Post Page Advertisement [Top]

...

പൂക്കൈതയുടെ മണം

pookaithanmanam


        തച്ചുകുന്നിറങ്ങി വരുന്ന കാറ്റില്‍ പൂക്കൈതയുടെ  മണമുണ്ടായിരുന്നെങ്കിലെന്ന് ഇപ്പോഴും വെറുതെ കൊതിച്ചുപോവുകയാണ്. പണ്ട് കൃഷ്ണേട്ടന്‍ പണികഴിഞ്ഞു വരുമ്പോഴൊക്കെ അങ്ങിനെയൊരു മണം മുന്നിലും പിന്നിലും ഉണ്ടാകുമായിരുന്നു. പത്തുമുപ്പതു കൊല്ലത്തിന് മുമ്പ് ഈ പാടവരമ്പത്തേക്കു നോക്കിയുള്ള ആ കാത്തിരിപ്പില്‍ പോക്കുവെയിലിന്റെ ചുവന്ന കാവടികള്‍ ചുറ്റും ആടിത്തിമര്‍ക്കുകയും ഒപ്പം ചേക്കേറാന്‍ പോകുന്ന കിളികള്‍ വരുന്നേ..വരുന്നേയെന്നു വിളിച്ചുകൂവിപ്പറയുകയും ചെയ്യുമായിരുന്നു.

കൃഷ്ണേട്ടന്‍  മുന്നിലെത്തുമ്പോഴേക്കും ഇരുട്ട് പിന്നില്‍ വന്നുനിന്നു കണ്ണുപൊത്തുമായിരുന്നു എന്നതു വേറെ കഥ. 

കാക്കാത്തോട്ടിൽ നിന്നും കുളിയെല്ലാം കഴിഞ്ഞാൽ നെരെ അങ്ങാടിയിലേക്കാണ് ആൾ വെച്ചടിക്കുക. രണ്ടെണ്ണം അകത്താക്കി പച്ചമീനും പലചരക്കും വാങ്ങി വരുന്ന അച്ഛനെ കാത്ത്  കുട്ടികൾ മണ്ണെണ്ണ വിളക്കിനു മുന്നിലിരിക്കും. അവരുടെയുള്ളിലുമുണ്ടാകും ഒരുനാള്‍ മുഴുവന്‍ നുണയാനുള്ള  മധുരം .   മടിയില്‍ മിഠായിപ്പൊതി വച്ചു അച്ഛനവരെ പറ്റിക്കുന്നു. മക്കള്‍ അതു കണ്ടുപിടിച്ചു അച്ഛനെ തോല്‍പ്പിക്കുന്നു. 

അച്ഛനും മക്കളും കൂടിയാല്‍ പാട്ടും , കഥകളും . ഉന്തിയും തള്ളിയും നുള്ളിമാന്തിയും അത്താഴം വരെ നീളുന്ന കളികള്‍ .

ന്‍റെ വിരുട്ടാണത്തമ്മേ..

ഓര്‍മ്മകള്‍  തങ്കമ്മയെ ശ്വാസം മുട്ടിച്ചു. 

ഇപ്പോള്‍ തച്ചുകുന്നിറങ്ങി വരുന്ന കാറ്റിന് പൂക്കൈതയുടെ മണമുണ്ടാവാറില്ല. കാറ്റുപോലെ ഒന്നരിച്ചു വന്നു തങ്കമ്മയുടെ കവിളിലെ നനഞ്ഞ ചാലുകള്‍ പൊത്തുന്നു. അവിടെ ഉപ്പുപാടമുണ്ടാക്കി ഉണക്കുന്നു. തങ്കമ്മയതിനെ കാറ്റെന്നു വിളിച്ചില്ല. എന്തോ, അതിനോടൊപ്പമുള്ള റബ്ബര്‍പാലിന്‍റെ മണം ഇപ്പോഴും അത്രയ്ക്ക് പിടിക്കുന്നില്ല. വെറുതെ വെറുപ്പിക്കാനും ഭയപ്പെടുത്താനുമായി കാറ്റിന്റെയോരോ കാട്ടിക്കൂട്ടല് .

