലെ ആള്..സംഗതി നേരാവും."

   കരിബാവക്കും  ആല്യെമുട്ടിക്കും ഒരു സംശയവുമില്ല.

   "അല്ല ജ്ജ് ചോയിച്ചില്ലേ അവനോട്?"

   "ഓന്‍ പോയി നിലമ്പൂരീന്ന് ഒരു പെണ്ണ് കെട്ടീന്നതൊക്കെ നേരാ..  "

    തന്നാബും സമ്മതിച്ചു.

    "അപ്പൊപ്പിന്നെ അനക്കെന്താ..കേട്ടീതോന്..അപ്പൊ,അത് ഓന്റെ പെണ്ണന്നല്ലേ?"

   "ആ ഹറാത്ത് ന്തെങ്കിലും ആയ്ക്കോട്ടെ. പക്ഷെ, ഓന്‍ പെണ്ണുങ്ങളോട് വേറെന്തൊക്കെയോ പറഞ്ഞ് കേറ്റീട്ടുണ്ട്..  ഇപ്പൊ ഓള്‍ടെ വിചാരം ഞാനും നിലമ്പൂരിപ്പോയി കെട്ടീട്ടുണ്ടാവൂന്നാ..ഇപ്പൊ കത്തില് കത്തില് ഓള്‍ക്ക് അതിന്റെ ഓരോ സംശയങ്ങള്.."

       "നീ ഓനോടതു ചോദിച്ചീലെ..?"

       "ഹിമാറ് പറേണ്..ഓന് നിക്കക്കള്ളി ഇല്ലാതായപ്പൊ പറഞ്ഞൂത്രേ..ഓള്‍ടെ താത്താനെ ഞാനാ മസ്കറ്റിലേക്ക് കൊണ്ടോയതെന്ന്.."

        നേരാ..? കരിബാവ ഇടയില്‍ കയറി ചോദിച്ചു. ഏതാപ്പടോ ഈ താത്ത?

       ആ...

     തന്നാബ്‌ കൈമലര്‍ത്തിക്കാണിച്ചു: "ഏതോ ഒരു സെഫിയാന്റെ നമ്പര്‍ പണ്ട് ആരൊ തന്നിട്ടും ഓള്‍ക്ക് വിസ കൊടുത്തിട്ടും ഒക്കെണ്ടായിട്ടുണ്ട്. അയിന്‍റെ വകേലെ അനുജത്ത്യാത്രേ ഇത്..ഓരോരൊ പുലിവാലൈയ്.."

     ചിരിച്ചെങ്കിലും കരിബാവയും ആല്യെമുട്ടിയും ഒരു സംശയത്തോടെയാവണം തമ്മില്‍ത്തമ്മില്‍ നോക്കിയത്. പിന്നെ അവര്‍ പലതും ചിന്തിച്ചിരിക്കണം.അതിന്റെ ഒരു മൌനം മുഖത്തുണ്ട്.

  തന്നാബിന്  അപ്പോഴും രോഷം തികട്ടി.

   "ന്നാലും, പെരേല് കെടക്കണ പെണ്ണുങ്ങളോട് ന്തിനാ ഓന്‍ അങ്ങിനെ പറഞ്ഞതെന്ന് ഇക്കറീന്നില്ല.."  അയാള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

   "നിക്കക്കള്ളിക്കന്നെ.." ആല്യേമുട്ടി സമാധാനിപ്പിച്ചു.

   "ചെലപ്പൊ ഒരു തമാശക്കും ആവും.." കരിബാവയും സമാധാനിപ്പിച്ചു. പക്ഷെ, അതിനിടയില്‍ അയാള്‍ക്ക്‌ തികച്ചും ന്യായമായ ഒരു സംശയവും ഉണ്ടായി.

   "അല്ല പഹയാ.. ജ്ജ് ഞ്ഞി ഞങ്ങളാരും അറിയാതെ അങ്ങനെന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടോ. "

    "മുണ്ടാണ്ടിരുന്നൊ .. വെറുതെ ഇന്നെ പിരാന്ത് കേറ്റാണ്ട്.."

    തന്നാബിന്റെ മുഖം ചുവന്നു.

   റൂവി, മത്ര, മസ്കറ്റ്‌ തുടങ്ങിയ തലസ്ഥാനനഗരങ്ങളിലെ അറബിവീടുകളിലെല്ലാം ധാരാളം ആടുകളുണ്ടായിരുന്നു. മുഹമ്മദ്‌ ബിന്‍ അലി ബിന്‍ സൈദിന്റെ തോട്ടങ്ങളില്‍ നിന്നും കയറ്റിവരുന്ന പുല്ലു തിന്നാണ് അവയിലേറെയും വളര്‍ന്നിരുന്നത്. ബര്‍ക്കയില്‍ നിന്നും മസ്കത്തിലേക്ക് പത്തെഴുപതു നാഴിക വഴിദൂരമുണ്ട്. എന്നും അതികാലത്ത് ആളുകളും ആടുകളും ഉണരുന്നതിനു മുമ്പെ വീടുകളിലും കടകളിലും ഞാന്‍ പുല്ലുകെട്ടുകള്‍ കൃത്യമായി എത്തിച്ചു കൊടുത്തു. മാസം തോറും  അതിന്റെ വില ഈടാക്കി അര്‍ബാബിന് കണക്കിനു കൊടുത്തു. അതില്‍ നിന്നും അര്‍ബാബ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശമ്പളം തന്നുകൊണ്ടിരുന്നു.

   എല്ലാ ദിവസവും ഒരേ പണി. എല്ലാ മാസവും ഒരേ ശമ്പളം. ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു പോവുകയാണു ജീവിതം. ചുറ്റുപാടുള്ളവരെക്കാള്‍ മുമ്പെ മുടങ്ങാതെ ശമ്പളം  കിട്ടുന്നുണ്ട് എന്നതു മാത്രമാണ് ഞങ്ങള്‍ക്കുള്ള ഏക ആശ്വാസം.