തച്ചുകുന്നിന്‍റെ കിഴക്കും വടക്കുമൊക്കെ തെക്കുനിന്നും വന്ന മാപ്ലമാര് റബ്ബര്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. അതിനു പിന്നാലെ കാറ്റിനിങ്ങനെ ചില വേണ്ടാതീനങ്ങളൊക്കെ തോന്നിത്തുടങ്ങി. ഇടയ്ക്കിടയ്ക്ക് ചുവന്ന പാറ്റകളെ,പ്രാണികളെ അല്ലെങ്കില്‍  ചിലപ്പോള്‍ കരിവണ്ടുകളെ  വേണ്ടാത്ത നേരം നോക്കി ചൂടിനെ...തണുപ്പിനെ.. എന്തൊക്കെയാണ് അത് കൊണ്ടുവരുന്നതെന്ന് ഊഹിക്കാനാവില്ല.അതുകൊണ്ടു തന്നെ  പലപ്പോഴും തങ്കമ്മയതിനെ ശപിച്ചു.

രണ്ടു പുവ്വലിലും കതിരാടി നിന്നു കുണുങ്ങാറുണ്ടായിരുന്നു,  പണ്ട് ഉപ്പിണിപ്പാടം. ഇപ്പോള്‍ പൂട്ടലും നടലുമില്ലാതെ വെറും പൂരപ്പുറമ്പ് പോലെ കിടക്കുന്നു.അതു തങ്കമ്മയെ എന്നും സങ്കടപ്പെടുത്തി. കതിരണിഞ്ഞ പാടത്തെ കൈത പൂത്ത കാറ്റിനു വേണ്ടി എപ്പോഴും കൊതിച്ചു.

ആയിഞ്ഞിക്കാട്ടേയും തെക്കേതിലേയും തമ്പ്രാട്ടിമാര്‍ ആദ്യമൊക്കെ പറഞ്ഞു: പാടം പണിയാന്‍ പണിക്കാരെ കിട്ടാത്തത് കൊണ്ടാണ് ഇങ്ങിനെ കിടക്കുന്നതെന്ന്. നിങ്ങടെ മക്കള്‍ക്കൊക്കെ പഠിപ്പായില്ലെ.. പാടത്തെക്കെറങ്ങാന്‍ മടിയായിപ്പോയില്ലേ എന്നൊക്കെ വാക്കിലെല്ലാം മുനവച്ചു. ഇപ്പോള്‍  പറയുന്നുണ്ട്: ഇനി ഭരണമൊക്കെ ഒന്ന് മാറിക്കോട്ടെ, പാടമൊക്കെ പറയുന്ന വിലതന്ന് വാങ്ങുവാന്‍ ആളുകള്‍ ഓടി വരും.
    
മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ തങ്കമ്മയുടെ കവിള്‍ച്ചാലുകള്‍ കര്‍ക്കടകത്തിലെ കാക്കാത്തോടായി മാറുന്നു.

എല്ലാം തന്ന ഭഗവതി ഒടുവില്‍ എല്ലാവരേയും വിളിച്ചു കൊണ്ടുപോയി.

കൃഷ്ണേട്ടനെയാണ് ആദ്യം കൊണ്ടു പോയത്. റബ്ബര്‍ത്തോട്ടത്തിലെ വേലിപ്പണിക്കിടയില്‍ പാമ്പ് കൊത്തിയെടുത്ത ആദ്യ ജീവന്‍. നേരത്തോടു നേരം   ചോരയൊലിപ്പിച്ചു പിടഞ്ഞു. ആഴ്ച്ചകളോളം  താനും മക്കളും കരഞ്ഞു. ഭഗവതിയുടെ കോപമാണെന്ന്  ആയിഞ്ഞിക്കാട്ടെ തമ്പ്രാട്ടി. 

തച്ചുകുന്നത്തുള്ള പാമ്പുകളെ ഇളക്കിവിട്ട് അങ്ങിനെയെന്തെങ്കിലും പണിയൊപ്പിക്കാന്‍ ഭഗവതിക്കൊരിക്കലും തോന്നില്ല. അല്ലലുള്ള കാലം അതിനു മുമ്പെത്രയോ വന്നുപോയി. അന്നൊക്കെ  കുന്നിന്‍ചരുവില്‍ പോയി വെറുതെ പുല്ല് പറിച്ചു കൊണ്ടിരുന്നാല്‍ മതിയായിരുന്നു. തിരിച്ചു പോരാന്‍ നേരത്ത് കുതിരപ്പവനൊ, സ്വര്‍ണമാലയുടെ ഒരു കഷ്ണമൊ ഒക്കെ ദേവി കണ്മുന്നിലിട്ടു    തന്നിരുന്നു.

അതാണ് ഭഗവതിയുടെ ഒരു രീതി.

കളിയാക്കിയോരെയൊക്കെ കുരിപ്പ് മുളപ്പിച്ചു വായടപ്പിച്ചതാണ്‌ ഭഗവതിയുടെ കഥ. നാടായ നാട്ടിലൊക്കെ അത് പാട്ടാണ്.

കൃഷ്ണേട്ടന്‍ പോയതിനു ശേഷം മക്കളെ രണ്ടിനെയും വളര്‍ത്തി വലുതാക്കാന്‍ ഇത്തിരി കണ്ണീരോന്നുമല്ല കുടിച്ചത്. തട്ടിമുട്ടിക്കഴിയുന്ന കാലത്ത് ദേവി പറഞ്ഞുവിട്ടപോലെയാണ് മകള്‍ക്ക് പട്ടാമ്പീന്നുള്ള ആലോചന വന്നത്. കണ്ടവരടെ മുന്നിലൊന്നും കൈ നീട്ടാതെ കാര്യം നടന്നു.

തച്ചുകുന്നത്ത് നിന്നും തങ്കമ്മക്കൊരു കുടം പൊന്ന് കിട്ടിയെന്ന് നാടുമുഴുവന്‍ കളിയാക്കി.

പക്ഷെ, കടിഞ്ഞൂല്‍ പേറില്‍ത്തന്നെ  കാര്‍ത്യായനി രക്തം വാര്‍ന്ന് മരിച്ചപ്പോള്‍ അത്   ഭഗവതി കൊടുത്ത ശിക്ഷയാണെന്ന് പറഞ്ഞ ആരെയും തങ്കമ്മ തിരിച്ചറിഞ്ഞില്ല. കണ്ണുപൊട്ടി, കാതടഞ്ഞു കഴിഞ്ഞു പോയ കാലം.

ഭാഗവതിയാവട്ടെ വീണ്ടും വീണ്ടും  പരീക്ഷിച്ചു കൊണ്ടിരുന്നു.

അകവും പുറവും  കരിഞ്ഞുപോയ അടുത്ത ദുരന്തം.

വേലായുധന്‍ തോട്ടംകിളക്കാനും വേലി കെട്ടാനും ഒക്കെ പോയിത്തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിരുന്നില്ല. അച്ഛനെപ്പോലെയൊന്നുമല്ല. അന്തിക്കുളി കഴിഞ്ഞാല്‍ നേരെ അങ്ങാടിയിലേക്ക്.. പിന്നെ പാതിരക്ക് കുടിലിലേക്ക്. അതാണ്‌ അവന്‍റെ സമ്പ്രദായം.

ഒരു പാതിരക്ക് ആ പതിവും തെറ്റി. പിറ്റേന്ന് വെയില്‍ പുലര്‍ന്നപ്പോള്‍ വന്നെത്തിയത്..

ഇപ്പോഴും അതൊന്നും ഓര്‍ക്കാന്‍ വയ്യ..

ഓടിക്കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തോടായ തോടും കുളമായ കുളവും കലക്കി നടന്നിരുന്ന ചെക്കനാണ് ഒരു ദിവസം ഭൂതത്താന്‍കുളത്തില്‍ താണുപോയത്. ഒടുവില്‍  മീന്‍ കൊത്തിയ നിലയില്‍  പൊന്തിയത് . എങ്ങിനെ സഹിക്കും. എങ്ങിനെ സമാധാനിക്കും?

പണ്ട് പണ്ട് പൂട്ടുപോത്തിന്റെ വാലില്‍ തൂങ്ങി ഭൂതത്താന്‍ കുളത്തിനടിയിലെ ഭൂതത്താന്‍ കോട്ടയിലേക്ക് നിധിയെടുക്കാന്‍ പോയ അയമുട്ടിയുടെ കഥ വേലായുധന്‍ നാഴികക്ക് നാല്‍പ്പതു വട്ടം പറയുമായിരുന്നെന്നു പറഞ്ഞ് അവന്‍റെ ചങ്ങാതിമാരും കരഞ്ഞു.