   എന്നും ആവശ്യത്തിലധികം പുല്ലുകെട്ടുകള്‍ അര്‍ബാബ് വണ്ടിയില്‍ കയറ്റിയിടും. സ്ഥിരമായി വാങ്ങുന്ന വീടുകളില്‍ എത്തിച്ചതിനുശേഷം ബാക്കിയുള്ളത് എവിടെയെങ്കിലും കൊണ്ടുപോയി ഞാന്‍ വിറ്റുതീര്‍ക്കണം. നല്ല ഡിമാന്റുള്ള ദിവസങ്ങളില്‍ എല്ലാം പെട്ടെന്നു തീരും. ചിലപ്പോള്‍ ബാക്കിവരും. അങ്ങിനെ ബാക്കിവരുന്ന വാടിക്കുഴഞ്ഞ പുല്ലുകെട്ടുകള്‍ക്കൊപ്പം ഇത്തിരിനേരം ഞാനും തോട്ടത്തിലെ വേപ്പുമരച്ചുവട്ടില്‍ കിടക്കും.

   അങ്ങിനെ ഒരു വിശ്രമസമയത്ത് കരിബാവ എന്റെ കാതില്‍ ഒരു രഹസ്യം പറഞ്ഞു. മറ്റാരുടെയും ചെവിയില്‍ ഒരിക്കലും എത്തരുതെന്ന സത്യപ്രതിജ്ഞയോടെ.

    തന്നാബിന് നിലമ്പൂരില്‍ വേറെ പെണ്ണും കുട്ടിയുമുണ്ടത്രെ..!

   "എന്ത്..! നേരാണോ.. ഇത്..?"എന്നൊക്കെയുള്ള എന്റെ അമ്പരപ്പിനും അത്ഭുതത്തിനും "ആവുംന്ന്.. നാട്ടില് പരക്കെ സംസാരം ണ്ട്ന്നാണ് അറിഞ്ഞത്.." എന്നായിരുന്നു അയാളുടെ പ്രതികരണം.പിന്നെ കാതുകൂര്‍പ്പിച്ചു ഒരുമാത്ര നിശ്ശബ്ദനായി.ഇപ്പോള്‍ അയാള്‍ എന്റെ പ്രതികരണത്തിനു കാത്തു നില്‍ക്കുകയാണ്.

   വളിച്ച ഒരു തമാശ കേട്ടപോലെയാണ് എനിക്കു തോന്നിയത് , ഓ.. ഇതാണൊ.. എന്ന് ഞാന്‍ ആശ്വാസത്തോടെ ചിരിച്ചു. 
   "ഓന്റെ മട്ടും മാതിരീം ഒക്കെ കണ്ടാലും ഒറപ്പിക്കാന്ന്.. സംഗതി സത്യാവൂന്ന്"  എന്ന് പറഞ്ഞു അയാള്‍ ഒന്നുകൂടി അടുത്തേക്കിരുന്നു.

   "ഇങ്ങക്ക് ന്താ തോന്നണത് .. എന്തെങ്കിലും വാസ്തവം ണ്ടാവ്വ്വോ..?"

    "അപ്പൊ കുടുംബം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയതാണല്ലെ..?" എന്നു ചോദിച്ചപ്പോള്‍  മുഖത്തെ ചിരി മാഞ്ഞു. അയാള്‍ പറഞ്ഞു: "അതേയ് തന്നാബിന്റെ പെണ്ണ് ഇന്റെ അമ്മായിടെ മോളാ.. ആ വകക്ക് ഞങ്ങള്‍ അളിയമ്മാരാ.."

   " എന്നിട്ടും പിന്നെന്താണ് ഇങ്ങിനെയുള്ള ചോദ്യങ്ങളെല്ലാം..?"

   "അതല്ലാന്ന്.. ഇങ്ങളെക്കോണ്ടല്ലെ ഓനെന്നും കത്തെഴുതിക്കാറൊക്കെള്ളത്.. അപ്പെന്നെങ്കിലും അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോയെന്ന്‌ അറിയാനായിക്കൊണ്ടല്ലെ.."

   എന്റെ അറിവില്‍ ഇതുവരെ അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ലെന്ന ഉറച്ച മറുപടി  കേട്ടപ്പോള്‍ അയാള്‍ ഒച്ച അല്‍പ്പം കൂട്ടി.

     "അസ്സീസ്സിനോട് ചോദിച്ചപ്പോ കമാന്ന് ഒരക്ഷരം പറേണില്ല.. എന്തോ ഓന് അത്രക്ക് പേടിച്ചിരിക്കുണ്.."

      അയാളുടെ കണ്ണില്‍ ഒരിക്കലും കാണാത്ത കുറുക്കന്‍റെ നോട്ടം.

    "അല്ല.. ഞ്ഞിണ്ടെങ്കിത്തന്നെ ഇപ്പന്താ.. ഇതൊക്കെ ആണുങ്ങക്ക് പറഞ്ഞിട്ടുള്ളതാ.. ഇണ്ടങ്കി പറയിം.. ഞാനാരോടും പറീല്ല്യ.."

      അതുകഴിഞ്ഞു വീണ്ടും ചിരി. അരക്ഷണം കൊണ്ട് അത് എനിക്കും പകര്‍ന്നെങ്കിലും, "നിങ്ങക്കൊക്കെ എന്തിന്റെ കേടാ..?"  എന്ന് ചോദിച്ചപ്പോഴേക്കും അതൊരു സങ്കടമായി മാറി.