ഭഗവതീ.. ന്‍റെ ഭഗവതീയെന്നു വിളിച്ചലറി തൊണ്ടപൊട്ടി. ഒടുവില്‍ തോന്നി; എല്ലാവരേയും കൊണ്ടുപോയെങ്കില്‍ ആ ദേവിതന്നെ അവരെയൊക്കെ   തിരിച്ചും തരും. ഉപ്പിണിപ്പാടമിറങ്ങി ഒരുപ്പോക്കു പോയ   കൃഷ്ണേട്ടനെയും മക്കളെയും  കാത്തിട്ടായിരിക്കണം ഈ പാടവും വരമ്പും ഒക്കെ പാതിരാക്കാറ്റുകൊണ്ടു കിടക്കുന്നത്.

പിന്നെപ്പിന്നെ ഇതൊക്കെത്തന്നെയാണ്  ജീവിതമെന്ന്  ഭഗവതി കാതിലോതിക്കേള്‍പ്പിക്കാന്‍ തുടങ്ങി. മഞ്ഞിലും മഴയിലും ഉള്ളില്‍ വന്നുകയറി വിറപ്പിച്ചു. സ്വപ്നങ്ങളില്‍ വന്ന് ഏതു കൂരിരുട്ടിലും പകലിന്‍റെ ചില അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചു.

കോരിച്ചൊരിയുന്ന മഴയില്‍ കാറ്റായി ചേമ്പിലക്കുടകള്‍ കൊണ്ടുവരുന്നു. കൂരിരുട്ടില്‍ മിന്നല്‍ച്ചൂട്ടുണ്ടാക്കി മുന്നില്‍നിന്നു വഴികാണിക്കുന്നു. വാ..വാ..എന്ന് വണ്ണാത്തിക്കിളികളെ വിട്ടു വിളിപ്പിക്കുന്നു. 

പാടവും വരമ്പും പായും തലയണയും പോലെ തോന്നിപ്പിച്ച പകല്‍ സ്വപ്നങ്ങളിലെപ്പോഴും ഭഗവതിയുടെ പൊരുള്‍ നിറയുന്ന കാഴ്ച്ചകള്‍ .

പക്ഷെ നാട്ടുകാര്‍ക്കതൊന്നും പിടികിട്ടിയില്ല. വട്ടത്തി തങ്കമ്മയെന്നു വിളിച്ചു. പനി പിടിക്കും, പാമ്പുകടിക്കും, കുറുക്കന്‍  പിടിക്കുമെന്നൊക്കെ പരിഹസിച്ചു. സ്നേഹിച്ചും നോവിച്ചും വഴികളെല്ലാം മുടക്കി.

എന്നാല്‍ അക്കൂട്ടത്തില്‍  നിന്നും എത്ര പേരെയാണ് ഇക്കാലംകൊണ്ട് ഭഗവതി തിരിച്ചു കൊണ്ടു പോയതെന്നതിന് തനിക്കൊരു കണക്കൊക്കെയുണ്ട്. ഒരു വലിപ്പച്ചെറുപ്പവും അവിടെ കാണിച്ചിട്ടില്ലെന്ന  അറിവൊക്കെയുണ്ട്.

തങ്കമ്മക്ക് വട്ടൊന്നും ഇല്ലെന്ന്‌ മനസ്സിലാക്കിയപ്പോഴായിരിക്കണം നാട്ടുകാര്‍ ആടിനേയും പശുവിനേയും ഒക്കെ വാങ്ങിത്തന്നത്. അവ പെറ്റുകൂട്ടാന്‍ തുടങ്ങിയപ്പോഴായിരിക്കണം തങ്കമ്മക്കതൊരു പെരുമയായത്. അങ്ങിനെ പെറ്റും വിറ്റും ഇപ്പോള്‍  പുരനിറച്ചും ആടുകള്‍ .

തങ്കമ്മക്ക് ഇരിക്കാനും കിടക്കാനും സമയം കൊടുക്കാത്ത ഭഗവതിയുടെ ഓരോ കളികള്‍ .