  "എല്ലാരും പറഞ്ഞ് പറഞ്ഞ് അയാളെ കെട്ടിക്കാതിരുന്നാല്‍ മതി." ഞാന്‍ തുടര്‍ന്നൊരു മുന്നറിയിപ്പു കൊടുത്തു. " ഇതൊന്നും തന്നാബ്‌ കേള്‍ക്കണ്ട..അയാള്‍ വെറുതെ വിടില്ല "

   എന്റെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്ന ഗൌരവമൊന്നും കൊടുക്കാതെ, ഓന്റെ പെണ്ണ് രണ്ടും കല്‍പ്പിച്ചിരിക്ക്യാത്രെ.. ഞ്ഞി ഒക്കെ ഓന്റെ തീരുമാനം പോലിരിക്കും.. എന്നുപറഞ്ഞു അയാള്‍ നിര്‍ത്തി.

  ഉച്ചവെയില്‍ മൂക്കുകയര്‍ പൊട്ടിച്ച് കുതറിയിട്ടും എന്റെ കണ്ണില്‍ മുന്നിലുള്ള മുഖം ഇരുട്ടിലാണെന്നു തോന്നി.  കളിയാണോ കാര്യമാണോ അയാള്‍ പറഞ്ഞതെന്നറിയാതെ ഞാനും കുഴങ്ങി.

    "രണ്ടു നാലു കുട്ട്യോളല്ലെ,  ഓള്‍ക്ക് അതിന്റൊരു ഇതും ണ്ട്.." എന്നു പറഞ്ഞു കരിബാവ എഴുന്നേറ്റു പോയി.

      പലതും ഓര്‍ത്തും, പലതും പറഞ്ഞും, പല ദിവസങ്ങള്‍ കഴിഞ്ഞു.

      ഒരു കത്തെഴുതാനായി ഞാനെന്നും തന്നാബിനെയും കാത്തിരിക്കുന്നു!

     പക്ഷെ, അയാള്‍ വന്നില്ല. പലദിവസവും ആല്യെമുട്ടിയും കരിബാവയും തമ്മില്‍ പതിവുള്ള  വാക്കുതര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ഇരുവരുടെയും അര്‍ത്ഥം വച്ച ചില നോട്ടങ്ങള്‍ കണ്ടു ഞാനും സംശയത്തില്‍ അകപ്പെടുന്നുണ്ട്. അവരുടെ ആത്മബന്ധങ്ങള്‍ക്കിടയില്‍ എന്നില്‍ നിന്നും ഒരകലം അവരെവിടെയൊക്കെയോ സൂക്ഷിക്കാന്‍ ശ്രമിക്കുന്നത് ശരിക്കും ബോദ്ധ്യപ്പെടുന്നുണ്ട്.

      എന്നിട്ടും മനസ്സില്‍ ഇരിക്കാത്തതിനാലാവാം ഒരു ദിവസം കരിബാവ വന്നു ചോദിച്ചു: നാട്ടീന്ന് കത്ത് വന്നതിലുള്ളതാ.. തന്നാബ് കൊറേ ആയീത്രെ പെരേലിക്ക് കത്തെഴുതീട്ട്.. നേരാ..?

     "അത് ശരിയാണ്.." ഞാനും സമ്മതിച്ചു.

       ഈ പഹേന്.. എന്തുപറ്റി റബ്ബേയെന്ന്, അയാള്‍ ഒന്നുമറിയാത്തതു പോലെ പറയുകയും ചെയ്തു.

    തന്നാബിന് നാട്ടില്‍ നിന്നും  പതിവുപോലെ കത്തുകള്‍ ഒക്കെ  വരുന്നുണ്ട്.  പോസ്റ്റ്ബോക്സില്‍ നിന്നും അയാള്‍ക്കുള്ള കത്തുകള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അയാള്‍ ഒന്നിനും മറുപടി എഴുതാറില്ലെന്ന് മാത്രം എനിക്കറിയാം.

     ഒരു പക്ഷേ ഇനി തന്നാബിന്റെ കത്തെഴുത്ത് ഉണ്ടാവാനിടയില്ലെന്ന് അപ്പോള്‍ എന്‍റെ ഉള്ളില്‍ നിന്നും ആരോ പറയുകയും ചെയ്യുന്നുണ്ട്.

     എന്നും തന്നാബിനെ  കാണുന്നുണ്ട്. കുശലപ്രശ്നം നടത്തുന്നുണ്ട്. അതിനുശേഷം പതിവുപോലെ  എന്റെ കൈകളില്‍ പിടിച്ച് ന്നാ ശരി..  എന്നു പറഞ്ഞ് ഇറങ്ങിപ്പോകുന്നുണ്ട് അയാള്‍ .

  അങ്ങിനെയിരിക്കെ ഒരു രാത്രി അയാളെ കാണുന്നില്ലെന്നു പറഞ്ഞ് ആല്യേമുട്ടിയും കാരിബാവയും ഓടിനടന്നു.  ആരെയെങ്കിലും കാണാന്‍ പോയതായിരിക്കുമെന്ന് ഞാന്‍ സമാധാനിപ്പിച്ചു. പറയാതെ പോകാറില്ലെന്നവര്‍ .  എല്ലാവരും ഒരുപാടു നേരം അയാളെ കാത്തിരുന്നു.  പക്ഷെ, അന്നു രാത്രി ഏറെക്കഴിഞ്ഞിട്ടും അയാള്‍ എത്തിയില്ല.

    നഖല്‍മലനിരകളുടെ താഴ്വാരം വരെ അന്നയാളുടെ നടത്ത നീണ്ടുപോയെന്നു പിറ്റേന്നാണ് ഞങ്ങള്‍ അറിഞ്ഞത്.