ആടും പശുവും മേയുന്നുണ്ട്, അവറ്റക്കൊപ്പം കൊറ്റികളും കിളികളും പറന്നു കളിക്കുന്നുണ്ട്, എന്നും ഉപ്പിണിപ്പാടത്തെ ഈ കാത്തിരുപ്പില്‍ .

തച്ചുകുന്നിറങ്ങി വരുന്ന കാറ്റില്‍ പൂക്കൈതയുടെ ഒരു മണമുണ്ടായിരുന്നെങ്കിലെന്ന് അപ്പോള്‍ ആശിച്ചു പോകുന്നു. കാഴ്ച്ചകള്‍ തച്ചുകുന്നിനപ്പുറം ആകാശത്തിന്‍റെ അതിരുകള്‍ അളന്നു പോകുന്നതിനിടയില്‍ സമനില തെറ്റിയ കാര്‍മേഘങ്ങള്‍  മനസ്സില്‍ വന്നു പെയ്യുന്നു.

ചിറവക്കില്‍ പൂക്കൈതയില്ലെങ്കിലും കൃഷ്ണേട്ടനൊ  മക്കളോ വരികയാണെങ്കില്‍ മുന്നിലും പിന്നിലും അങ്ങിനെയൊരു മണമുണ്ടാകും. അതാണു ഭാഗവതിയെ നിറച്ച  മനസ്സിനുള്ളിലെ അവസാനത്തെ ഉറപ്പ്.

പകല്‍ക്കിനാവില്‍  അങ്ങിനെയുള്ള ചില അടയാളങ്ങളില്‍ അവതരിച്ചുകൊണ്ടിരിക്കാറുണ്ട് ഉള്ളിന്‍റെ ഉള്ളിലൊരമ്മ. ചിലപ്പോള്‍ അത് ആസ്വദിച്ചുകൊണ്ടുള്ള കുത്തിയിരുപ്പില്‍ ഒരു ദിവസം തന്നെ ഉദിച്ചസ്തമിക്കുകയും ചെയ്യുന്നുണ്ട്.




                         
c
  1. blank

    അതങ്ങിനെയാണ്.ചിലരുടെ സങ്കടങ്ങളൊന്നും ഒരിക്കലും ഒരു ഭഗവതിയും ശ്രദ്ധിക്കില്ലമവരങ്ങിനെ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. മനോഹരമായെഴുതി കേട്ടോ.പക്ഷേ ഒടുവിലൊരപൂര്‍ണ്ണത പോലെ എനിക്കു തോന്നി.

    ReplyDelete
  2. blank

    കൊള്ളാം.
    ഗൃഹാതുരമായ എഴുത്ത്.

    ReplyDelete
  3. blank

    കഥ നന്നായിരിക്കുന്നു

    ReplyDelete
  4. blank
  5. blank

    കഥ വായിച്ചെടുക്കാൻ അൽ‌പ്പം പ്രയാസം നേരിടുന്നുണ്ട്. തങ്കമ്മയുടെ കഥ, ഭർത്താവിനേയും മക്കളേയും ദേവി തിരിച്ചു വിളിച്ചിട്ടും നെൽ വയലുകൾ ഇല്ലെന്നായിട്ടും പൂക്കൈതയുടെമണം ഇല്ലാത്ത കാറ്റ് കവീളിൽ ഉപ്പുപാടം ഉണ്ടാക്കിയിട്ടും ഇതൊക്കെത്തന്നെയാണ് ജീവിതമെന്ന് കരുതി കരുത്തോടെ ആടുമാടുകളുമായി ജീവിക്കുന്ന കഥ , ജീവിതത്തിന്റെ വിജയഗാഥയായി മാറുന്നു.

    ReplyDelete
  6. blank

    ഓർമ്മകളിൽ ജീവിക്കുന്ന തങ്കമ്മ. അവൾക്കു മുന്നിൽ ജീവിതം ബാക്കി.

    ReplyDelete
  7. blank

    പ്രതീക്ഷകളാണല്ലൊ ജീവിതത്തെ നയിക്കുന്നത്...

    നല്ല എഴുത്ത്.