  അവാബിയില്‍ നിന്നും തിരിച്ചുവരികയായിരുന്ന അര്‍ബാബിന്റെ മകന്‍ സുലൈമാന്‍ ബര്‍ക്കയിലെക്കുള്ള റോഡരികില്‍ വച്ചു കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ തന്നാബ്‌ ചിലപ്പോള്‍ നഖലിന്റെ ഉയരങ്ങളില്‍ നിന്ന് അത്ഭുതമരുന്നുകളൊ അറബിത്തേന്‍കൂടുകളൊ ഒക്കെയായി   പറന്നു വരുമായിരുന്നു എന്നു പറഞ്ഞു അയാളെ ഞങ്ങളുടെ ലാവണത്തിനു മുന്നില്‍ പിറ്റേന്ന് രാവിലെ ഇറക്കിത്തരികയായിരുന്നു.

   ജിന്നുകള്‍ താമസിക്കുന്ന ആ മലനിരകളില്‍ സാധാരണ ആരും പോകാറില്ലെന്നും  ഇനിയൊരിക്കലും ഇങ്ങിനെയുണ്ടാവരുതെന്നും വളരെ ഗൌരവത്തില്‍  അര്‍ബാബ് വിളിച്ചു പറയുന്നുണ്ടായിരുന്നു. 

     പിന്നീടുള്ള രണ്ടുമൂന്നു ദിവസങ്ങള്‍ അയാള്‍ക്കു പനിച്ചു. തീപിടിച്ച പോലെ ആ മുഖം ചുവന്നു കിടന്നു.

   മഞ്ഞും വെയിലുമൊക്കെ വന്നു പോകുന്ന പോലെ ആണ്ടിലൊരിക്കല്‍ ചിലര്‍ക്കെല്ലാം വരുന്നതാണ് അങ്ങിനെയൊരു മലമ്പനി. ആ ദിവസങ്ങളിലാണ് പലര്‍ക്കും ഒരിടത്ത് അടങ്ങിക്കിടക്കുവാനുള്ള അവകാശം കിട്ടുന്നത്. രണ്ടുമൂന്നു കമ്പിളികള്‍ പുതച്ചിട്ടും പിന്നെയും വിറച്ച്, അര്‍ദ്ധമയക്കത്തില്‍  ചില സ്വപ്നങ്ങള്‍ കണ്ട് അവ്യക്തമായി എന്തൊക്കെയോ ഞരങ്ങിക്കൊണ്ടിരുന്നു അയാള്‍ .

  അയാള്‍ക്ക് ബ്രഡും ചായയും പകര്‍ന്നു കൊടുത്ത് ആല്യെമുട്ടി എപ്പോഴും അടുത്തുണ്ടായിരുന്നു. കരിബാവ ഇടക്കിടക്ക് മുസമ്പിയും ആപ്പിളും മുറിച്ചു കൊടുത്തു. ഇടവിട്ടിടവിട്ട് ഗ്ലൂക്കോസ് വെള്ളം കുടിപ്പിച്ചു. പുതപ്പു മാറ്റി മലര്‍ത്തിയിട്ടു നെറ്റിയില്‍ ടൈഗര്‍ബാം തേച്ചുപിടിപ്പിക്കുമ്പോള്‍ ഞരങ്ങി ഒരു പോത്തിനെപ്പോലെ അയാള്‍ കണ്ണടച്ചു കിടന്നു. അങ്ങിനെ രണ്ടുനാലു ദിവസങ്ങള്‍ . ഒടുവില്‍  ആ പനിക്കിടക്കയില്‍ തന്നെ ഒരുദിവസം പഴയ തന്നാബ് എഴുന്നേറ്റിരുന്നു.

     എന്നെ തെറ്റിച്ചുകൊണ്ട് അതിനടുത്തൊരു ദിവസം തന്നെ വീട്ടിലേക്കുള്ള കത്തെഴുതണം എന്നു പറഞ്ഞയാള്‍ അടുത്തു വന്നിരുന്നു. വന്നപാടെ പതിവുകുശലങ്ങള്‍ക്കു ശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. പനിച്ചതിന്റെ ക്ഷീണം കൊണ്ടായിരിക്കണം ഇടക്കിടക്കയാള്‍ തന്റെ വാക്കുകള്‍ മുറിച്ചുകൊണ്ടിരുന്നു.

    വെളുപ്പിലേക്ക് നോക്കിയിരിക്കുന്നതു പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. ഇമയടച്ചു തുറക്കുമ്പോഴൊക്കെ വാക്കുകള്‍ക്കിടയില്‍ നിന്നും അയാളുടെ ലോകം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്നു.

    അയാള്‍ക്കിവിടെ സുഖം തന്നെയാണ്. ജോലിയും ജീവിതവും ഒക്കെ സുഖം. കുട്ടികള്‍ക്കും തന്റെ കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും സുഖമായിരിക്കുമെന്നും അയാള്‍ കരുതുന്നു.

     അയാള്‍ പടച്ചവനു നിരക്കാത്തതൊന്നും ഇതുവരെ ചെയ്തിട്ടില്ല. ഇനിയും ചെയ്യില്ലെന്ന ഉറപ്പും മനസ്സിലുണ്ട്. കുട്ടികളെക്കരുതിയാണ് മരിക്കാന്‍ മടിക്കുന്നതെന്നും മറ്റുമുള്ള ഭാര്യയുടെ വാക്കുകള്‍  ഓരോ കത്തിലും അയാള്‍ വായിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ അയാള്‍ക്കവിടെ ഒരു പ്രാധാന്യവുമില്ലെന്നാണോ  അതില്‍ നിന്നും മനസ്സിലാക്കേണ്ടത്?