    ReplyDelete
  8. blank

    മനോഹരമായി പറഞ്ഞു. പ്രതീക്ഷകള്‍ ഇല്ലാത്തിടത്ത് ജീവിതം പാഴാവുന്നു. തങ്കമ്മ മറക്കാത്ത ഓര്‍മ്മയായി.

    ReplyDelete
  9. blank

    മനോഹരമായി പറഞ്ഞു. നല്ല എഴുത്ത്.

    ReplyDelete
  10. blank

    ഹായ് ..നല്ല കഥ,മനസ്സില്‍ അറിയാതെയൊരു തേങ്ങല്‍ .വേദനിക്കുന്നവരെപ്പറ്റിയോര്‍ക്കാന്‍ തോന്നിയല്ലോ..
    മറ്റു പോസ്റ്റുകള്ളും വായിക്കുന്നുണ്ട്.എന്റെ ബ്ലോഗില്‍ വരാന്‍ തോന്നിയതിന് നന്ദി.അല്ലെങ്കില്‍ താങ്ങളുടെ രചനകള്‍ ഒരുപക്ഷെ എന്നില്‍ നിന്നും അകന്നു നിന്നേനെ..

    ReplyDelete
  11. blank

    പൂക്കൈതയുടെ മണം മനസ്സില്‍ തങ്ങി വിട്ടുപോകാതെ. കൈതപ്പൂ മണം പരത്തുന്ന നല്ല എഴുത്ത്‌. പ്രതീക്ഷകള്‍ കൈവിടാതെ തങ്കമ്മ കൂടെ കൂടി.

    ReplyDelete
  12. blank

    ഗ്രാമീണതയുടെ മണം...നല്ല ശൈലി.ആശംസകള്‍.

    ReplyDelete
  13. blank

    നല്ല കഥ വളരെ മനൊഹരമായ് എഴുതി. എല്ലാ ആശംസകളും

    ReplyDelete
  14. blank

    കഥ പറയാനുള്ള
    കഴിവുണ്ട്
    നല്ല ഒരു കഥ വായിക്കാന്‍ സാധിച്ചതിലുള്ള
    അഭിനന്ദനങ്ങള്‍ അരീക്കുന്നു

    ReplyDelete
  15. blank

    Very Realistic story in life

    ReplyDelete
  16. blank

    അവതരണത്തിലും,ചിന്തയിലും,ശൈലിയിലും ഒക്കെ മുന്നിട്ട് നിൽക്കുന്നൂ..... നല്ല കഥക്ക് എന്റെ എല്ലാ ഭാവുകങ്ങളും.

    ReplyDelete
  17. blank

    ''ഈ എഴുത്തി''ലെ 'കാത്തിരിപ്പെന്ന കവിത വായിച്ചു .വളരെ ഇഷ്ടപ്പെട്ടു....അഭിനന്ദനങ്ങള്‍!

    ReplyDelete
  18. blank

    ഇങ്ങനെ ശക്തമായ നിരാകരണം കൊണ്ട് പരീക്ഷിക്കപ്പെടുന്ന എത്രയേറെ ജന്മങ്ങള്‍... ഒരു പക്ഷെ, അതും{പരീക്ഷിക്കപ്പെടുന്നതും} കാരുണ്യമെന്നു ആശ്വസിക്കുന്ന വിശ്വാസി സമൂഹവും അനവധി.

    കഥക്കാശംസ.

    ReplyDelete
  19. blank
  20. blank

    എത്ര ലളിതമായ ആഖ്യാനം.
    ഇഷ്ടപ്പെട്ടു.
    നന്മകള്‍.

    ReplyDelete
  21. blank

    നല്ല കഥ
    വ്യത്യസ്തമായ അവതരണംകൊണ്ട് മികവുറ്റതായി.
    ആശംസകള്‍..!!

    ReplyDelete
  22. blank

    വായിച്ചു കഴിഞ്ഞിട്ടും പൂക്കൈതയുടെ മണം വിട്ടു പോകുന്നില്ല! വിട്ടു പോകാതിരുന്നെങ്കിൽ...
    പരിസരം മറന്നു മനസ്സ് ഇവിടെയൊക്കെ ചുറ്റിക്കറങ്ങി!

    ReplyDelete