     അയാളുടെ ഉള്ളിലുമുണ്ട് അങ്ങിനെയുള്ള ചില ചിന്തകള്‍ . പക്ഷെ അതൊരിക്കലും മരിക്കാനല്ല,  ജീവിക്കാന്‍ വേണ്ടി മാത്രമാണ്. കുട്ടികളെക്കരുതിയാണ് അയാളും അതിനൊന്നും മുതിരാത്തത്.അതുകൊണ്ട് ഇനിയെങ്കിലും ഇങ്ങിനെയുള്ള കത്തുകളൊന്നും അയാള്‍ക്ക്‌ അയക്കരുത്. മറുപടിയുണ്ടാവില്ല.

    എല്ലാവര്‍ക്കും സുഖത്തിനും സന്തോഷത്തിനും വേണ്ടി നിത്യവും അയാള്‍ പടച്ചവനോട് ദുആ ചെയ്യുന്നുണ്ട്.

  പതിവുശൈലിയിലല്ലെങ്കിലും  പറഞ്ഞു നിര്‍ത്തിയപ്പോള്‍ കണ്ടത്, പഴയ തന്നാബ്‌ മുന്നിലിരിക്കുന്നതു  തന്നെയാണ്. ആ വാക്കുകള്‍ മാത്രമാണ് കടലാസ്സില്‍ ഒരപരിചിതന്റെ മുഖച്ചായയില്‍ മനസ്സു തുറന്നു കിടക്കുന്നത്.  അവസാനമയാള്‍ ഇങ്ങിനെ പറഞ്ഞു:

     പനിപിടിച്ചപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു. അതായത് കണ്ണെത്താത്ത ഒരു കിണറ്റില്‍ നിന്നും ശരീഫയുടെ  നിലവിളി മാത്രം കേള്‍ക്കുന്നു. ഞാന്‍ അതിലേക്ക്‌ എടുത്തു ചാടിയതോടുകൂടി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. ഇതുകൂടി എഴുതണം. ഒന്നുകില്‍  സന്തോഷിക്കട്ടെ.. അല്ലെങ്കില്‍ സമാധാനിക്കട്ടെ..

      ഒരു ചുമയിളകി വശക്കേടാകും വരെ അയാള്‍ നെഞ്ചുകുലുങ്ങിച്ചിരിക്കുകയും ചെയ്തു.

   എനിക്കു ശരിക്കും മനസ്സിലായി. അയാളുടെ ചിന്തകളില്‍ അശാന്തിയുടെ ഒരു കടലിരമ്പമുണ്ട്. കൂട്ടം തെറ്റിയ ഒരു കുട്ടിയെപ്പോലെ എവിടെയോ അയാളുടെ മനസ്സ്‌ വഴിതെറ്റിപ്പോയിട്ടുണ്ട്.സ്വതസിദ്ധമല്ലാത്ത ഒരു ചിരിയിലൂടെ,കൃത്രിമമായ ചില സന്തോഷപ്രകടനങ്ങളിലൂടെ അയാള്‍ ഇടക്കിടെയതിനെ തിരിച്ചുവിളിക്കാന്‍ ശ്രമിക്കുന്നുണ്ട്.

   വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ പുതിയ പകലില്‍ തന്നാബ്‌ പതിവുപോലെ തോട്ടങ്ങളിലേക്ക് പറന്നു പോയി. ഈന്തപ്പനകളുടെ കൂര്‍ത്ത മുള്ളുകള്‍ക്കിടയിലൂടെ നൂഴ്ന്നു പൂങ്കുലകള്‍ മുറിച്ചും കെട്ടിവച്ചും ചൂടിനെയും തണുപ്പിനെയും മാറിമാറിപ്പുണര്‍ന്നു.

     കത്തുകളും മറുപടികളുമായി വീണ്ടും ഞങ്ങള്‍ക്കിടയില്‍  കാലം ചലിച്ചുകൊണ്ടിരുന്നു.

   സമതലങ്ങള്‍ കറങ്ങി തേന്‍ കൂടുകളൊ ഉടുമ്പോ, മുയലോ, എന്തെങ്കിലും ഒക്കെയായി വന്നെത്തുന്ന അയാളുടെ ചില ദിവസങ്ങളില്‍ നഖല്‍മലനിരകളുടെ താഴ്വാരത്തിലെത്തും രാത്രികളിലെ ബഡായികള്‍ .  എല്ലാവരും ഒരു കടങ്കഥ കേള്‍ക്കുന്ന മട്ടില്‍  മരുഭൂമിയിലെ അനുഭവങ്ങള്‍ കേട്ടു അന്തം വിട്ടിരിക്കും.  ചിലപ്പോഴൊക്കെ തന്‍റെ ഭൂതകാലം ഓര്‍മ്മിച്ചെടുക്കുവാന്‍ അയാള്‍ മനപ്പൂര്‍വ്വം പാടുപെടുന്നതുപോലെ തോന്നും. കരിബാവയും ആല്യെമുട്ടിയും അപ്പോള്‍ ഗൂഡമായി ചിരിക്കും. പലപ്പോഴും അപരിചിതരുടെ നടുക്കുള്ള ഒരിരിപ്പിടത്തില്‍ അകപ്പെട്ടപോലെ ഞാനും അവര്‍ക്കിടയിലുണ്ടാകും.

     അര്‍ബാബുമായി  ഖാവകുടിച്ചിരിക്കുമ്പോള്‍ ആ വിദൂരമലനിരകളുടെ മുനമ്പുകളിലേക്കു നോക്കി കൊതിയിറക്കി  ഇപ്പോഴും ഇടക്കിടക്കയാള്‍ പറയുന്നുണ്ട്:

" അര്‍ബാബ്..തീര്‍ച്ചയായും ഒരു ദിവസം ഞാനാ  മലകയറും.. "

നാക്കിലെ മധുരത്തിനുമേല്‍ ഖാവക്കൈപ്പ് നുണഞ്ഞിറക്കുന്ന അര്‍ബാബിന്റെ ചിരിച്ചുണ്ടില്‍ നിന്നും ഇടക്കെങ്കിലും അയാള്‍ക്കതുതന്നെ കേള്‍ക്കണം.

     " അന്ത മജ്നൂന്‍ .. നീ ഒരു പിരാന്തനാണ്. "



c
  1. blank

    ഇക്കാ,തന്നാബ് രണ്ടു ഭാഗവും വായിച്ചു....വളരെ നല്ല കഥ. അര്‍ബാബിനെയും തന്നാബിനെയും കരിബാവയെയുമൊക്കെ അടുത്തു കണ്ട പ്രതീതി.......അപ്പോള്‍ ഞാനും അറബിനാട്ടിലെത്തിയോ?????

    ReplyDelete
  2. blank

    കഥയെ പിന്തുടരുന്നു വായനക്കാരനായി ഞാനും

    ReplyDelete
  3. blank

    കഥയിൽ ലയിച്ചു.
    പ്രവാസിയായതിനു ശേഷം ഇത്തരം കഥകളുടെ ആത്മാവറിയാൻ കൂടുതൽ പറ്റുന്നു.

    ReplyDelete
  4. blank

    കത്തെഴുതാനും വായിക്കാനും കഴിയാത്ത അക്കാലത്തെ ഗള്‍ഫുകാരന് കത്ത് ഞാനും എഴുതി കൊടുത്തിട്ടുണ്ട്.പക്ഷെ നാട്ടില്‍ നിന്നാണ് കെട്ടോ.തന്നാബ് ഇപ്രാവശ്യം അല്പം നീണ്ടുപോയെങ്കിലും കഥയുടെ വഴിയില്‍ ഒരു പ്രവാസത്തിന്റെ നിമ്നോന്നതങ്ങള്‍ കയറിയിറങ്ങുന്നുണ്ട് -വായനയെ സരളവും സരസവുമാക്കി.അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. blank

    "......അയാളുടെ വാക്കുകളിലൂടെ ചിലരെല്ലാം വളര്‍ന്നു വലുതായി. പത്താംക്ലാസ് പാസ്സായവര്‍ക്ക് അയാള്‍ പട്ടുപാവാട വാങ്ങിക്കൊടുത്തു. ഓരോ പാവാടയും നിറം മങ്ങുന്നതിനു മുമ്പെത്തന്നെ, ഓരോരുത്തരും കല്യാണം കഴിഞ്ഞു പോയി..." --------കിടിലന്‍ വരികള്‍ .. ആശംസകള്‍ ..

    ReplyDelete
  6. blank

    നാട്ടില്‍ പോകുമ്പോഴുള്ള ആ സല്ക്കാരത്ത്തിന്റെ ഉള്ളുകള്ളി ഇപ്പോഴല്ലേ പിടി കിട്ടിയത്‌.
    നന്നായിരിക്കുന്നു.

    ReplyDelete
  7. blank

    ഹൃദയസ്പര്‍ശിയായ കഥ.

    ReplyDelete
  8. blank

    മായാത്ത ചിത്രമായി തന്നാബ് ..

    ReplyDelete
  9. blank

    വളരെ തന്മയത്വമുള്ള എഴുത്ത്. മനോഹരമായിരിക്കുന്നു.

    ReplyDelete
  10. blank

    നന്നായിട്ടുണ്ട്

    ReplyDelete
  11. blank

    അയാളുടെ ചിന്തകളില്‍ അശാന്തിയുടെ ഒരു കടലിരമ്പമുണ്ട്. കൂട്ടം തെറ്റിയ ഒരു കുട്ടിയെപ്പോലെ എവിടെയോ അയാളുടെ മനസ്സ്‌ വഴിതെറ്റിപ്പോയിട്ടുണ്ട്.സ്വതസിദ്ധമല്ലാത്ത ഒരു ചിരിയിലൂടെ,കൃത്രിമമായ ചില സന്തോഷപ്രകടനങ്ങളിലൂടെ അയാള്‍ ഇടക്കിടെയതിനെ തിരിച്ചുവിളിക്കാന്‍ ശ്രമിക്കുന്നുണ്ട്.

    ReplyDelete
  12. blank

    അയാളുടെ ചിന്തകളില്‍ അശാന്തിയുടെ ഒരു കടലിരമ്പമുണ്ട്. കൂട്ടം തെറ്റിയ ഒരു കുട്ടിയെപ്പോലെ എവിടെയോ അയാളുടെ മനസ്സ്‌ വഴിതെറ്റിപ്പോയിട്ടുണ്ട്.സ്വതസിദ്ധമല്ലാത്ത ഒരു ചിരിയിലൂടെ,കൃത്രിമമായ ചില സന്തോഷപ്രകടനങ്ങളിലൂടെ അയാള്‍ ഇടക്കിടെയതിനെ തിരിച്ചുവിളിക്കാന്‍ ശ്രമിക്കുന്നുണ്ട്.

    ReplyDelete
  13. blank

    തന്നാബ്‌ നെഞ്ചിലിടം പിടിച്ചു..
    നാടന്‍ ശൈലിയില്‍ കൃതൃമത്വം ഇല്ലാതെ വരച്ച ഈ പ്രവാസ ചിന്തകളുടെ നേര്‍ചിത്രം നന്നായി.

    കത്തുകളും മറുപടികളുമായി വീണ്ടും ഞങ്ങള്‍ക്കിടയില്‍ കാലം ചലിച്ചുകൊണ്ടിരുന്നു.
    സമതലങ്ങള്‍ കറങ്ങി തേന്‍ കൂടുകളൊ ഉടുമ്പോ, മുയലോ, എന്തെങ്കിലും ഒക്കെയായി വന്നെത്തുന്ന അയാളുടെ ചില ദിവസങ്ങളില്‍ നഖല്‍മലനിരകളുടെ താഴ്വാരത്തിലെത്തും രാത്രികളിലെ ബഡായികള്‍ . എല്ലാവരും ഒരു കടങ്കഥ കേള്‍ക്കുന്ന മട്ടില്‍ മരുഭൂമിയിലെ അനുഭവങ്ങള്‍ കേട്ടു അന്തം വിട്ടിരിക്കും. ചിലപ്പോഴൊക്കെ തന്‍റെ ഭൂതകാലം ഓര്‍മ്മിച്ചെടുക്കുവാന്‍ അയാള്‍ മനപ്പൂര്‍വ്വം പാടുപെടുന്നതുപോലെ തോന്നും.

    എന്ത് സുന്ദരമാണ് ഈ എഴുത്ത്. ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്ന ആ കഴിവിന് ഒരു കയ്യടി.

    ആശംസകള്‍ ..

    ReplyDelete
  14. blank

    തന്നാബിന്റെ ഒന്നാം ഭാഗത്തിന് ഞാന്‍ ഇട്ട കമന്റില്‍ ഇപ്പൊ എനിക്ക് കുറ്റബോധം ഉണ്ട്. അവിടെ കഥ അപൂര്‍ണതയില്‍ നിര്‍ത്തിയപ്പോള്‍ ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന് ഊഹിക്കേണ്ടാതായിരുന്നു.

    കഥ മനോഹരം എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മതിയാവില്ല. അത്രയ്ക്ക് ഹൃദയസ്പര്ശിയാണ് താങ്കളുടെ എഴുത്ത്. അതി സൂക്ഷ്മവും കൃത്യവുമാണ് ഓരോ വരികളും. ഒട്ടും കൃത്രിമത്വം ഇല്ലാതെ, അതിഭാവുകത്വം ഇല്ലാതെ ജീവിതങ്ങളെ ക്യാന്‍വാസില്‍ എന്ന പോലെ വരച്ചിടുകയാണ് ഇവിടെ കഥാകാരന്‍.

    കഥാ നായകനും അയാള്‍ക്ക്‌ ചുറ്റുമുള്ള കുറെ മനുഷ്യരും അവരുടെ മരുഭൂ ജീവിതവും, എഴുത്തും വായനയും അറിയാത്ത തന്നാബിന്റെ ജീവിതത്തിലേക്ക് അസ്വസ്ഥതയുടെ ചുഴലിക്കാറ്റു വീശുന്നതുമൊക്കെ വളരെ ലാഘവത്തോടെ പറഞ്ഞു പോകുന്ന ഈ ആഖ്യാന രീതി വേറിട്ട്‌ നില്‍ക്കുന്നു.

    അഭിനന്ദനങ്ങള്‍ പ്രിയ മുഹമ്മദിക്ക

    ReplyDelete
  15. blank

    ചെറിയാക്കാ ഓരോ കഥാപാത്രവും കണ്‍ മുന്നില്‍കണ്ട പോലെ പ്രവാസത്തിന്‍റെ. തീക്ഷണത എഴുത്തില്‍ തെളിഞ്ഞു .എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  16. blank

    വളരെ സൂക്ഷ്മമായ അവതരണം. അതും അത്ര മനോഹരമായി. തന്നാബ് ശരിക്കും മനസ്സില്‍ കുടിയേറി മുഹമ്മദ്ക്ക.

    ReplyDelete
  17. blank

    നല്ലൊരു നാടോടിക്കഥ പോലെ
    .സുന്ദരമായ ആഖ്യാനം .
    ജീവനുള്ള കഥ .

    ReplyDelete
  18. blank

    നന്നായിരിക്കുന്നു. തന്നാബിന്റെ കഥ..

    ReplyDelete
  19. blank

    മുഹമ്മദിക്ക, തന്നാബ്‌ രണ്‌ട്‌ ഭാഗവും വായിച്ചു, ഒന്നാം ഭാഗം നേരത്തേ വായിച്ച്‌ കമെന്‌റിട്ടിരുന്നല്ലോ? രണ്‌ടാം ഭാഗവും മനോഹരമായിരിക്കുന്നു, അയത്ന ലളിതമായി മനസ്സിനെ സ്പര്‍ശിച്ച വരികള്‍ കൊണ്‌ട്‌ തന്നാബ്‌ വായനക്കാരെ പിടിച്ചിരുത്തി. അറേബ്യന്‍ മരുഭൂമിയുടെ ചാരത്ത്‌ ജീവിക്കുന്ന ഒരു പറ്റം ആളുകളും, കത്തിലൂടെ ജീവിക്കുന്ന കുടുംബവും, മാപ്പിള സംസ്കാരത്തില്‍ നടമാടിക്കൊണ്‌ടിരിക്കുന്ന രണ്‌ടാം കെട്ടിന്‌റെ ഉള്ളുകള്ളികളും കഥ മെനയലുമെല്ലാം തന്‍മയത്തത്തോടെ വിവരിച്ചിരിക്കുന്നു. ആശംസകള്‍

    ReplyDelete
  20. blank

    ഇപ്പോള്‍ രണ്ടാം ഭാഗവും കൂടി വന്നപ്പോള്‍ തന്നാബ് അതിമനോഹരമായ ഒരു കഥയായി
    അനുമോദനങ്ങള്‍

    ReplyDelete
  21. blank

    ഹൃദയസ്പര്‍ശിയായ കഥ. തന്നാബ് കണ്ണിന്‍ മുന്നിലിരിക്കുനത് പോലെ തോന്നി അനുമോദനങ്ങള്‍ നേരുന്നു .....

    ReplyDelete
  22. blank

    "വി, മത്ര, മസ്കറ്റ്‌ തുടങ്ങിയ തലസ്ഥാനനഗരങ്ങളിലെ അറബിവീടുകളിലെല്ലാം ധാരാളം ആടുകളുണ്ടായിരുന്നു"

    ഈ സ്ഥലത്ത്തുള്ളവര്‍ നിസ്വയില്‍ നിന്നാണ് ആടുകളെ വാങ്ങിക്കുക. പണ്ട് ഞാനും അവിടെ നിന്ന് ഒരു ആടിനെ വാങ്ങിച് എന്റെ ഓഫീസിലെ ഫരാഷിനുകൊടുത്ത കാര്യം ഇപ്പോള്‍ ഓര്‍മയില്‍ വന്നു.
    പോസ്റ്റ്‌ കൊള്ളാം

    greetings from trichur
    pls do come 2 my home while u are in kerala

    ReplyDelete
  23. blank
  24. blank

    വൈകിപ്പോയി ഈ മനോഹര കഥ വായിക്കാന്‍.

    ReplyDelete
  25. blank

    ഒന്നാംഭാ‍ഗം വായിച്ചിട്ട് തിരികെ വരാം

    ReplyDelete
  26. blank

    വളരെ നന്നായി രചിച്ച , ലക്ഷണം ഒത്ത ഒരു കഥ . ആശംസകള്‍

    ReplyDelete
  27. blank

    വളരെ നല്ല കഥ ഈ കഥ വായിക്കാന്‍ ഞാന്‍ വളരെ വൈകി പോയി .
    കഥാപാത്രങ്ങള്‍ മുന്നില്‍ വന്നുനില്‍ക്കുന്നത് പോലെ

    ReplyDelete
  28. blank

    ഇന്നാണ് ഇതു വായിക്കാന്‍ കഴിഞ്ഞത് ... നല്ല നടന്‍ തനിമയുള്ള എഴുത്ത് ...
    ആദ്യം ഒന്നു വായിക്കാന്‍ ബുദ്ധിമുട്ടി .പക്ഷേ.. വായിക്കുന്തോറും അത് മാറിക്കിട്ടി ..
    അഭിനന്ദനങ്ങള്‍ .....

    ഹൃദയം നിറഞ്ഞ
    """പുതുവത്സരശംസകള്‍""

    ReplyDelete
  29. blank

    ഇക്കയ്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  30. blank

    പുതുവത്സരാശംസകള്‍, മാഷേ

    ReplyDelete
  31. blank

    നല്ല കഥ, അനാവശ്യമായ സാഹിത്യമില്ല, ഒതുക്കവും കെട്ടുറപ്പുമുള്ള രച്നാശൈലി.

    ReplyDelete
    Replies
    1. blank

      നല്ല എഴുത്തും കഥയും...
      അക്കാലത്ത് എഴുത്തറിയാൻ പാടില്ലാത്തവർക്ക് കത്തെഴുതാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
      ആശംസകൾ...
      ഇവിടെ എത്തിച്ച രമേശ് മാഷിനും നന്ദി.

      Delete
  32. blank

    തന്നാബിന്‍റേ മനസ്സ് വരച്ചു കാണിക്കുന്ന കഥ. കൈത്തഴക്കം വ്യക്തമാകുന്ന രചന. ആശംസകള്‍.

    ReplyDelete
  33. blank

    ഇത്രയുമായ സ്ഥിതിക്ക് തന്നാബ് നക്കല്‍ മല കീഴടക്കുന്നത് കണ്ടേ തീരൂ :)

    ReplyDelete
  34. blank

    ലളിതസുന്ദരമായ ശൈലിയില്‍ "തന്നാബി"ന്‍റെ കഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു..........
    ആശംസകള്‍

    ReplyDelete
  35. blank

    സുഖിപ്പിക്കാന്‍ വേണ്ടി പറയുകയാണ്‌ എന്ന് തോന്നരുത് , ഇത്രയും മനസ്സില്‍ തട്ടിയ ഒരു കഥ വായിച്ചിട്ട് ഒരു പാട് നാളായി , ഇത് പോലെയുള്ള ഒരു അറേബ്യന്‍ ഗ്രാമത്തില്‍ പ്രവാസം നയിക്കുന്നത് കൊണ്ടാവാം തന്നാബ് ന്‍റെ കൂടെ വായന പുരോഗമിക്കുമ്പോള്‍ മനസ്സില്‍ കൂടി ആ കഥാപാത്രം മിന്നി മറയുന്നു ,,,കൂടുതല്‍ പേര്‍ ഈ കഥ വായിക്കട്ടെ ..

    ReplyDelete
  36. blank

    തന്നാബ് കഥകള്‍ തുടരട്ടെ...
    ആശംസകള്‍..

    ReplyDelete
  37. blank

    ഞാന്‍ ഇവിടെ വീണ്ടും വന്നുപെട്ടു . എല്ലാവരുടെയും ഗള്‍ഫ് ജീവിതം ഏറെക്കുറെ ഇങ്ങിനെ തന്നെ.

    മുഹമ്മദ്‌ ഇക്കയുടെ തനതായ എനിക്കിഷ്ടപ്പെട്ടു . വരാം വീന്റും ഈവഴിക്ക്.

    please snd the links of your new post to my gmail ID

    regards
    jp

    ReplyDelete
  38. blank
  39. blank

    ഈ വഴി ഞാന്‍ ആദ്യമാണ് ,വളരെ വ്യത്യസ്തമായ വായനാനുഭവമാണ് ,
    വീണ്ടും " തന്നാബിന്‍റെ " വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു .ആശംസകള്‍ !

    ReplyDelete
  40. blank

    ഇതൊരു മറക്കാത്ത വായനയുടെ വഴി .

    ReplyDelete